കൊവിഡ് കാലത്ത് വീടുകളിൽ ഒറ്റപ്പെട്ട കിടപ്പു രോഗികൾക്ക് സാന്ത്വനവുമായി സിപിഎം നേതാക്കളും ഐആർപിസിയും
കണ്ണൂർ: കൊവിഡെന്ന മഹാമാരിയിൽ നാടു മുഴുവൻ ഒറ്റപ്പെട്ടുകൊണ്ടിരിക്കെ കിടപ്പു രോഗികൾക്കും അശരണരുമായവർക്ക് സാന്ത്വനമാവുകയാണ് ഐ ആർപിസിയുടെ ബാനറിൽ സിപിഎം നേതാക്കളും പ്രവർത്തകരും പി കൃഷ്ണ പിള്ളാ ദിനത്തിന്റെ ഭാഗമായി തുടങ്ങിയ ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായാണ് സാന്ത്വനമായി ഇവരെത്തിയത്.

തങ്ങൾ എത്തിയ പല വീടുകളിലും രോഗികളുടെ അവസ്ഥ ദയനീയമാണെന്ന് ഐആർപിസി വളണ്ടിയർമാർ പറഞ്ഞു. ഇതിലൊരാളാണ് കണ്ണൂർ നഗരത്തിനടുത്തെ താവക്കരയിലെ സരസ്വതി. തനിക്ക് ആവശ്യമായ മരുന്നു പോലും കിട്ടാതെ ദുരിതത്തിലായ ഈ വയോധികയ്ക്ക് ഒരു കുന്നോളമുണ്ടായിരുന്നു ആവലാതികൾ '
ഇത്രയും നാൾ സൗജന്യമായി കിട്ടിയതാണ് പ്രഷറിന്റെയും പ്രമേഹത്തിന്റെയും മരുന്ന്. കൊറോണ പേടിച്ച് ജില്ലാ ആശുപത്രിയിൽ പോകാൻ വയ്യ, പുറത്തുനിന്ന് മരുന്നുവാങ്ങുമ്പോൾ താങ്ങാനാവുന്നില്ല...’’ പറഞ്ഞു തീരുമ്പോഴേക്കും സരസ്വതിയുടെ കണ്ണുകൾ നിറഞ്ഞു.
താവക്കരയിലെ വീട്ടിൽ ഐആർപിസി വളണ്ടിയർമാർ എത്തിയപ്പോൾ കിടന്ന കിടപ്പിൽ രോഗവും ദാരിദ്ര്യവും തരുന്ന വേദനകളെക്കുറിച്ചാണ് ആ അമ്മ പറഞ്ഞത്. ജില്ലാ ആശുപത്രി പാലിയേറ്റീവ് വിഭാഗം നൽകുന്ന മരുന്ന് വാങ്ങാൻ പോകുന്നതിൽ ഭയക്കേണ്ടതില്ലെന്ന് വളണ്ടിയർമാർ ആദ്യം അവരെ പറഞ്ഞു മനസിലാക്കി. പിന്നെ മരുന്ന് പെട്ടെന്നു തന്നെ എത്തിക്കാമെന്നും ഐആർപിസി വളണ്ടിയർമാർ ഉറപ്പും നൽകി.
ഇങ്ങനെ കോവിഡ് കാലത്ത് ആശങ്കകളും സംഘർഷങ്ങളും രൂക്ഷമായ അനേകം പേരുടെ ജീവിതത്തിലേക്കാണ് ഐആർപിസി വളണ്ടിയർമാരും സിപിഎം പ്രവർത്തകരുടെയും ഇറങ്ങിച്ചെന്നത്. ഇത്തവണത്തെ കൃഷ്ണപിള്ള ദിനത്തിലും കോവിഡ് ജാഗ്രതയോടെ വീടുകൾ കയറി.
പക്ഷാഘാതം വന്ന് കിടപ്പിലായ തളാപ്പിലെ ബാലകൃഷ്ണൻ സ്ഥിരമായി ചെയ്തു കൊണ്ടിരുന്ന ഫിസിയോതെറാപ്പി മുടങ്ങിയതിന്റെ വിഷമമാണ് പങ്കുവച്ചത്. പരിചരിക്കാനുണ്ടായിരുന്ന ഹോംനേഴ്സ് കൊറോണക്കാലത്ത് പോയതിനാലുള്ള പ്രയാസങ്ങൾ ബാലകൃഷ്ണന്റെ ഭാര്യ നാരായണിയും പറഞ്ഞു. കോവിഡിനെതുടർന്ന് അടിയന്തര സേവനം ആവശ്യമുള്ള വീടുകളിൽ മാത്രമാണ് ഇക്കുറി വളണ്ടിയർമാരെത്തിയത്. മരുന്നുകളേക്കാൾ സാന്ത്വനസ്പർശം കൊതിക്കുന്ന മനസ്സുകൾക്ക് വളണ്ടിയർമാരുടെ സന്ദർശനം ആശ്വാസമായി. 3500 വളണ്ടിയർമാരുണ്ടെങ്കിലും കോവിഡ് ജാഗ്രതയുടെ ഭാഗമായി പകുതി പേർ മാത്രമേ ഗൃഹസന്ദർശനം നടത്തിയുള്ളൂ. ഇവർക്ക് ഓൺലൈനായി പ്രത്യേക പരിശീലനം നൽകിയിരുന്നു.
സിപി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ കാവുമ്പായി, ചുഴലി ലോക്കലുകളിലും ഐആർപിസി ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ പാട്യം കിഴക്കേ കതിരൂരിലും ഗൃഹസന്ദർശന പരിപാടിയിൽ പങ്കെടുത്തു. ഐആർപിസി ചെയർമാൻ പി എം സാജിദ്, സെക്രട്ടറി കെ വി മുഹമ്മദ് അഷ്‌റഫ്, ഡോ. മായ എന്നിവരും വിവിധ കേന്ദ്രങ്ങളിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും ഗൃഹസന്ദർശനവും തുടരുമെന്ന് ഐആർപിസി അറിയിച്ചു.












Click it and Unblock the Notifications