കേരള ഫീഡ്‌സ് കാലിത്തീറ്റയില്‍ വിഷബാധ? എട്ട് പശുക്കള്‍ ചത്തതിന് പിന്നാലെ കോഴികളും ചത്തു, അന്വേഷണം
കണ്ണൂര്‍: കണ്ണൂരില്‍ വിതരണം ചെയ്ത കേരള ഫീഡ്‌സ് കാലിത്തീറ്റയില്‍ വിഷബാധയെന്ന് സംശയം. കേരള ഫീഡ്സ് കാലിത്തീറ്റ കഴിച്ച എട്ട് പശുക്കള്‍ കണ്ണൂരില്‍ ചത്തു. സംഭവത്തില്‍ മൃഗസംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. വിതരണം ചെയ്ത കേരള ഫീഡ്‌സ് കാലിത്തീറ്റയുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചു.
കേരള സര്‍ക്കാരിന്റെ ഉല്പന്നമായ കേരള ഫീഡ്സ് കാലിത്തീറ്റ. പശുക്കള്‍ ചത്തത് വിഷബാധയേറ്റാണ് എന്നും വിഷബാധ ഉണ്ടായിരിക്കുന്നത് കാലിത്തീറ്റയില്‍ നിന്ന് തന്നെയാണ് എന്നുമാണ് പ്രാഥമിക നിഗമനം. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ മാമ്പ സ്വദേശി പ്രതീഷ് നടത്തുന്ന ഫാമിലെ പശുക്കളും കിടാക്കളും ആണ് ചത്തത്.

ഒരാഴ്ചയ്ക്കിടെ മൂന്ന് പശുക്കളും അഞ്ച് കിടാവുകളും ആണ് ചത്തത്. തന്റെ ഫാമിലെ പശുക്കള്‍ക്ക് നല്‍കിയിരുന്നത് കേരള ഫീഡ്‌സ് കാലിത്തീറ്റയാണ് എന്നാണ് പ്രതീഷ് പറയുന്നത്. കഴിഞ്ഞ നവംബര്‍ 21 ന് ഫാമിലേക്ക് എത്തിച്ച 100 ചാക്ക് കേരള ഫീഡ്സ് കാലിത്തീറ്റ എത്തിച്ചിരുന്നു.
ഇതില്‍ 60 ചാക്കാണ് പശുക്കള്‍ക്ക് നല്‍കിയിരുന്നത്. കാലിത്തീറ്റ കഴിച്ചതിന് പിന്നാലെ പശുക്കള്‍ അവശ നിലയിലാവുകയും തൊട്ടടുത്ത ദിവസം എട്ട് പശുക്കള്‍ ചാവുകയുമായിരുന്നു. ഇത് കൂടാതെ കാലിത്തീറ്റ കഴിച്ച അഞ്ച് കോഴികളും ചത്ത് വീണിരുന്നു. ഇതോടെ ആണ് വിഷ ബാധ കാലിത്തീറ്റയില്‍ നിന്നാണ് എന്ന സംശയം ബലപ്പെട്ടത്.
ഇതിന് ശേഷം കണ്ണൂരിലെ തന്നെ മറ്റ് ഭാഗങ്ങളില്‍ നിന്നും കാലിത്തീറ്റയെ കുറിച്ച് പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ ആണ് മൃഗ സംരക്ഷണ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. കേരള ഫീഡ്സ് കലിത്തീറ്റയുടെ സാമ്പിള്‍ പരിശോധനയ്ക്കയച്ചതായും വിഷബാധ ഇതില്‍ നിന്ന് തന്നെയാണ് എന്നാണ് പ്രാഥമിക നിഗമനമെന്നുമാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ പറയുന്നത്.
സംഭവത്തില്‍ കാലിത്തീറ്റ നിര്‍മ്മാതാക്കളായ കേരള ഫീഡ്സും പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. കണ്ണൂരില്‍ മറ്റ് രണ്ടിടങ്ങളിലും സമാന ബാച്ചിലുള്ള കാലിത്തീറ്റ കഴിച്ച പശുക്കള്‍ക്ക് വയറിളക്കമുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.












Click it and Unblock the Notifications