കണ്ണൂരിനെ നടുക്കി വീണ്ടും വാഹനാപകടം :കാര്‍ യാത്രക്കാരായ പിതാവും മകനും മരണപ്പെട്ടു
മട്ടന്നൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കനത്ത മഴ തുടരുന്ന കണ്ണൂര്‍ ജില്ലയെ നടുക്കി വാഹനാപകടങ്ങളും. പിതാവിന്റെയും മകന്റെയും മരണത്തിന് ഇടയാക്കിയ വാഹനാപകട വാര്‍ത്തയറിഞ്ഞ് വിമാന താവള നഗരമായ മട്ടന്നൂര്‍ നടുങ്ങി. ശനിയാഴ്ച്ച രാത്രി പന്ത്രണ്ടു മണിയോടെ കൂത്തുപറമ്പ് - മട്ടന്നൂര്‍ റോഡിലെ നെല്ലുന്നിയിലുണ്ടായ വാഹന അപകടത്തിലാണ് രണ്ടുപേര്‍ അതിദാരുണമായി മരിച്ചത്.
മട്ടന്നൂര്‍ നഗരസഭയിലെ പരിയാരം സ്വദേശി റിയാസ് മന്‍സില്‍ നവാസ് (40), മകന്‍ യാസീന്‍ (7) എന്നിവരാണ് അതിദാരുണമായി മരിച്ചത്. നവാസിന്റെ ഭാര്യ ഹസീറ, മക്കളായ റിസാന്‍,ഫാത്തിമ എന്നിവരെ ഗുരുതരമായ പരിക്കുകളോടെ കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പഴശിയില്‍ ബന്ധു വീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്ന വഴി രാത്രി 12 മണിയോടെയാണ് നെല്ലുന്നിയില്‍ വച്ച് അപകടം. ഇവര്‍ സഞ്ചരിച്ച കാറും എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ നവാസ് സഞ്ചരിച്ച കാര്‍ പൂര്‍ണമായും തകര്‍ന്നു.
നാട്ടുകാരും പൊലിസും മട്ടന്നൂര്‍ ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയാണ് അപകടത്തില്‍പ്പെട്ട കാറില്‍ നിന്നും യാത്രക്കാരെ പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും നവാസും മകനും മരണമടയുകയായിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
സംഭവത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വാഹനങ്ങളുടെ അമിത വേഗതയാണോ അപകടത്തിന് ഇടയാക്കിയതെന്ന് അന്വേഷിക്കുമെന്ന് പൊലിസ് അറിയിച്ചു. അപകടത്തില്‍ ഇരു കാറുകളും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. നെല്ലൂന്നി വളവില്‍ വെച്ചാണ് അപകടമുണ്ടായത്.
അതിവേഗത്തില്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് ഇരുവാഹനങ്ങളും റോഡില്‍ നിന്നും പുറത്തേക്ക് തെറിച്ചു പോയി. നേരത്തെ നിരവധി വാഹനാപകടങ്ങള്‍ നടന്ന വളവാണ് നെല്ലൂന്നിയിലേത്. അമിതവേഗതയിലെത്തുന്ന വാഹനങ്ങള്‍ക്ക് മറുവശം കാണാനാവത്തതു കാരണമാണ് ഇവിടെ അപകടമുണ്ടാകുന്നത്.
കനത്ത മഴ തുടരുന്നതിനോടൊപ്പം വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നതും ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഇതുവരെ പത്തു പേരാണ് വെള്ളക്കെട്ടില്‍ വീണു മരിച്ചത്. തലശേരി ഭാഗത്തുനിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് യാത്രക്കാര്‍ പോകുന്ന പ്രധാന റോഡുകളിലൊന്നാണിത്.












Click it and Unblock the Notifications