കണ്ണൂര്‍ നഗരത്തില്‍ സ്ത്രീകള്‍ക്ക് തലചായ്ക്കാനൊരിടം; ഷീലോഡ്ജുമായി കോര്‍പറേഷന്‍
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തില്‍ രാത്രികാലത്തെത്തുന്ന സ്ത്രീകള്‍ക്ക് അതീവസുരക്ഷിതമായി തലചായ്ക്കാനൊരിടമായി. കണ്ണൂര്‍ നഗരഹൃദയമായ കാല്‍ടെക്‌സ് സന്നിധാന്‍ റോഡില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഷീ ലോഡ്ജിന്റെ ഉദ്ഘാടനം ശനിയാഴ്ച്ച രാവിലെ 10 മണിക്ക് മേയര്‍ അഡ്വ.ടി ഒ മോഹനന്‍ നിര്‍വ്വഹിക്കും. ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍ അധ്യക്ഷത വഹിക്കും.
കണ്ണൂര്‍ കോര്‍പ്പറേഷന്‍ വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 80 ലക്ഷം രൂപ കെട്ടിടത്തിനും ഫര്‍ണിച്ചര്‍, ലിഫ്റ്റ് എന്നിവയ്ക്ക് 29 ലക്ഷവും കൂടി ആകെ 1 കോടിയിലധികം രൂപ ചെലവഴിച്ചാണ് ഷീ ലോഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്. നഗരത്തെ സ്ത്രീ സൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഷീലോഡ്ജ് നിര്‍മ്മിച്ചിരിക്കുന്നത്.

തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇത് ഏറെ ഗുണകരമാകും. നാല് നിലകളുള്ള കെട്ടിടത്തില്‍ മൂന്ന്‌നിലകളില്‍ ഡോര്‍മിറ്ററി സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 336 സ്‌ക്വയര്‍ മീറ്ററാണ് കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം. 45 ബെഡ്ഡുകളാണ് ഉള്ളത്.
ഇതില്‍ 10 എണ്ണം രാത്രികാലങ്ങളില്‍ പെട്ടെന്ന് നഗരത്തില്‍ എത്തിച്ചേരുന്നവര്‍ക്കായി മാറ്റിവെക്കും. ബാക്കി മാസ വാടകക്ക് നല്‍കും. 200 രൂപയാണ് ദിവസവാടക. ഭക്ഷണമുള്‍പ്പെടെ 8000 രൂപയാണ് മാസവാടക. മേയര്‍ ചെയര്‍മാനായും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വര്‍ക്കിംഗ് ചെയര്‍മാനായും കോര്‍പ്പറേഷന്‍ സെക്രട്ടറി കണ്‍വീനറുമായി 18 അംഗങ്ങള്‍ ഉള്‍പ്പെടുന്ന കമ്മിറ്റിയാണ് ഇതിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുക.
നാലാമത്തെ നില വനിതകള്‍ക്കുള്ള ഫിറ്റ്‌നസ്സ് സെന്ററിനു വേണ്ടിയാണ് സജ്ജമാക്കുക. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. ഉടന്‍ തന്നെ അതും പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മേയര്‍ ടി.ഒ മോഹനന്‍ അറിയിച്ചു.കോര്‍പറേഷന്‍ ഭരണസമിതി പുന:സംഘടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ മേയറും ഡെപ്യൂട്ടി മേയറുമുള്‍പ്പെടെ മാറുന്നുണ്ട്.
ഈസാഹചര്യത്തില്‍ ഷീ ലോഡ്ജിന്റെ ഉദ്ഘാടനം അടിയന്തിരമായി നടത്താന്‍ തീരുമാനിച്ചത്. കണ്ണൂര്‍ നഗരത്തില്‍ പുറമേ നിന്നും ട്രെയിനുകളിലും ബസുകളിലുമെത്തുന്ന സ്ത്രീകള്‍ക്കാണ് ഷീ ലോഡ്ജ് സജ്ജമാക്കിയത്. കണ്ണൂര്‍ ജില്ലാപഞ്ചായത്തും സ്ത്രീകള്‍ക്കായി താമസസൗകര്യമൊരുക്കാനുളള പദ്ധതികളുമായി മുന്‍പോട്ടു പോവുകയാണ്. അതും ഉടന്‍ പ്രാവര്‍ത്തികമാകുമെന്നാണ് പ്രതീക്ഷ.,












Click it and Unblock the Notifications