ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാനെതിരെ അഴിമതി ആരോപണം; കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം
കണ്ണൂര്‍: ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനെതിരെ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് വിമത നേതാവ് പി.കെ രാഗേഷ് രംഗത്തുവന്നത് കണ്ണൂര്‍ കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളത്തിനിടയാക്കി. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.പി രാജേഷ് പയ്യാമ്പലം പൊതു ശ്മാശനവുമായി ബന്ധപ്പെട്ട നടത്തിപ്പുകാരില്‍ നിന്നും അഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായാണ് പി.കെ രാഗേഷ് രംഗത്തുവന്നത്.
ഇതിനുള്ള രേഖകള്‍ തന്റെ കൈവശമുണ്ടെന്നും വിജിലന്‍സിന് അഴിമതിയാരോപണം കൈമാറണമെന്നും പി.കെ രാഗേഷ് മേയറോട് കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. കൈക്കുലിയെന്ന് എഴുതിയ നോട്ടുപുസ്തകത്തിന്റെ താളുകള്‍ പയ്യാമ്പലത്തും നിന്നും കണ്ടുകിട്ടിയിട്ടുണ്ടെന്നും രാഗേഷ് അറിയിച്ചു. പ്രസംഗിക്കുന്നതിനിടെ ഇതു കൗണ്‍സില്‍ ഗ്രൂപ്പില്‍ അയക്കുകയും ചെയ്തു.

എന്നാല്‍ അഴിമതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും കോര്‍പറേഷന്റെ നയാ പൈസ താന്‍ അന്യായമായി കൈപ്പറ്റിയിട്ടില്ലെന്നും ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായ എം.പി രാജേഷ് കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ഡെപ്പോസിറ്റ് കാരിയറായാണ് താന്‍ ജീവിച്ചു വരുന്നത്. മറ്റു വരുമാനങ്ങളൊന്നും ഇല്ലെന്നും ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ സത്യമുണ്ടെങ്കില്‍ അതു അന്വേഷണത്തിലൂടെ തെളിയുമെന്നും എം.പി രാജേഷ് പറഞ്ഞു.
ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഴിമതി ആരോപണത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വമേറ്റെടുത്ത് രാജിവയ്ക്കണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും മേയര്‍ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ അംഗം സി.രവീന്ദ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംഭവത്തെ കുറിച്ചു അന്വേഷിക്കാന്‍ ഭരണസമിതി പ്രത്യേക അന്വേഷണ സമിതിയെ നിയോഗിക്കുമെന്ന് മേയര്‍ മുസ്ലിഹ് മഠത്തില്‍ യോഗത്തെ അറിയിച്ചു.
പയ്യാമ്പലത്തെ സ്ഥിതിഗതികള്‍ പഠിച്ചതിനു ശേഷം പ്രശ്‌നപരിഹാരത്തിന് ശ്രമിക്കും. അന്വേഷണ സമിതിയുടെ കണ്ടെത്തലിനു ശേഷം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ അദാലത്ത് നടത്തുന്നത് പ്രഹസനമാണെന്ന് മുന്‍ മേയര്‍ ടി.ഒമോഹനന്‍ കൗണ്‍ സില്‍ യോഗത്തില്‍ വിമര്‍ശിച്ചു. നവകേരള സദസില്‍ കോര്‍പറേഷന് പുറത്തുള്ള പരാതികളാണ് ലഭിച്ചത്.
നവകേരള സദസ് നടത്തിയ മുഖ്യമന്ത്രി തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് ജനങ്ങളുടെ മുഖം കണ്ടില്ലെന്ന് ഓര്‍മ്മ വന്നതെന്നും അതുകൊണ്ടാണ് അടുത്ത ദിവസം തന്നെ ജനങ്ങളുടെ മുഖം കാണാന്‍ മുഖ്യമന്ത്രി മുഖാമുഖം പരിപാടക്കിറങ്ങിയതെന്ന് കൗണ്‍സിലര്‍ കെ.പി അബ്ദുല്‍ റസാഖ് പറഞ്ഞു. മന്ത്രി എം.ബി രാജേഷിന്റെ നേതൃത്വത്തില്‍ അദാലത്ത് നടത്തുന്ന മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ കാടുപിടിച്ചു കയറിയിട്ടുണ്ടെന്നും ഇഴ ജന്തുക്കള്‍ വിഹരിക്കുകയാണെന്നും കൗണ്‍സിലര്‍ ഷാഹിന പറഞ്ഞു.
അദാലത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്തു വരുന്നത് കോര്‍പറേഷനാണെന്നും ഷാഹിന പറഞ്ഞു. സര്‍ക്കാരിന്റെ അദാലത്തിനോട് വിയോജിപ്പുണ്ടെങ്കിലും പബ്‌ളിസിറ്റിക്കായി കോര്‍പറേഷന്‍ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് മേയര്‍ കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു. ഡെപ്യുട്ടി മേയര്‍ ടി.ഇന്ദിര, സുരേഷ് ബാബു എളയാവൂര്‍, അഡ്വ.പി.കെ അന്‍വര്‍ എന്‍. സുകന്യ എന്നിവര്‍ സംസാരിച്ചു.












Click it and Unblock the Notifications