സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കാന്‍ ഒരുങ്ങി കണ്ണൂര്‍ കോര്‍പറേഷന്‍
കണ്ണൂര്‍: സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരത കൈവരിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി മാറുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമായി കോര്‍പ്പറേഷന്‍ തലത്തില്‍ ആദ്യ പ്രഖ്യാപനം നടത്തുന്നതിന് കണ്ണൂര്‍ കോര്‍പ്പറേഷനും ഒരുങ്ങുന്നു. കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങള്‍ക്കും അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ലഭ്യമാക്കി വിവര സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ അവരിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് ശാക്തീകരണം ഉറപ്പാക്കുകയും കോര്‍പ്പറേഷന്‍ നല്‍കുന്ന ദൈനം ദിന സേവനങ്ങള്‍ എളുപ്പത്തില്‍ ഉപയോഗിക്കുന്നതിനും, ഓണ്‍ലൈന്‍ സംവിധാനം പരിചയപ്പെടുത്തതിനുമാണ് പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.
ഇതിന്റെ പ്രാരംഭ നടപടിയെന്നോണം കോര്‍പ്പറേഷന്‍ തല മോണിറ്ററിംഗ് സമിതി ചേര്‍ന്നു. ഓഫീസുകളിലേക്കുള്ള അപേക്ഷ സമര്‍പ്പണം, പണമിടപാട്, തുടങ്ങിഎല്ലാം ഡിജിറ്റലൈസ് ചെയ്യപ്പെടുന്ന കാലത്ത് ടെക്‌നോളജി അറിയാത്തവരായി ആരും ഉണ്ടാകാന്‍ പാടില്ലെന്നും എല്ലാവരെയും സാക്ഷരരാക്കാന്‍ കഴിയുമെന്നും, കെ സ്മാര്‍ട്ട് പോലുള്ള സോഫ്റ്റ് വയറിന്റെ പൂര്‍ണമായ ഉപയോഗം ഇതോടെ ആര്‍ജിക്കാന്‍ കഴിയുമെന്നും മേയര്‍ മുസ്ലിഹ് മഠത്തില്‍ പറഞ്ഞു.

യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ.പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, പി.ഷമീമ ടീച്ചര്‍, വി.കെ ശ്രീലത, സിയാദ് തങ്ങള്‍,സുരേഷ്ബാബു എളയാവൂര്‍, ഷാഹിന മൊയ്തിന്‍ എന്നിവരും കോര്‍പ്പറേഷന്‍ സെക്രട്ടറി ടി.അജേഷ്, സാക്ഷരത പ്രേരക് , ആര്‍.ജി. എസ്.എ കോര്‍ഡിനേറ്റര്‍മാര്‍ , സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി. ജ്യോതി ലക്ഷ്മി എന്നിവരും പങ്കെടുത്തു. വീടുകള്‍ തോറും കയറി സര്‍വേ നടത്തേണ്ടതിനാല്‍ വളണ്ടിയര്‍മാരൊയി രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ അയല്‍കൂട്ടങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കുന്നതിനും തീരുമാനിച്ചു.
പദ്ധതിയുടെ നടത്തിപ്പിനും വിജയത്തിനുമായി രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍ ,ആശവര്‍ക്കര്‍, അംഗന്‍വാടി ജീവനക്കാര്‍, യുവജന പ്രസ്ഥാനങ്ങള്‍, ഹയര്‍ സെക്കന്‍ഡറിവിദ്യാര്‍ത്ഥികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വാര്‍ഡ് തലത്തില്‍ വിപുലമായ യോഗം ചേരുന്നതിന് എല്ലാ കൗണ്‍സിലര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഡിജി കേരളം പദ്ധതിയില്‍ വളണ്ടിയറാക്കാന്‍ താല്‍പര്യമുള്ളവന്‍ ഉടന്‍ ഗ്രൂപ്പില്‍ അംഗമാവണമെന്നും മേയര്‍ അറിയിച്ചു. നിലവില്‍ കെ സ്മാര്‍ട്ട് പദ്ധതിയിലൂടെയാണ് കണ്ണൂര്‍ കോര്‍പറേഷനില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി വരുന്നത്.












Click it and Unblock the Notifications