കണ്ണൂർ കോർപറേഷൻ മേയർ തിരഞ്ഞെടുപ്പ്; യുഡിഎഫ് സ്ഥാനാർത്ഥിയായി മുസ്‌ലിഹ് മഠത്തിൽ
കണ്ണൂര്‍: മുസ്‌ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ മുസ്‌ലിഹ് മഠത്തിലിനെ മേയര്‍സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി സംസ്ഥാന നേതൃത്വം തിരഞ്ഞെടുത്തു. പാണക്കാട് സാദിഖലി തങ്ങളാണ് ഇതുസംബന്ധിച്ചുളള അറിയിപ്പ് പുറത്തിറക്കിയത്. ഇതോടെ ജനുവരി രണ്ടാംവാരം കലക്ടര്‍ മുഖ്യവരണാധികാരിയായി തിരഞ്ഞെടുപ്പുണ്ടാകുമെന്നാണ് സൂചന. കോര്‍പറേഷനില്‍ യുഡിഎഫിന് ഭൂരിപക്ഷമുളളതിനാല്‍ മുസ്‌ലിഹ് മഠത്തില്‍ വിജയിക്കാന്‍ സാധ്യത കൂടുതലാണ്. അങ്ങനെയെങ്കില്‍ വോട്ടൊടുപ്പ് നടന്നു പിറ്റേ ദിവസം തന്നെ പുതിയ മേയര്‍ സത്യപ്രതിഞ്ജ ചെയ്യും.
കണ്ണൂര്‍ കോര്‍പറേഷന്‍ നിലവില്‍ വന്നതിനു ശേഷം അഞ്ചാമത്തെ മേയറാകും മുസ്‌ലിഹ് മഠത്തില്‍. ആദ്യ മേയര്‍ എല്‍ഡിഎഫിലെ ലതയും രണ്ടാം മേയര്‍ അതേ കാലയളവില്‍ ഭരണം ലഭിച്ച കോണ്‍ഗ്രസ് പ്രതിനിധിയായ സുമാ ബാലകൃഷ്‌ണനും തുടര്‍ന്ന് മുസ്‌ലിം ലീഗിലെ സി.സീനത്തും മേയറായ പ്രവര്‍ത്തിച്ചു. പിന്നീട് വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച യുഡിഎഫ് അധികാരത്തിലെത്തിയതോടെ ആദ്യ മൂന്നുവര്‍ഷം മേയറായി ടി.ഒ മോഹനനും ചുമതലയേറ്റു. നേരത്തെയുണ്ടാക്കിയ മുന്നണി ധാരണ പ്രകാരമാണ് രണ്ടാം ടേം മുസ്‌ലിം ലീഗിന് മേയര്‍പദവി കൈമാറാന്‍ തീരുമാനിച്ചത്.

എന്നാല്‍ ഇതില്‍ തര്‍ക്കങ്ങളുണ്ടാവുകയും രണ്ടരവര്‍ഷമെന്നത് മൂന്നുവര്‍ഷത്തിലേക്ക് എത്തുകയായിരുന്നു. ഇതിനിടെ മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം സമ്മര്‍ദ്ദം ശക്തമാക്കുകയും കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടു വന്നു തങ്ങള്‍വിചാരിച്ചിടത്തു കൊണ്ടുവരികയായിരുന്നു. ഇതോടെയാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ഭരണപദവി മുസ്‌ലിം ലീഗിനായി കോണ്‍ഗ്രസ് കൈമാറാവാന്‍ കാരണമായത്.
മുന്നണി ധാരണപ്രകാരം ഡെപ്യൂട്ടി മേയര്‍ പദവിയും മാറേണ്ടി വരും. മുസ്‌ലിം ലീഗിലെ കെ. ഷബീന ടീച്ചര്‍ മാറി കോണ്‍ഗ്രസിലെ കെ.ഇന്ദിര ഡെപ്യൂട്ടി മേയര്‍പദവിയിലേക്ക് വരാനാണ് സാധ്യത. നിലവില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ മേയറുടെ ചുമതല ഡെപ്യൂട്ടി മേയര്‍ക്കാണ്. മേയര്‍ തെരഞ്ഞെടുപ്പിനു ശേഷമാണ് ഡെപ്യൂട്ടി മേയര്‍ രാജിവയ്ക്കുക. നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളിലും മാറ്റമുണ്ടായേക്കും.












Click it and Unblock the Notifications