കണ്ണൂര്‍ കോര്‍പറേഷനിലെ മലിനജല പ്രശ്‌നത്തിന് ശാശ്വതപരിഹാരമാകുന്നു; പൈപ്പ് കണക്ഷന്‍ നല്‍കി തുടങ്ങി
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ മലിനജലപ്രശ്നത്തിന് ശാശ്വത പരിഹാരമാകുന്നു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച മലിനജല പ്ളാന്റ് നിര്‍മാണം പൂര്‍ത്തിയായതോടെ മലിനജലം കരകവിഞ്ഞൊഴുകുന്നതിനാല്‍ പ്രദേശവാസികള്‍ ഏറെദുരിതത്തിലാകുന്ന പടന്നപ്പാലം, മഞ്ചപ്പാലം മേഖലകളിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമായി മാറിയിരിക്കുകയാണ്.
താളിക്കാവ്, കാനത്തൂര്‍ എന്നീ വാര്‍ഡുകളിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള മലിനജലം പടന്നപ്പാലത്തുള്ള മലിനജല പ്ലാന്റിലേക്കുള്ള പൈപ്പ്ലൈനിലേക്ക് കണക്ഷന്‍ നല്‍കാനുള്ള നടപടി തുടങ്ങിയതായി കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ മുസ്ലിഹ് മഠത്തില്‍ അറിയിച്ചു. താളിക്കാവ്, കാനത്തൂര്‍ എന്നീ വാര്‍ഡുകളിലെ മുഴുവന്‍ വീട്ടുടമകളും മറ്റ് സ്ഥാപന ഉടമകളും അടിയന്തിരമായി കണക്ഷനെടുക്കാന്‍ നടപടി സ്വീകരിക്കേണ്ടതാണ്.

ഇതിനുളള നിശ്ചിത അപേക്ഷാ ഫോറം പാറക്കണ്ടിയിലുള്ള കോര്‍പ്പറേഷന്‍ എ ഡിവിഷന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നിന്നും ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ ലഭ്യമാകും. അപേക്ഷാ ഫോറത്തോടൊപ്പം ലഭ്യമാക്കിയ സമ്മതപത്രം 200 രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം അപേക്ഷാ ഫീസായ ആയിരം രൂപസഹിതം അടയ്്ക്കണം.
വീടുകള്‍ക്ക് പൈപ്പ്ലൈന്‍ കണക്ഷന്‍ ലഭിക്കുന്നതിന് ആവശ്യമായ ജോലികള്‍ സൗജന്യമായി കോര്‍പ്പറേഷന്‍ ചെയ്തുകൊടുക്കുമെന്ന ്മേയര്‍ അറിയിച്ചു. സ്ഥാപനങ്ങളില്‍ പൈപ്പ്ലൈന്‍ കണക്ഷന്‍ ലഭിക്കുന്നതിന് ആവശ്യമായ ജോലികള്‍ സ്ഥാപനങ്ങള്‍ സ്വന്തം നിലയില്‍ ചെയ്യേണ്ടതാണ്. ഇതിനായി എംപാനല്‍ ചെയ്ത കോണ്‍ട്രാക്ടര്‍മാരുടെ സേവനം ലഭ്യമാണ്.
പ്രവൃത്തി പൂര്‍ത്തീകരിച്ചതിനുശേഷം കോണ്‍ട്രാക്റ്ററുടെ ഫീസ് അടച്ചതിനുള്ള സാക്ഷ്യപത്രവും സ്ഥാപനങ്ങള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കേണ്ടതാണ്. മാലിന്യ മുക്ത കോര്‍പറേഷന്‍ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായുള്ള പദ്ധതിയില്‍ മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്ന് മേയര്‍ അറിയിച്ചു. ഈ സൗകര്യം ഉപയോഗപ്പെടുത്താതെ മലിനജലം ഓടകളിലേക്ക് ഒഴുക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് മുസ്ലിഹ് മഠത്തില്‍ അറിയിച്ചു.












Click it and Unblock the Notifications