കണ്ണൂരില്‍ സിഎംപിക്ക് പുതുജീവന്‍; ഇപി സ്മാരക മന്ദിരം പാര്‍ട്ടിക്ക് സ്വന്തം
കണ്ണൂര്‍: വര്‍ഷങ്ങളുടെ നിയമ പോരാട്ടങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ സിഎംപി സിപി ജോണ്‍ വിഭാഗം ആസ്ഥാനമന്ദിരമായ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ ഓഫീസിന് ജീവന്‍ വച്ചു. യോഗശാല റോഡില്‍ ഇപി സ്മാരക മന്ദിരത്തിലെ മൂന്നുനില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ളോറിലാണ് കഴിഞ്ഞ വെളളിയാഴ്ച്ച മുതല്‍ ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചത്. കെട്ടിടത്തില്‍ നിന്നും ഐആര്‍പിസിയെ ഒഴിപ്പിക്കുന്നതിന് നേരത്തെ സിഎംപി ജില്ലാ സെക്രട്ടറി പി. സുനില്‍കുമാര്‍ കണ്ണൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.
പ്രസ്തുത കേസില്‍ കെട്ടിടത്തില്‍ നിന്നും ഒരു മാസത്തിനകം ഐആര്‍പിസി ഒഴിഞ്ഞു പോകാനും താഴത്തെ ഹാളിലും രണ്ടാം നിലയിലും മറ്റുള്ളവര്‍ പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ടുള്ള ഇഞ്ചക്ഷന്‍ ഉത്തരവും കോടതി പുറപ്പെടുവിച്ചു. 10 വര്‍ഷത്തെ പോരാട്ടത്തിനൊടുവിലായിരുന്നു കണ്ണൂര്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവ്. ഉത്തരവിനെതിരേ ഐആര്‍പിസി അപ്പീല്‍ ഫയല്‍ ചെയ്തിരുന്നു.

കേസുകള്‍ വര്‍ഷങ്ങള്‍ നീണ്ടു പോകുന്നത് തിരിച്ചടിയാണെന്നു മനസിലാക്കിയ സിപിഎം-സിഎംപി ജില്ലാ നേതൃത്വങ്ങള്‍ ഇതോടെ പ്രശ്ന പരിഹാരത്തിനായി ചര്‍ച്ചകള്‍ ആരംഭിച്ചു. രണ്ട് മാസമായി നിരവധി തവണ നടത്തിയ ചര്‍ച്ച കള്‍ക്കൊടുവിലാണ് ഒത്തുതീര്‍പ്പ് ഫോര്‍മുല തയാറായത്. ഇതിന്റെ അടിസ്ഥാനത്തില്‍ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐആര്‍പിസി ഓഫീസ് ഇനി രണ്ടാം നിലയിലേക്ക് മാറും.
നേരത്തെ സിഎംപി ജില്ലാ കൗണ്‍സില്‍ മെയിന്‍ ഓഫീസായി പ്രവര്‍ത്തിച്ച രണ്ടാം നിലയിലെ കെട്ടിടത്തിലേക്ക് ഓഫീസും താഴത്തെ നിലയില്‍ പി.എം. ഗോപാലന്‍ സ്മാരക കോണ്‍ഫറന്‍സ് ഹാളും പ്രവര്‍ത്തിക്കും. രണ്ടാം നില ഐആര്‍പിസിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ വേണ്ടി മാത്രം ഉപയോഗിക്കുന്നതിനാണ് വിട്ടുനല്കുന്നത്. ഇതോടെ കെട്ടിടവുമായി ബന്ധപ്പെട്ട അപ്പീല്‍ കേസും, 2016 ലെ സബ് കോടതി വിധിക്കെതിരായി 2020 ല്‍ ഫയല്‍ ചെയ്ത അപ്പീല്‍ പുനസ്ഥാപന ഹര്‍ജിയും പിന്‍വലിക്കും.
ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ കോടതിയെ അറിയിച്ച് രണ്ട് കേസുകളും തീര്‍പ്പാക്കും. കെട്ടിടുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ രണ്ട് മാസത്തിനുള്ളില്‍ ശാശ്വതമായി പരിഹരിക്കാനാണ് ധാരണ. ഒരു പക്ഷെ ഭാവിയില്‍ വലിയ രാഷ്ട്രീയ സംഘര്‍ഷത്തിന് വഴിവയ്ക്കാവുമായിരുന്ന ഒരു വിഷയത്തില്‍ ബദ്ധവൈരികളായ പാര്‍ട്ടി നേതാക്കള്‍ കണ്ണൂരില്‍ മുഖാമുഖം ഇരുന്ന് ഒരു പ്രശ്നം ചര്‍ച്ചയിലൂടെ പരിഹരിച്ചത് പ്രത്യേകിച്ച് കണ്ണൂരിന്റെ രാഷ്ട്രീയ രംഗത്ത് നിര്‍ണായകമായി.
രാഷ്ട്രീയ സംഘര്‍ഷത്തിന്റെ കഥ മാത്രം പറയാറുള്ള കണ്ണൂരിന് ഒരു മാതൃകയും രാജ്യത്തെ രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് ഒരു പാഠവുമാണ് ഈ സംഭവം. ചര്‍ച്ചയ്ക്ക് സിപിഎം നേതാക്കളായ എംവി ജയരാജന്‍, എം പ്രകാശന്‍ എന്നിവരും സിഎംപി നേതാക്കളായ സിഎ അജീര്‍, പി. സുനില്‍ കുമാര്‍ എന്നിവരും പങ്കാളികളായി.












Click it and Unblock the Notifications