കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇ ക്ലാസ് ചലഞ്ച് ഏറ്റെടുത്ത് കണ്ണൂർ: ഇതുവരെ ലഭിച്ചത് 400 ഓളം ടെലിവിഷൻ സെറ്റുകൾ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഓണ്‍ലൈന്‍ പഠന സൗകര്യം ലഭ്യമല്ലാത്ത ഒരു കുട്ടിപോലും ജില്ലയില്‍ ഇല്ലെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഇക്ലാസ് ചലഞ്ചില്‍ സഹായ പ്രവാഹം തുടരുന്നു. വീടുകളില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിനായി വിദ്യാര്‍ഥി, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍, വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവയുടെ നേതൃത്വത്തില്‍ സഹായ സഹകരണങ്ങൾ തുടരുകയാണ്. ചലഞ്ചിന്റെ ഭാഗമായി വ്യാഴാഴ്ചയും ടിവി സെറ്റുകള്‍ വിതരണം ചെയ്തു.

കണ്ണൂരിൽ മാട്ടൂൽ പുതിയ ഹോട്ട്സ്പോട്ട്: സുരക്ഷ ശക്തമാക്കി പോലീസ്!! ഇരുട്ടിയിൽ കടുത്ത നിയന്ത്രണങ്ങൾ!! കണ്ണൂരിൽ മാട്ടൂൽ പുതിയ ഹോട്ട്സ്പോട്ട്: സുരക്ഷ ശക്തമാക്കി പോലീസ്!! ഇരുട്ടിയിൽ കടുത്ത നിയന്ത്രണങ്ങൾ!!

പ്ലൈവുഡ് ആന്റ് ബ്ലോക്ക് ബോര്‍ഡ്‌സ് മാനുഫാക്‌ച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. ടി പി നാരായണന്‍ രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ സംഭാവന നല്‍കി. ഇവ നിര്‍ധനരായ രണ്ട് വിദ്യാര്‍ഥികള്‍ക്ക് സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് കൈമാറി. അരയ്ക്ക് താഴെ തളര്‍ന്ന കാഞ്ഞിലേരി യുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ദേവതീര്‍ഥ്, സിറ്റി സ്‌കൂള്‍ പ്ലസ്ടു വിദ്യാര്‍ഥിനി സന എന്നിവര്‍ക്കാണ് ഫോണുകള്‍ കൈമാറിയത്.

challenge-15

കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വാഗ്ദാനം ചെയ്ത ടിവി സെറ്റ് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ വിനോദ് പൃത്തിയില്‍, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ സരിന്‍ ശശി എന്നിവര്‍ ചേര്‍ന്ന് കൈമാറി. ശേഷിക്കുന്നവ പഞ്ചായത്ത് യൂത്ത് കോ ഓര്‍ഡിനേറ്റര്‍മാര്‍ മുഖാന്തിരം ആവശ്യക്കാര്‍ക്ക് വിതരണം ചെയ്യും. 60 ടി വി സെറ്റുകളാണ് കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഇതില്‍ ആദ്യത്തെ ടി വി സെറ്റ് ഭാരവാഹികളില്‍ നിന്ന് സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഏറ്റുവാങ്ങി.

ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ലഭ്യമാവുന്ന സ്മാര്‍ട്ട് ഫോണ്‍, കമ്പ്യൂട്ടര്‍, ടിവി തുടങ്ങിയ സൗകര്യങ്ങളില്ലാത്ത ജില്ലയിലെ കുട്ടികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി തുടക്കമിട്ട ഇ ക്ലാസ് ചലഞ്ചിന്റെ ഭാഗമായി 400 ഓളം ടെലിവിഷന്‍ സെറ്റുകളാണ് ഇതുവരെ ലഭിച്ചത്. 10 ടാബ്ലെറ്റുകളും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. സഹായം ആവശ്യമായ എട്ടോളം പേര്‍ക്ക് ഇതുവരെ സമിതിയുടെ നേതൃത്വത്തില്‍ ടിവിയും ഫോണുകളും നേരിട്ട് വിതരണം ചെയ്തിട്ടുണ്ട്. ശേഷിക്കുന്നവ ഡിഡിഇ ഓഫീസ് മുഖാന്തിരം വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ എസ്എഫ്‌ഐ 300 ഓളം ടിവി സെറ്റുകള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഇതിനിടെ ഓണ്‍ലൈന്‍ പഠനസൗകര്യമില്ലാത്ത കുട്ടികളെ കണ്ടെത്തുന്നതിന് സ്‌കൂള്‍ പ്രധാനാധ്യാപകരും ക്ലാസ് ടീച്ചറും മുന്‍കൈയെടുക്കണമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ ജില്ലാതല സമിതി യോഗം ആവശ്യപ്പെട്ടു. ജില്ലയിലെ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത വിദ്യാര്‍ഥികള്‍ക്ക് ടിവിയോ സ്മാര്‍ട്ട് ഫോണോ നല്‍കുന്നതിനുള്ള ഇ ക്ലാസ് ചലഞ്ചിന്റെ ഭാഗമായിട്ടാണ് യോഗം ചേര്‍ന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഇതിന്റെ കണക്കെടുപ്പ് നടത്തിയിട്ടുണ്ട്.

