Get Updates
Get notified of breaking news, exclusive insights, and must-see stories!

നായനാര്‍ മ്യൂസിയം നാടിന് സമര്‍പ്പിച്ചു, ജനനായകനുമായി എഐ സാങ്കേതികവിദ്യയില്‍ സംസാരിക്കാം

കണ്ണൂര്‍: കണ്ണൂരിലെത്തിയാല്‍ നായനാര്‍ മ്യുസിയം കാണാതെ പോകരുതെന്ന് ഓര്‍മ്മിപ്പിക്കുകയാണ് പയ്യാമ്പലത്തെ നായനാര്‍ അക്കാദമി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍ ഉപയോഗിച്ചു കൊണ്ടു നിര്‍മ്മിച്ച സ്റ്റുഡിയോയില്‍ നിന്നും ജനപ്രിയ നേതാവും പതിനൊന്നു വര്‍ഷക്കാലം കേരള മുഖ്യമന്ത്രിയുമായിരുന്ന നായനാരുടെ കട്ടൗട്ടിനോട് ചോദിച്ചാല്‍ എന്തിനും മിനുട്ടുകള്‍ക്കുള്ളില്‍ തനതു ശൈലിയിലുള്ള ഉത്തരം ലഭിക്കും.

ജീവിതത്തെയും സമരങ്ങളെയും ഭരണത്തിനെയും എഴുത്തിനെയും കുറിച്ചു ചോദിച്ചാല്‍ അദ്ദേഹത്തിന്റെ അതേ ഭാഷയിലും നര്‍മ്മം വിതറുന്ന ശൈലിയിലും ചോദ്യകര്‍ത്താവിന് ഉത്തരം കിട്ടുമെന്നതാണ് ഇവിടുത്തെ ഹൈലൈറ്റ്. ഒരു കാലത്ത് കേരളത്തിലെ രാഷ്ട്രീയ കേന്ദ്രമായിരുന്ന ഇകെ നായനാരോട് ജീവിതത്തില്‍ ഒരിക്കല്‍ പോലും സംസാരിക്കാന്‍ കഴിയാത്തവര്‍ക്ക് അവസരമൊരുക്കുന്ന നൂതന ഇന്‍സ്റ്റലേഷനാണ് മ്യൂസിയത്തിലെ പ്രധാന ആകര്‍ഷണീയതകളിലൊന്ന്.

nayanar

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള ഹോളോ ലെന്‍സ് പ്രൊജക്ഷനിലൂടെ നായനാരുമായി തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ വഴി നേരിട്ട് സംവദിക്കാവുന്ന രൂപത്തിലാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. മരണത്തിനപ്പുറം വീണ്ടും മലയാളികള്‍ക്കു മുന്‍പില്‍ നായനാര്‍ ജീവിക്കുന്ന സാന്നിദ്ധ്യമായി മാറുന്ന അപൂര്‍വ്വ അനുഭവമാണ് ഈ പ്രൊജക്ഷനിലൂടെ ഒരുക്കിയിട്ടുള്ളത്.

ഇതുകൂടാതെ ഇകെ നായനാരുടെ രാഷ്ട്രീയ ജീവിതത്തിന്റെ വിശദാംശങ്ങള്‍ പ്രതിപാദിക്കുന്ന ബാല്യം മുതല്‍ അന്ത്യയാത്ര വരെയുള്ള അപൂര്‍വ്വ ദൃശ്യങ്ങളുള്ള ഡോക്യുമെന്ററി ഡിജിറ്റല്‍ വാളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. നായനാരെ പത്‌നി ശാരദ ടീച്ചര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍. അനുസ്മരിക്കുന്നുമുണ്ട്. നായനാരുടെ ദീര്‍ഘകാല രാഷ്ട്രീയ ജീവിതവും പോരാട്ടങ്ങളും വിശാലമായ കാന്‍വാസില്‍ വരച്ചുകാട്ടുന്ന ജീവിതവും കാലവും ചുവര്‍ ചിത്രവും മ്യൂസിയത്തിലുണ്ട്.

നായനാര്‍ ഉപയോഗിച്ച എഴുത്തു മേശ, പെഡസ്റ്റല്‍ ഫാന്‍, റേഡിയോ ടെലിവിഷന്‍ എന്നിവയെല്ലാം അദ്ദേഹത്തിന്റെ മുറിയിലെന്ന പോലെ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഇകെ നായനാര്‍ രചിച്ച എഴുപത്തിയൊന്ന് പുസ്തകങ്ങളുടെയും ലേഖനങ്ങളുടെയും കൈയ്യെഴുത്തു പ്രതികളും ഇവിടെയുണ്ട്. നായനാരുടെ ഏറ്റവും വലിയ ഹോബിയായ പേന ശേഖരണത്തിലൂടെ സ്വന്തമാക്കിയ വ്യത്യസ്തവും അമൂല്യമായ പേനകള്‍, കണ്ണടകള്‍ പോക്കറ്റ് ഡയറികള്‍ അദ്ദേഹത്തിന്റെ കക്ഷത്ത് സ്ഥിരമായുണ്ടായിരുന്ന ബാഗുകള്‍ എന്നിവയും മ്യൂസിയത്തിലുണ്ട്.

