ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തിനായി കണ്ണൂര്‍ കോര്‍പ്പറേഷന്‍ ബൊക്കാഷി ബക്കറ്റുകള്‍ വിതരണം ചെയ്തു
കണ്ണൂര്‍: ഗാര്‍ഹിക അജൈവ മാലിന്യ സംസ്‌കരണത്തിനുള്ള പുതിയ സംവിധാനമായ ബൊക്കാഷി ബക്കറ്റുകള്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ വിതരണം ചെയ്തു. കോര്‍പ്പറേഷന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആറു ലക്ഷത്തോളം രൂപ ചെലവഴിച്ച് 30 ലിറ്റര്‍ കപ്പാസിറ്റിയുള്ള 219 ബൊക്കാഷി ബക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ഇതില്‍ ഗുണഭോക്തൃവിഹിതം അടച്ച 180 ബൊക്കാഷി ബക്കറ്റുകളാണ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ മേയര്‍ അഡ്വ.ടിഒ മോഹനന്‍ വിതരണം ചെയ്തത്.
ജൈവമാലിന്യം ബക്കറ്റില്‍ സൂക്ഷിച്ച് അതിലേക്ക് ബാക്ടീരിയ ചേര്‍ത്ത് വളമാക്കുന്ന രീതിയാണ് ബൊക്കാഷി. അടുക്കള മാലിന്യത്തെ ബൊക്കാഷിയിലൂടെ വളമാക്കി മാറ്റുമ്പോള്‍ ഒരു തരത്തിലുള്ള ദുര്‍ഗ്ഗന്ധമോ പുഴുക്കളോ ഉണ്ടാവില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. വീടിനകത്തു തന്നെ സൂക്ഷിക്കാന്‍ സാധിക്കും എന്നതും ഇതിന്റെ പ്രത്യേകതയാണ്. വായു കടക്കാത്ത രീതിയിലാണ് ബൊക്കാഷി ബക്കറ്റിന്റെ രൂപകല്‍പ്പന. ഗ്ലോബല്‍ ഫാര്‍മ്മസ്യൂട്ടിക്കല്‍സാണ് പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത് നടത്തിയത്.

ഗാര്‍ഹിക മാലിന്യ സംസ്‌കരണത്തിനയുള്ള 3500 ഓളം റിങ് കമ്പോസ്റ്റുകള്‍ അടുത്ത് തന്നെ വിതരണം ചെയ്യും. പരിപാടിയില്‍ ഡെപ്യൂട്ടി മേയര്‍ കെഷബീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം പി രാജേഷ്, അഡ്വ.പി ഇന്ദിര, കൗണ്‍സിലര്‍മാരായ കൂക്കിരി രാജേഷ്, പി വി ജയസൂര്യന്‍, ബീബി, കോര്‍പ്പറേഷന്‍ പ്ലാന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി പി കൃഷ്ണന്‍ മാസ്റ്റര്‍, കോര്‍പ്പറേഷന്‍ ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ സി കെ വിനോദ്, ക്ലീന്‍ സിറ്റി മാനേജര്‍ പി പി ബൈജു തുടങ്ങിയവര്‍ സംസാരിച്ചു.












Click it and Unblock the Notifications