ഷുഹൈബിന്റെ ചോരയ്ക്ക് സിപിഎമ്മിനെ കൊണ്ട് കണക്ക് പറയിപ്പിക്കും; വെല്ലുവിളിച്ച് സുധാകരന്‍
സിപിഎമ്മിനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തലാണ് ആകാശ് തില്ലങ്കേരി നടത്തിയത്. ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതിയാണ് ആകാശ് തില്ലങ്കേരി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ ചോരയ്ക്ക് സി പി എമ്മിനെ കൊണ്ട് എണ്ണി എണ്ണി കണക്ക് പറയിപ്പിക്കും എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് സുധാകരന്റെ പ്രതികരണം.
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലില്‍ കേരളം തരിച്ച് പോയി എന്നും സി പി എമ്മിന്റെ അറിവോടെയാണ് ഷുഹൈബിനെ ക്രൂരമായി കൊല്ലപ്പെടുത്തിത് എന്ന് വധക്കേസിലെ ഒന്നാം പ്രതി തന്നെ പറഞ്ഞിരിക്കുകയാണ് എന്നും കെ സുധാകരന്‍ പറഞ്ഞു.ആകാശ് തില്ലങ്കേരിയുടെ കുമ്പസാരത്തിലൂടെ സി പി എമ്മിന്റെ വൈകൃതമായ കൊലയാളി മുഖമാണ് പുറത്തായത് എന്നും അദ്ദേഹം പറഞ്ഞു.
സി പി എം അരുംകൊലകള്‍ നടത്തുന്ന ഭീകര സംഘടനയാണ്. അക്രമത്തിന്റെ ഉപാസകരായ അവരില്‍ നിന്നും കരുണയുടെ കണികപോലും കേരളം പ്രതീക്ഷിക്കരുത് എന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള ഉന്നത സി പി എം നേതാക്കളുടെ കളിത്തോഴനാണ് ആകാശ് തില്ലങ്കേരി എന്നും അദ്ദേഹം ആരോപിച്ചു.
ഗുണ്ടകളുടെയും വാടകക്കൊലയാളികളുടെയും മുന്നില്‍ എന്നും ഓച്ഛാനിച്ചു നില്‍ക്കാറുള്ള സി പി എം ഇത്തവണയും പതിവ് തെറ്റിച്ചില്ല എന്നും സുധാകരന്‍ പറഞ്ഞു. ആകാശ് തില്ലങ്കേരിയുടെ ഭീഷണിക്ക് മുന്നില്‍ വിറങ്ങലിച്ചുപോയ സി പി എം നേതൃത്വം ഉടനടി ഇടപെട്ട് പ്രസ്തുത ഫേസ്ബുക്ക് പോസ്റ്റ് തന്നെ നീക്കം ചെയ്തു.

ഇനിയെങ്കിലും മുഖ്യമന്ത്രി ഊരിപ്പിടിച്ച വാളുകളുടെ ഇടയിലൂടെ നീങ്ങിയ ആ പഴംപുരാണം വിളമ്പരുത് എന്നും അദ്ദേഹം പരിഹസിച്ചു. നീതിക്ക് വേണ്ടി ഷുഹൈബിന്റെ കുടുംബാംഗങ്ങള്‍ യാചിക്കുമ്പോഴും കണ്ണില്‍ചോരയില്ലാത്ത സമീപനമാണ് മുഖ്യമന്ത്രി സ്വീകരിച്ചത് എന്നും സുധാകരന്‍ കുറ്റപ്പെടുത്തി.
ഷുഹൈബ് വധക്കേസില്‍ പ്രതികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതുവരെ 1.36 കോടി രൂപ ചെലവഴിച്ചു. പെരിയ ഇരട്ടക്കൊല കേസിലും പ്രതികളെ രക്ഷിക്കാന്‍ സി പി എമ്മും സര്‍ക്കാരും കോടികളാണ് പൊടിച്ചത് എന്നും അദ്ദേഹം പറഞ്ഞു. കൂറുമാറ്റക്കാരെയും ഒറ്റുകാരെയും ഒപ്പം നിര്‍ത്തി പെരിയ ഇരട്ടക്കൊലക്കേസ് അട്ടിമറിക്കാന്‍ ഗൂഢശ്രമങ്ങള്‍ നടത്തി. അതിന്റെ തെളിവാണ് സി കെ ശ്രീധരന്റെ സി പി എം പ്രവേശനം എന്നും കെ സുധാകരന്‍ പറഞ്ഞു.












Click it and Unblock the Notifications