'സമീപത്തെ പറമ്പിൽ നിന്ന് പാർട്ടിക്കാർ ബോംബുകൾ എടുത്തുമാറ്റി'; ആരോപണവുമായി യുവതി, നിഷേധിച്ച് സിപിഎം
കണ്ണൂർ: തലശ്ശേരി എരഞ്ഞോളിയിൽ തേങ്ങ പെറുക്കാൻ പോയ വൃദ്ധൻ ബോംബ് പൊട്ടിത്തെറിച്ച് മരിച്ച സംഭവത്തിൽ വെളിപ്പെടുത്തലുമായി യുവതി. പ്രദേശവാസിയായ സീന എന്ന യുവതിയാണ് രംഗത്ത് വന്നത്. നമുക്ക് ജീവിക്കണം ബോംബ് പൊട്ടിമരിക്കാൻ ആഗ്രഹമില്ലെന്നും യുവതി പറഞ്ഞു. ആളൊഴിഞ്ഞ വീടുകളെല്ലാം ബോംബ് നിർമിക്കുന്നവരുടെ ഹബ്ബാണെന്നും യുവതി ആരോപിച്ചു. ആരെങ്കിലും തുറന്നുപറഞ്ഞാൽ പറയുന്നവരുടെ വീട് ബോംബെറിഞ്ഞ് നശിപ്പിക്കുമെന്നും പറയുന്നു.
ഇവിടെ ജീവിക്കാൻ അനുവദിക്കില്ല, ഭയമില്ലാതെ ഇവിടെ ജീവിക്കണം താൻ തുറന്നുപറയുന്നത് ഈ നാട്ടിലെ എല്ലാവർക്കും വേണ്ടിയാണെന്നും സമീപത്തെ പറമ്പിൽ നിന്ന് പാർട്ടിക്കാർ ബോംബുകൾ എടുത്തുമാറ്റി, സഹികെട്ടാണ് പറയുന്നതെന്നും സീന പറഞ്ഞു. മരിച്ച വേലായുധന്റെ അയൽവാസിയാണ് സീന.

അതേ സമയം യുവതിയുടെ ആരോപണത്തെ എതിർത്തുകൊണ്ട് മുൻഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഉള്ള സി പി എം പ്രവർത്തകർ രംഗത്തുവന്നു. ബോംബ് നിർമ്മിക്കുന്ന ഹബ്ബുകളായി ഒഴിഞ്ഞ വീടുകൾ മാറുന്നു എന്ന് പറയുന്നത് അംഗീകരിക്കാൻ പറ്റാത്തതാണെന്നും ഇത് നാടിനെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയിട്ടാണെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് രമ്യ പറയുന്നു.
ഇന്നലെയാണ് തലശ്ശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധൻ മരിച്ചത്. ചാെവ്വാഴ്ച ഉച്ചയോടെ ആണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ് ( 86 ) മരിച്ചത്. വീടിനോട് ചേർന്ന് ആൾത്താമസമില്ലാത്ത വീട്ടിൽ തേങ്ങ പെറുക്കാൻ പോയതായിരുന്നു വേലായുധൻ. പറമ്പിൽ നിന്ന് കിട്ടിയ വസ്തും തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു, ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്.
സ്റ്റീല്‍ ബോംബു പൊട്ടി വയോധികന്‍ മരിച്ച സംഭവത്തില്‍ പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി. കുടക്കളത്തെ ആളൊഴിഞ്ഞ വീട്ടുപറമ്പില്‍ ബോംബ് എത്തിയെന്ന കാര്യമാണ് പൊലീസ് അന്വേഷിച്ചുവരുന്നത്.
പ്രദേശത്ത് ബോംബുസ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, പൊലിസ് സംഘം എന്നിവരാണ് പരിശോധന നടത്തി. അയല്‍വാസികളും പ്രദേശവാസികളുമായ നിരവധി പേരില്‍ നിന്നും പൊലിസ് മൊഴിയെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ബോംബുകൾക്കായി ന്യൂമാഹി, തലശേരി പൊലീസ് സ്‌റ്റേഷൻ പരിധികളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ദിവസങ്ങൾക്ക് മുൻപ് മറ്റൊരു സ്ഥലത്ത് നിന്ന് ജനവാസ മേഖലയിൽ അധികം സംശയിക്കാത്ത വീടിനോട് ചേർന്നുളള സ്ഥലത്തേക്ക് ബോംബ്മാറ്റിയതാവാനാണ് സാധ്യതയെന്ന് പോലീസ് സംശയിക്കുന്നു.












Click it and Unblock the Notifications