കണ്ണുർ നഗരത്തിലെ അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി: നിലപാട് കടുപ്പിച്ച് കോർപ്പറേഷനും പോലീസും
കണ്ണൂര്‍: കണ്ണൂർ നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ കണ്ണുർ കോർപറേഷനും പൊലിസും സംയുക്തമായി നടപടികൾ ശക്തമാക്കും.
നഗരത്തിലെ രൂക്ഷമായ പാര്‍ക്കിങ്ങ് പ്രശ്‌നം പരിഹരിക്കുന്നതിന് കോര്‍പ്പറേഷന്‍ നിശ്ചയിച്ച് നല്‍കിയ പേ പാര്‍ക്കിങ് ഏരിയകളില്‍ പേ പാര്‍ക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതിന് കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനിച്ചു. മറ്റിടങ്ങളില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കുന്നതിന് കോര്‍പ്പറേഷന്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം തീരുമാനിച്ചു.
ആദ്യഘട്ടമായി സ്റ്റിക്കര്‍ പതിച്ച് ഫൈന്‍ ഈടാക്കും. രണ്ടാംഘട്ടത്തില്‍ ക്രെയിന്‍ റിക്കവറി വെഹിക്കിള്‍ ഉപയോഗിച്ച് നീക്കം ചെയ്തു വാഹനം പിടിച്ചെടുക്കുന്നതിനും തീരുമാനിച്ചു. എ.കെ.ജി ഹോസ്പിറ്റലിനു പിറകുവശത്തുള്ള തളാപ്പ് സ്പിന്നിങ് മില്‍ റോഡിലേക്കുള്ള അനധികൃത പാര്‍ക്കിങ്ങ് ഒഴിവാക്കുന്നതിന് പോലിസ് പരിശോധന ശക്തമാക്കും. നിലവില്‍ വണ്‍വേ ആക്കിയിട്ടുള്ള പാമ്പന്‍ മാധവന്‍ എ.കെ.ജി റോഡ് ലൈറ്റ് വെഹിക്കിള്‍ വാഹനങ്ങള്‍ക്ക് എതിര്‍വശത്തു നിന്ന് പ്രവേശനം അനുവദിക്കും. ധനലക്ഷ്മി ഹോസ്പിറ്റലിന് സമീപത്തെ ജങ്ങ്ഷനില്‍ മിനി ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഫോര്‍ട്ട് റോഡിലെ എസ്.ബി.ഐക്ക് സമീപത്തു നിന്നും പ്രഭാത് റോഡിലേക്കുള്ള വഴിയില്‍ എതിര്‍വശത്തേക്ക് വാഹനങ്ങള്‍ കയറുന്നത് തടയും. ഇതിനായി ഡിവൈഡറുകള്‍ സ്ഥാപിക്കും.

തഴുക്കില്‍ പീടിക ബസ്റ്റോപ്പ് കെ.എസ്.ഇ.ബി ഓഫിസിന് സമീപത്തേക്ക് മാറ്റും. നഗരത്തിലെ ക്യാമറകള്‍ പരിശോധിച്ച് പ്രവര്‍ത്തനരഹിതമായവ മാറ്റി സ്ഥാപിക്കും. ഓട്ടോ സ്റ്റാന്‍ഡുകളില്‍ പാര്‍ക്കിങ്ങിന് അനുവദിച്ച എണ്ണം പ്രദര്‍ശിപ്പിക്കും. അധിക പാര്‍ക്കിങ്ങ് അനുവദിക്കില്ല. താണ ജംഗ്ഷനില്‍ ബി.പി ഫാറൂക്ക് റോഡിലെ എന്‍.എച്ചിന് സമീപത്തെ ഫ്രീലെഫ്റ്റ് തടസപ്പെടാതിരിക്കാന്‍ നടപടിയെടുക്കും കണ്ണൂർ നഗരത്തിൽ വാഹനാപകടങ്ങൾ പതിവായതോടെയാണ് കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് കണ്ണുർ കോർപറേഷൻ മേയർ ടി.ഒ.മോഹനൻ പറഞ്ഞു.
കൊവിഡ് നിയന്ത്രണങ്ങൾ തുടങ്ങിയതോടെ കണ്ണുർ നഗരത്തിലേക്ക് വരുന്ന ഇരുചക്രവാഹനങ്ങളുടെയും മറ്റു സ്വകാര്യ വാഹനങ്ങളുടെയും എണ്ണം ക്രമാതീതമായി പെരുകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ നഗരത്തിലെ മുക്കിലും മൂലയിലും അനധികൃത പാർക്കിങ് വർധിച്ചുവരികയാണ്. റോഡരികിൽ അലക്ഷ്യമായി വാഹനങ്ങൾ പാർക്കു ചെയ്തിട്ട് മണിക്കുറുകൾ കഴിഞ്ഞാണ് വാഹന ഉടമകൾ ഇതു മാറ്റുന്നത്.ഈ സാഹചര്യത്തിലാണ് നടപടികൾ ശക്തമാക്കാൻ കോർപറേഷൻ തീരുമാനിച്ചതെന്നും മേയർ അറിയിച്ചു.
യോഗത്തില്‍ മേയര്‍ അഡ്വ. ടി.ഒ മോഹനന്‍ അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ കെ.ഷബീന, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്, ഷമീമ ടീച്ചര്‍, അഡ്വ. പി.ഇന്ദിര, കോര്‍പറേഷന്‍ സെക്രട്ടറി ഡി.സാജു, കണ്ണൂര്‍ ടൗണ്‍ പോലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരി, സബ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശ് ടി.വി, ട്രാഫിക് എസ്.ഐ മനോജ് കുമാര്‍ വി.വി, പൊതുമരാമത് അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.കെ പ്രദീപന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.വി അഖില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.












Click it and Unblock the Notifications