വിദേശങ്ങളിലും ഡല്‍ഹിയിലേക്കും സഞ്ചരിക്കുമ്പോള്‍ നായനാര്‍ അണിഞ്ഞിരുന്ന ഓവര്‍ കോട്ടുകള്‍, ചെരുപ്പുകളും ഷൂവും. വാച്ചുകളും ട്രോളി ബാഗും വലിക്കാനുപയോഗിച്ച ദിനേശ് ബീഡി കളും തീപ്പെട്ടിയുമൊക്കെ ചില്ലു ഗ്‌ളാസിന്‍ കൂട്ടില്‍ ക്രമാനുഗതമായി സൂക്ഷിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏഷ്യാനെറ്റിലൂടെ സംപ്രേക്ഷണം ചെയ്ത മുഖ്യമന്ത്രിയോട് ചോദിക്കാമെന്ന ജനപ്രിയ ചോദ്യോത്തര പരിപാടി പഴയ ടെലിവിഷനുകളില്‍ ഇടതടവില്ലാതെ കാണിക്കുന്നതും കാണികള്‍ക്ക് ഹൃദ്യമായ അനുഭവമാണ് സമ്മാനിക്കുന്നത്.

നായനാര്‍ക്ക് ലഭിച്ച ബഹുമതികള്‍, ജനപ്രീയ നേതാവെന്ന നിലയില്‍ കരസ്ഥമാക്കിയ അംഗീകാരങ്ങള്‍, മാര്‍പാപ്പയുള്‍പ്പെടെയുള്ളവരുമായി വിദേശ സഞ്ചാരവേളയില്‍ നടത്തിയ കൂടിക്കാഴ്ച്ചകളുടെ അപൂര്‍വ്വ ചിത്രങ്ങള്‍ എന്നിവയും മ്യുസിയത്തിലുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ പി.കൃഷ്ണപിള്ള, എ.കെ.ജി, ഇ. എം. എസ്, കെ.ദാമോദരന്‍ എന്‍സി' ശേഖര്‍ എന്നിവരുടെ പൂര്‍ണകായ പ്രതിമകളും ജീവ ചരിത്രവും ചരിത്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതാണ്.

രക്തസാക്ഷികളെ അനുസ്മരിക്കുന്ന അഗ്‌നി പറവകളും കര്‍ഷകര്‍, കര്‍ഷക തൊഴിലാളികള്‍, സ്ത്രീകള്‍ വിദ്യാര്‍ത്ഥികള്‍ സാധാരണക്കാര്‍ എന്നിവരുടെ മുഖങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുഖത്തളവും താഴത്തെ നിലയില്‍ ഒരുക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വര്‍ഗസമരങ്ങളും ചരിത്ര സംഭവങ്ങളും ഉള്‍ക്കൊള്ളുന്ന ചരിത്രം സചിത്രം ഹ്രസ്വ ചിത്ര പ്രദര്‍ശനവും ഇവിടെയുണ്ട്.

പയ്യാമ്പലത്ത് ഇകെ നായനാരുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും അരമണിക്കൂര്‍ ബര്‍ണശേരിയിലേക്ക് നടന്നാല്‍ നായനാര്‍ അക്കാദമിയിലെത്താം. മുതിര്‍ന്നവര്‍ക്ക് 50 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 25 രൂപയുമാണ് മ്യൂസിയത്തിലേക്ക് പ്രവേശിക്കാനുള്ള ഫീസ്. കണ്ണൂരില്‍ കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് നടന്നപ്പോള്‍ നായനാര്‍ അക്കാദമിയില്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും വൈദ്യുതി കണക്ഷന്റെ പ്രശ്‌നം കാരണം ഭാഗികമായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നുള്ളു.

പിന്നീട് അടച്ചിട്ട നായനാര്‍ മ്യൂസിയം പൂര്‍ണ സജ്ജമാക്കി നായനാര്‍ ദിനമായ മെയ് 19 നാണ് നവീകരിച്ചു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നായനാര്‍ അനുസ്മരണ പരിപാടിക്കിടെ നാടിന് സമര്‍പ്പിച്ചത്. കണ്ണൂരിന്റെ മാത്രമല്ല കേരളത്തിന്റെ മുഴുവന്‍ മലയാളികളുടെ ജനനായകനായിരുന്നു നായനാര്‍. ലാളിത്യവും നര്‍മ്മവും മനുഷ്യ സ്‌നേഹവും ഒളിമിന്നുന്ന അദ്ദേഹത്തിന്റെ ഒളിമങ്ങാത്ത ഓര്‍മ്മകള്‍ വീണ്ടെടുക്കുകയാണ് നായനാര്‍ മ്യൂസിയത്തിലൂടെ ചെയ്യുന്നത്.

എന്നാ റൈറ്റ് ലാല്‍ സലാമെന്നു പറഞ്ഞു ജനാരവത്തില്‍ നിന്നും വിട പറഞ്ഞു പോയ പ്രിയ സഖാവിനെ അദ്ദേഹത്തിന്റെ ഓര്‍മ്മകളിലൂടെ വീണ്ടെടുക്കുകയാണ് കണ്ണൂര്‍ ചെയ്യുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+