കണ്ണൂരിൽ കെ എസ് യു കളക്ടറേറ്റ് മാർച്ചിൽ സംഘർഷം; പോലിസ് ജലപീരങ്കി പ്രയോഗിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ കെ. എസ്.യു നടത്തിയ കലക്ടറേറ്റ് മാര്‍ച്ചില്‍ പൊലിസുമായി സംഘര്‍ഷം. ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഡി സി സി ഓഫീസില്‍ നിന്നും പ്രകടനമായെത്തിയെ കെ.എസ്.യു പ്രവര്‍ത്തകരെ കലക്ടറേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു.
ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് മുദ്രാവാക്യം വിളിച്ച് മുന്നോട്ട് പോയ പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.ഏറെ നേരത്തെ ബലപ്രയോഗത്തിനും വാക്കേറ്റത്തിനുമൊടുവില്‍ ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ ഉള്‍പ്പടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് യൂണിവേഴ്‌സിറ്റികളില്‍ സിലബസ് പോലും ഇപ്പോള്‍ ഗഡുക്കളാക്കി നല്‍കുകയാണെന്നും മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടി വാങ്ങുന്നതിനോടുള്ള ഐക്യദാര്‍ഢ്യമാണ് വിദ്യാഭ്യാസ സിലബസും ഗഡുക്കളാക്കി മാറ്റിയതിലൂടെ വകുപ്പ് മന്ത്രി കാണിക്കുന്നതെന്നും
കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡണ്ട് പി മുഹമ്മദ് ഷമ്മാസ് ആരോപിച്ചു. അധിക ബാച്ചുകള്‍ അനുവദിച്ച് മലബാറിലെ പ്ലസ് വണ്‍ സീറ്റ് വിഷയം അടിയന്തരമായി പരിഹരിക്കുക,കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എഫ്.വൈ.യു.ജി.പി - മുഴുവന്‍ സെമസ്റ്റര്‍ സിലബസും അടിയന്തരമായി പ്രസിദ്ധീകരിക്കുക, ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടി പിന്‍വലിക്കുക,
സ്‌കോളര്‍ഷിപ്പുകള്‍ ,ഇ- ഗ്രാന്‍ഡ്സ് എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ ലഭ്യമാക്കുക, വിദ്യാഭ്യാസ മേഖലയോടുള്ള സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.യു കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ മേഖല കുത്തഴിഞ്ഞ നിലയില്‍ അവതാളത്തിലായെന്നും ഭരണകൂടത്തിന്റെ അനാസ്ഥയുടെ ഫലമാണ് ഇന്ന് കാണുന്ന പ്രതിസന്ധിയെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.സിലബസുകള്‍ കൃത്യമായി നല്‍കാത്ത സര്‍ക്കാര്‍ നടപടിയും യൂണിവേഴ്‌സിറ്റി നടപടികളും വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണ്.
വിദ്യാര്‍ഥികള്‍ക്ക് ജീവിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള വഴികള്‍ തിരഞ്ഞെടുക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസം പോലും സര്‍ക്കാര്‍ നടപടികളിലൂടെ തകരുന്ന അവസ്ഥയാണെന്നും,വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടുകള്‍ തുടരാനാണ് ഭാവമെങ്കില്‍ മന്ത്രിമാരെ തെരുവില്‍ കൈകാര്യം ചെയ്യാന്‍ വേണ്ടിവന്നാല്‍ ഞങ്ങളും മുഖ്യമന്ത്രിയുടെ ജീവന്‍ രക്ഷാമാര്‍ഗങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും എല്ലാം പുറത്തെടുക്കാന്‍ മടിക്കില്ലെന്നും പി.മുഹമ്മദ് ഷമ്മാസ് കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡന്റ് എം.സി അതുല്‍ അധ്യക്ഷത വഹിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി,സംസ്ഥാന നിര്‍വാഹക സമിതി അംഗം ആകാശ് ഭാസ്‌കരന്‍,ജില്ലാ വൈസ് പ്രസിഡന്റുമാരായ ആഷിത്ത് അശോകന്‍,ഹരികൃഷ്ണന്‍ പാളാട്,അമല്‍ തോമസ്,മുഹമ്മദ് റാഹിബ്,രാഗേഷ് ബാലന്‍,അര്‍ജുന്‍ കോറോം,ഹര്‍ഷരാജ് സി.കെ,അനഘ രവീന്ദ്രന്‍,റയീസ് തില്ലങ്കേരി,മുബാസ് സി.എച്ച്,അക്ഷയ് മാട്ടൂല്‍,സുഫൈല്‍ സുബൈര്‍,അജ്‌സാം മയ്യില്‍,തീര്‍ത്ഥ നാരായണന്‍,സൂരജ് പരിയാരം,ചാള്‍സ് സണ്ണി,അക്ഷര കെ.കെ,അര്‍ജുന്‍ ചാലാട്,നവനീത് ഷാജി,വൈഷ്ണവ് കായലോട്,സൂര്യ തേജ് എ എം,അല്‍ത്താഫ് എം,ശ്രീരാഗ് പുഴാതി,മുഹമ്മദ് നിഹാല്‍,യദുനന്ദന്‍ ആര്‍,റിസ്വാന്‍ സി.എച്ച്,ഹരീഷ്മ കെ, അഭിജിത്ത് കാപ്പാട്, പ്രകീര്‍ത്ത് മുണ്ടേരി എന്നിവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications