ചികിത്സ അനാസ്ഥ കാരണം മറുനാടന്‍ തൊഴിലാളി മരിച്ച സംഭവം: ജില്ലാപഞ്ചായത്ത് അന്വേഷണം നടത്തും
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവും ജീവനക്കാരുടെ തന്നിഷ്ടവും കാരണം മറുനാടന്‍ തൊഴിലാളി മരിച്ചുവെന്ന പരാതി അന്വേഷിക്കുമെന്ന് ആശുപത്രി ഭരണം നിയന്ത്രിക്കുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധികൃതര്‍. കണ്ണൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് ഇതര സംസ്ഥാന തൊഴിലാളി കുഴഞ്ഞു വീണു മരിച്ചത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ആവശ്യപ്പട്ടതെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ പ്രതികരിച്ചു.
കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ അവശനിലയില്‍ കണ്ടെത്തിയ ഇതര സംസ്ഥാന തൊഴിലാളിയെ പൊലിസ് അറിയിച്ചതു പ്രകാരം ഫയര്‍ ഫോഴ്സാണ് വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെ ആശുപത്രിയിലേക്കു കൊണ്ടുവന്നത്. ഇയാള്‍ക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് കൊണ്ടു പോകാനോ ആവശ്യമായ ചികിത്സ നല്‍കാനോ കഴിഞ്ഞില്ലെന്നും ഇക്കാര്യം അന്വേഷിക്കുന്നതിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നും ദിവ്യ പറഞ്ഞു.

എന്നാല്‍ ജില്ലാ ആശുപത്രി അധികൃതര്‍ മതിയായ ചികിത്സ നല്‍കാത്തതാണ് മരണത്തിന് കാരണമെന്ന് സംഭവത്തിന് ദൃക്‌സാക്ഷികളായ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറയുന്നു. ആശുപത്രി സെക്യൂരിറ്റിക്കാര്‍ ഇയാളെ ബലം പ്രയോഗിച്ചു തള്ളി പുറത്താക്കിയതിനു ശേഷം ഗേറ്റ് അടച്ചതായും ഇവര്‍ പറയുന്നു. വെള്ളിയാഴ്ച്ച രാവിലെ കണ്ണൂര്‍ പഴയ ബസ്റ്റാന്റ് പരിസരത്ത് റോഡരികില്‍ വീണ് കിടന്ന ഇതര സംസ്ഥാന തൊഴിലാളിയെ ഫയര്‍ ഫോഴ്‌സുകാരാണ് ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
ഇയാളെ പിന്നീട് ആശുപത്രി സെക്യൂരിറ്റിക്കാരും ജീവനക്കാരും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ ആശുപത്രിയില്‍ നിന്നും ഇറക്കി വിടുകയായിരുന്നുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞു. അസഹ്യമായ വേദനകാരണം നടക്കാന്‍ പോലും സാധിക്കാത്ത ഇയാളെ തള്ളി പറഞ്ഞു അയക്കുന്നത് കണ്ട ആംബുലന്‍സ് ഡ്രൈവര്‍മാര്‍ ചികില്‍സ നല്‍കാത്തതിനെ കുറിച്ച് അന്വേഷിച്ചിരുന്നു.
എന്നാല്‍ ആശുപത്രിയില്‍ നിന്നും മതിയായ വിവരം നല്‍കാന്‍ തയ്യാറായില്ല. ഇയാള്‍ വൈകീട്ടോടെ ആതുര ശുശ്രൂഷാ കേന്ദ്രത്തിന് സമീപം വെച്ച് മരണപ്പെടുകയായിരുന്നു. രോഗി മരണപ്പെട്ട വിവരം അറിഞ്ഞ് ആശുപത്രി പരിസരത്ത് എത്തിയ മാധ്യമ പ്രവര്‍ത്തകരോട് ആശുപത്രി അധികൃതര്‍ പറഞ്ഞത് ഇയാളെ പരിയാരത്തേക്ക് റഫര്‍ ചെയ്തുവെന്നായിരുന്നു. എന്നാല്‍ ആരും തുണയില്ലാത്ത ഇയാളെ പരിയാരത്ത് എത്തിക്കാന്‍ ആംബുലന്‍സ് സംവിധാനം ഏര്‍പ്പെടുത്താന്‍ അധികൃതര്‍ തയ്യാറായില്ല.
108 ആംബുലന്‍സിനെ വിളിച്ചപ്പോള്‍ ഓട്ടത്തിലാണെന്നായിരുന്നു മറുപടി. അതേസമയം ജില്ലാ ആശുപത്രിയുടെ രണ്ട് ആംബുലന്‍സ് ആശുപത്രി പരിസരത്ത് ഉണ്ടായിട്ടും ആ വണ്ടി ഉപയോഗിക്കാന്‍ തയ്യാറായില്ല. അതേസമയം ചില സന്നദ്ധ സംഘടനകളുടെ ആംബുലന്‍സും ഇവിടെയുണ്ടായിരുന്നു. അവരെ അറിയിക്കാന്‍ പോലും ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നാണ് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നത്.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മരണത്തിന് കാരണമെന്നും ഇവര്‍ ആരോപിച്ചു. സംഭവം മാധ്യമങ്ങളില്‍ വന്‍ വിവാദമായതിനെ തുടര്‍ന്നാണ് ജില്ലാ പഞ്ചായത്ത് അന്വേഷണമാരംഭിച്ചത്. നേരത്തെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ടു നിരവധിയാളുകള്‍ മരണമടഞ്ഞിരുന്നു. ഈ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് ഇതരസംസ്ഥാന തൊഴിലാളിയായ യുവാവെന്നാണ് ആരോപണം.
സംഭവത്തില്‍ ആരോഗ്യ വകുപ്പ് അധികൃതരും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജില്ലാമെഡിക്കല്‍ ഓഫീസറാണ് ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം ചോദിച്ചത്.












Click it and Unblock the Notifications