കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 14ന്; പിപി ദിവ്യ പങ്കെടുക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം
കണ്ണൂർ: നവംബർ 14ന് നടക്കുന്ന ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മുൻ പ്രസിഡൻ്റ് പി പി ദിവ്യ വോട്ടു ചെയ്തേക്കും. ദിവ്യയോട് ജില്ലാ പഞ്ചായത്തംഗമെന്ന പദവി രാജിവയ്ക്കാൻ പാർട്ടി ജില്ലാ നേതൃത്വം ഇതുവരെ ആവശ്യപ്പെടാത്ത സാഹചര്യത്തിലാണിത്. അഡ്വ കെകെ രത്നകുമാരിയാണ് എൽഡിഎഫ് സ്ഥാനാർത്ഥി. ജില്ലാ പഞ്ചായത്ത് അംഗങ്ങളിൽ ഭൂരിപക്ഷവും എൽഡിഎഫിൻ്റെതാണ്. അതുകൊണ്ടുതന്നെ വിജയിക്കാൻ രത്ന കുമാരിക്ക് തടസമുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. പിപി ദിവ്യസ്ഥാനമൊഴിഞ്ഞതിനു ശേഷം കണ്ണൂർ ജില്ലാ പഞ്ചായത്ത് ഭരണം അനിശ്ചിതത്വത്തിലാണ്.
പ്ലാൻ ഫണ്ട് പാസാക്കുന്നതിനായി വൈസ് പ്രസിഡൻ്റായ അഡ്വ. ബിനോയ് കുര്യൻ യോഗം വിളിച്ചു ചേർത്തിരുന്നുവെങ്കിലും പ്രതിപക്ഷ ബഹളത്താൽ പിരിച്ചു വിടുകയായിരുന്നു. പിപി ദിവ്യ ജില്ലാ പഞ്ചായത്ത് അംഗത്വം രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജുബിലി ചാക്കോ, എൻപി ശ്രീധരൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധം ഉയർത്തിയത്. ഇതോടെയാണ് യോഗം പിരിച്ചു വിട്ടതായി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിനോയ് കുര്യൻ യോഗം പിരിച്ചു വിട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പ്രതിപക്ഷം മത്സരിക്കുമെന്നാണ് സൂചന.

എന്നാൽ ദിവ്യ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയാൽ പ്രതിഷേധിക്കാനും ബഹിഷ്കരിക്കാനും സാധ്യതയുണ്ട്. എഡി എമ്മിൻ്റെ മരണത്തിൽ വിവാദ മൊഴി നൽകിയ കണ്ണൂർ കലക്ടർ അരുൺ കെ വിജയനാണ് മുഖ്യവരണാധികാരി .സിപിഎമ്മിനായികലക്ടർ വ്യാജമൊഴി നൽകിയെന്ന് ആരോപിച്ച് തൽസ്ഥാനത്തു നിന്നും മാറ്റി നിർത്തണമെന്ന് ആവശ്യപ്പെട്ട് കലക്ടറേറ്റ് മാർച്ച് ഉൾപ്പെടെ കോൺഗ്രസും മുസ്ലിം ലീഗും നടത്തിയിരുന്നു. ഈ സാഹചര്യത്തിൽ കലക്ടർ നിയന്ത്രിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തി വിട്ടേക്കും.
ഇതിനിടെ എഡിഎം കെ നവീൻ ബാബുവിന്റെ ആത്മഹത്യ പ്രേരണ കേസിൽ ജാമ്യം ലഭിച്ച കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യ അന്വേഷണ സംഘ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായി. എല്ലാ തിങ്കളാഴ്ച്ചയും ഹാജരാകണമെന്ന കോടതിയിലെ ജാമ്യ ഉത്തരവിലെ ഉപാധിയെ തുടർന്നാണിത്. കണ്ണൂർ ടൗൺ സ്‌റ്റേഷനിലെ എസ്എച്ച്ഒ ആയ ശ്രീജിത്ത് കോടേരിക്ക് മുന്നിലാണ് തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് പിപി ദിവ്യ ഹാജരായത്. രജിസ്‌റ്ററിൽ ഒപ്പ് രേഖപ്പെടുത്തിയതിന് ശേഷം പതിനൊന്ന് മണിയോടെയാണ് ദിവ്യ മടങ്ങിയത്. ജില്ലാ പഞ്ചായത്തംഗം കെ.വി ബിജു, അഭിഭാഷകനായ വിഷ്‌ണുദേവ് എന്നിവരും ദിവ്യയോടൊപ്പമുണ്ടായിരുന്നു.
നേരത്തെ അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് പിപി ദിവ്യ വ്യക്തമാക്കിയിരുന്നു. കേസിൽ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ മൊഴി വീണ്ടും എടുക്കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ മൊഴി സംശയകരമാണെന്ന് നവീൻ ബാബുവിന്റെ കുടുംബം ആരോപിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതിന് ശേഷം ഇതുവരെ നവീൻ ബാബുവിന്റെ കുടുംബത്തിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടില്ല. അതിനിടെ കണ്ണൂർ ടൗൺ സ്‌റ്റേഷനിൽ തടിച്ചു കൂടിയ മാധ്യമപ്രവർത്തകരോട് ദിവ്യ പ്രതികരിച്ചില്ല. തനിക്കൊന്നും പറയാനില്ലെന്നായിരുന്നു വിവാദ വിഷയങ്ങൾ ചോദ്യമായി ഉയർന്നതോടെ പിപി ദിവ്യയുടെ പ്രതികരണം.












Click it and Unblock the Notifications