കണ്ണൂര്‍ ഡിസിസി ഓഫീസ് മന്ദിരം നിര്‍മാണം അന്തിമഘട്ടത്തില്‍: ഈ മാസം രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും
കണ്ണൂര്‍: ഒടുവില്‍ കണ്ണൂരിലെ കോണ്‍ഗ്രസ് ആസ്ഥാന മന്ദിരത്തിന് ശാപമോക്ഷം. പാര്‍ട്ടിക്കുള്ളിലും പുറത്തും ഏറെ രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച കണ്ണൂര്‍ ഡിസിസി ഓഫിസ് ഉദ്ഘാടനം ഈമാസം അവസാനം രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. ഇതു സംബന്ധിച്ചുള്ള തീയ്യതി ഉടന്‍ പുറത്തുവിടുമെന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനി അറിയിച്ചു. ഈ മാസം അവസാനം രാഹുല്‍ഗാന്ധി വയനാട്ടിലേക്ക് വരുന്നുണ്ട്. ഇതിനിടെയില്‍ ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തുമെന്നും പാച്ചേനി അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവുവരുന്നില്ലെങ്കില്‍ ഓണ്‍ ലൈനായി ഉദ്ഘാടന ചടങ്ങുകള്‍ നടത്തുന്നതിനും ആലോചിക്കുന്നുണ്ട്.
6,500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മിക്കുന്ന ഓഫിസ് സമുച്ചയത്തിന്റെ മൂന്നുനിലകളില്‍ രണ്ടുനിലകളുടെ രണ്ടുനിലകളുടെ നിര്‍മാണ പ്രവൃത്തിയാണ് ഇപ്പോള്‍ പൂര്‍ണമായും പൂര്‍ത്തീകരിച്ചിട്ടുള്ളത്. വിശാലമായ പാര്‍ക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ അത്യാധൂനിക സജ്ജീകരണത്തോടു കൂടിയുള്ള കോണ്‍ഫറന്‍സ് ഹാളും അഖിലേന്ത്യാ നേതാക്കള്‍ വരെ വന്നാല്‍ വാര്‍ത്താ സമ്മേളനം നടത്താന്‍ അത്യാധുനിക പ്രസ് കോണ്‍ഫറന്‍സ് ഹാളുമടക്കമുള്ള ആധുനിക സംവിധാനവും ഒരുക്കിയിട്ടുണ്ട്. എല്ലാപോഷക സംഘടനകളുടെയും ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ സൗകര്യപ്രദമായ റൂമുകളും നവമാധ്യമ ഇടപെടലുകള്‍ക്കും മറ്റു ഐടി സംബന്ധമായ ആവശ്യങ്ങള്‍ക്ക് ഉപകരിക്കുന്ന പ്രത്യേക സൗകര്യങ്ങളോടു കൂടിയ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ക്യാംപ് സൗകര്യമൊരുക്കന്നതിനു വേണ്ടി പ്രത്യേകം സജ്ജീകരിച്ച ഓഫിസ് റൂം ഉള്‍പ്പെടെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്റെ ഓഫിസ് റൂമുകളും താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കും. റിസ്പഷ്ന്‍ കൗണ്ടറും അടുക്കളയും ഗ്രൗണ്ട് ഫ്‌ളോറിലുണ്ട്. ഒന്നാം നിലയില്‍ ആയിരം പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിശാലമായ ഓഡിറ്റോറിയവും അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റ് ചുറ്റളവില്‍ ആധുനിക ലൈബ്രറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അതിഥികള്‍ക്ക് താമസിക്കാനുള്ള റൂമുകളും ഡോര്‍ മെറ്ററി സൗകര്യത്തിനുള്ള റൂമുകളും ഒന്നാം നിലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഓഫീസിന്റെ മുന്‍വശത്ത് ഗാന്ധി പ്രതിമ സ്ഥാപിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കാലങ്ങളില്‍ ഓഫിസ് നിര്‍മാണവുമായി ബന്ധപ്പെട്ട മുഴുവന്‍ കടബാധ്യതകളും തീര്‍ത്തതായും രാഹുല്‍ ഗാന്ധിയുടെ തീയ്യതികിട്ടിയാല്‍ ഉടന്‍ ഉദ്ഘാടനം നടത്തുമെന്നും ജില്ലാകോണ്‍ഗ്രസ് അധ്യക്ഷന്‍ സതീശന്‍ പാച്ചേനി അറിയിച്ചു.
നിലവിലുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ നടത്തുന്ന ധനസമാഹരണം ഈമാസം പതിനഞ്ചാം തീയ്യതി തന്നെ പൂര്‍ത്തീകരിക്കുമെന്ന് സതീശന്‍ പാച്ചേനി അറിയിച്ചു. ഡിസിസി- കെപിസിസി ഭാരവാഹികളുടെ പുന:സംഘടന ഉടന്‍ നടക്കുമെന്ന സാഹചര്യത്തില്‍ കണ്ണൂരിലും മാറ്റങ്ങളുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ മണ്ഡലത്തില്‍ നിന്നും കനത്ത തോല്‍വി ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് സതീശന്‍ പാച്ചേനി ഡിസിസി അധ്യക്ഷ സ്ഥാനത്തു നിന്നും രാജി സന്നദ്ധ അറിയിച്ചിരുന്നുവെങ്കിലും ജില്ലാ കോണ്‍ഗ്രസ് ഓഫിസ് നിര്‍മാണം സ്തംഭിക്കുമെന്ന ആശങ്കയുള്ളതിനാല്‍ കെപിസിസി വിലക്കുകയായിരുന്നു.












Click it and Unblock the Notifications