പൊലീസിനെതിരായ വെടിവെപ്പ്; പ്രതിയുടെ ലൈസന്‍സ് റദ്ദാക്കാന്‍ കത്ത് നല്‍കി
വളപട്ടണം: ചിറക്കല്‍ വീടിനുളളില്‍ നിന്ന് പൊലീസിന് നേരെ നടന്ന വെടിവെപ്പ് കേസിലെ മുഖ്യപ്രതിയായ ഡോക്ടര്‍ ബാബു ഉമ്മന്‍ തോമസിന്റെ തോക്കിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ പൊലിസ് കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്ക് അപേക്ഷ നല്‍കി. ഇദ്ദേഹം ഉപയോഗിച്ച റിവോള്‍വറിന് ലൈസന്‍സുണ്ടെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ലൈസന്‍സ് റദ്ദാക്കുന്നതിനായി വളപട്ടണം പൊലീസ് അപേക്ഷ നല്‍കിയത്.
എസ്‌ഐക്കും കൂട്ടര്‍ക്കും നേരെയുളള വധശ്രമം, പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, ആയുധനിയമം ലംഘിക്കല്‍ എന്നീ കുറ്റങ്ങളാണ് ബാബു ഉമ്മന്‍ തോമസിനെതിരെ പൊലിസ് ചുമത്തിയിട്ടുളളത്. വധശ്രമകേസിലെ പ്രതിയായ ഡോക്ടറുടെ മകന്‍ റോഷനെ പിടികൂടാന്‍ വീട്ടിലെത്തിയ പൊലിസിനു നേരെ ഒരാഴ്ച്ച മുന്‍പാണ് വെടിവയ്പ്പു നടന്നത്.

കഴിഞ്ഞ വെളളിയാഴ്ച്ച രാത്രി പത്തരയോടെ ചിറക്കല്‍ ചിറയോരത്തെ വീട്ടിലെ ഒന്നാം നിലയില്‍ കയറിയ വളപട്ടണം എസ്‌ഐ നിഥിനും സംഘത്തിനുമെതിരെയാണ് ബാബു ഉമ്മന്‍ തോമസ് മൂന്ന് റൗണ്ട് നിറയൊഴിച്ചത്. ഇതേ തുടര്‍ന്ന് പ്രതിയുടെ വീട് അഞ്ജാതര്‍ അക്രമിച്ചു തകര്‍ക്കുകയും ചെയ്തു. പൊലിസിനു നേരെയുളള വെടിവയ്പ്പില്‍ നിന്നും എസ്‌ഐയും കൂട്ടരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നാണ് പറയുന്നത്.
പ്രതിയെ ചോദ്യം ചെയ്യുന്നതിനായി രണ്ടു് ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. വെളളിയാഴ്ച്ച പകല്‍ പ്രതിയെയും കൊണ്ടു ചിറക്കല്‍ ചിറയ്ക്കു സമീപമുളള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് പൊലിസ് സ്റ്റേഷനിലെത്തിച്ചു വിശദമായ ചോദ്യം ചെയ്യല്‍ നടത്തി. പൊലിസ് വീട്ടില്‍ കയറിയപ്പോള്‍ ആത്മരക്ഷാര്‍ത്ഥമാണ് വെടിവച്ചതെന്നാണ് പ്രതി ചോദ്യം ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചത്.
വധശ്രമകേസില്‍ പതിയായ മകനും അഭിഭാഷകനുമായ റോഷന്‍ എവിടെയാണെന്ന പൊലിസിന്റെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി. സംഭവത്തെ തുടര്‍ന്ന് വീട്ടില്‍നിന്നും ഓടിരക്ഷപ്പെട്ട റോഷനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ വീടിനു നേരെ അക്രമം നടത്തിയവരെ പിടികൂടാന്‍ പൊലിസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലിസ് ഗുണ്ടകളുമായാണ് തന്റെ വീട്ടിലെത്തിയതെന്ന ഗുരുതരമായ ആരോപണവും ഡോ.ബാബു ഉമ്മന്‍ തോമസും ഭാര്യ ലിന്‍ഡയും ഉന്നയിക്കുന്നുണ്ട്.
തങ്ങളുടെ മകനോട് എതിര്‍പ്പുളള ഗുണ്ടകളാണ് വീടാക്രമിക്കുകയും കാര്‍ തല്ലിതകര്‍ക്കുകയും ചെയ്തതെന്നാണ് ഇവരുടെ ആരോപണം. പൊലിസിനു നേരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് എങ്ങനെയെങ്കിലും റോഷനെ അറസ്റ്റു ചെയ്തു വിവാദങ്ങള്‍ അവസാനിപ്പിക്കാനാണ് നീക്കം. മയക്കുമരുന്ന് കേസിലുള്‍പ്പെടെ റോഷന്‍ പ്രതിയാണെന്നാണ് പൊലിസിന്റെ വിശദീകരണം. കണ്ണൂരിന് പുറത്തും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്നാണ് ആരോപണം.












Click it and Unblock the Notifications