കാറിന് തീപിടിച്ച് ദമ്പതികള്‍ മരിച്ച സംഭവം; കാറിനുള്ളില്‍ പെട്രോള്‍ സാന്നിദ്ധ്യം, ഫോറന്‍സിക് റിപ്പോര്‍ട്ട്
കാറിനുള്ളില്‍ പെട്രോളിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നെന്ന് പരിശോധനയ്ക്ക് ശേഷം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

കണ്ണൂര്‍: കാണ്ണൂരില്‍ കാറിന് തീപിടിച്ച് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്ത്. കാറിനുള്ളില്‍ പെട്രോള്‍ സാന്നിദ്ധ്യമുണ്ടെന്ന് സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കോടതിയില്‍ ഈ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഒരു മാസത്തോളം നീണ്ട പരിശോധനകള്‍ക്ക് ശേഷമാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്നത്. റിപ്പോര്‍ട്ട് കതളിപ്പറമ്പ് സബ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി രണ്ടിനായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രസവ വേദനയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. കുറ്റിയാട്ടൂര്‍ സ്വദേശിയായ റീഷയും ഭര്‍ത്താവ് പ്രജിത്തും കുടുംബവുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. കാറിന്റെ പുറകിലിരുന്ന അച്ഛനും അമ്മയും ദമ്പതികളുടെ മകളും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. റീഷയും പ്രജിത്തും കാറിന്റെ മുന്‍സീറ്റിലായിരുന്നു ഇരുന്നത്.
അപകടത്തിന് പിന്നാലെ എന്തുകൊണ്ടാണ് പെട്ടെന്ന് തീ ആളിപ്പടര്‍ന്നതെന്ന ചോദ്യം ഉയര്‍ന്നിരുന്നു. കാറിനുള്ളില്‍ പെട്രോളിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നെന്ന് പരിശോധനയ്ക്ക് ശേഷം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. പെട്ടെന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണം. അതേസമയം, വാഹനത്തിനുള്ളില്‍ പെട്രോളുണ്ടായിരുന്നില്ലെന്നാണ് റീഷയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞത്. കാര്‍ മാഹയില്‍ പോയ സമയത്ത് ഫുള്‍ ടാങ്ക് പെട്രോള്‍ അടിച്ചതാണെന്നും പെട്രോള്‍ വാങ്ങി സൂക്ഷിക്കേണ്ട ആവശ്യമില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം, വാഹനത്തില്‍ പെട്രോളിന്റെ സാന്നിദ്ധ്യമുണ്ടെങ്കില്‍ ആരെങ്കിലും കൊണ്ടുവച്ചതാകാമെന്ന് എന്ന് കുടുംബം സംശയിച്ചിരുന്നു. ഇക്കാര്യം നേരത്തെ തന്നെ കുടുംബം വ്യക്തമാക്കിയിരുന്നു. കാറിന്റെ പിന്‍സീറ്റിലിരുന്ന മകള്‍ ശ്രീപാര്‍വതിയും റീഷയുടെ അച്ഛന്‍ വിശ്വനാഥന്‍, അമ്മ ശോഭന, ഇളയമ്മ സജ്ന എന്നിവര്‍ വാഹനത്തില്‍ നിന്ന് ഉടന്‍ പുറത്തിറങ്ങിയത് കൊണ്ടാണ് രക്ഷപ്പെട്ടത്.
നടുറോഡില്‍ തീ കത്തുന്നത് കണ്ട നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. അടുക്കാനാവാത്ത വിധം തീ ആളിക്കത്തിയിരുന്നു. ബോണറ്റിലോ പെട്രോള്‍ ടാങ്കിലേക്കോ തീ പടര്‍ന്നിട്ടില്ല. പ്രത്യേകം സൗണ്ട് ബോക്സും ക്യാമറയും വണ്ടിയില്‍ ഘടിപ്പിച്ചിട്ടുണ്ട്. പ്രസവ വേദനയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കുള്ള യാത്ര മാധ്യേ ആണ് അപകടം . ആശുപത്രിയുടെ തൊട്ടടുത്ത് വച്ചായിരുന്നു തീപിടിത്തം.
അതേസമയം , സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടിട്ടിരുന്നു. കാറുകള്‍ കത്തി അപകടമുണ്ടാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു .












Click it and Unblock the Notifications