എന്നാല്‍ ഓരോ സ്‌കൂളിലും ഒരു വിദ്യാര്‍ഥിപോലും ഒഴിഞ്ഞുപോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഇതിന്റെ ചുമതല പ്രധാനാധ്യാപകരും ക്ലാസ് ടീച്ചറും നര്‍വഹിക്കണം. ഇങ്ങനെ കണ്ടെത്തുന്ന കുട്ടികള്‍ക്ക് പ്രാദേശിക തലത്തില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ലഭ്യമാക്കാന്‍ തദ്ദേശസ്ഥാപനങ്ങളുടെയും സ്‌കൂളിന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും യോഗം നിര്‍ദേശിച്ചു. സ്‌കൂള്‍ അധികൃതരും വാര്‍ഡ് അംഗങ്ങളുള്‍പ്പെടെയുള്ള തദ്ദേശസ്ഥാപന പ്രതിനിധികളും ചേര്‍ന്ന് പരിശോധന നടത്തിയായിരിക്കണം ഇത്തരത്തിലുള്ള വിദ്യാര്‍ഥികളുടെ പട്ടിക തയ്യാറാക്കേണ്ടത്. ജില്ലാ തലത്തില്‍ ആദിവാസി മേഖലകള്‍, തീരദേശ പ്രദേശങ്ങള്‍ എന്നിങ്ങനെ സവിശേഷ ശ്രദ്ധ ആവശ്യമുള്ള സ്ഥലങ്ങളില്‍ ടിവിയോ ഫോണോ ലഭ്യമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ജില്ലയില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളിലായി 7800 കുട്ടികെളയാണ് വീടുകളില്‍ ടിവിയോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്തതായി കണ്ടെത്തിയിരുന്നത്. ഇ ക്ലാസ് ചലഞ്ച് ആരംഭിച്ചതിന്റെ ഭാഗമായി നിരവധി സംഘടനകള്‍ ഇതിനകം സംഭാവനകള്‍ നല്‍കാന്‍ മുന്നോട്ടു വന്നു. ആറളം മേഖലയില്‍ കോളനികള്‍ കേന്ദ്രീകരിച്ച് 19 പഠന കേന്ദ്രങ്ങള്‍ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുക്കി. ഇവിടെ ടിവിയും ഡിടിഎച്ച് കണക്ഷനും ഒരുക്കുകയും ചെയ്തു. 600 ഓളം വിദ്യാര്‍ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.

കോളനികളിലെ പഠന മുറികള്‍, അയല്‍പക്ക പഠനം, തൊട്ടടുത്ത വായനശാലകളിലെ സൗകര്യം ഉപയാഗപ്പെടുത്തല്‍ എന്നിങ്ങനെയുള്ള നടപടികളും ആരംഭിച്ചു. 3934 വിദ്യാര്‍ഥികള്‍ക്ക് ഇങ്ങനെ ഓണ്‍ലൈന്‍ പഠനം ലഭ്യമാക്കാന്‍ ഇ ക്ലാസ് ചലഞ്ചിന്റെ ഭാഗമായുള്ള ഇടപെടലിലൂടെ സാധിച്ചു. ജൂണ്‍ 4 വരെയുള്ള കണക്ക് പ്രകാരം ജില്ലയില്‍ ഇനി ഓണ്‍ലൈന്‍ പഠനത്തിന് ഒരു തരത്തിലുള്ള സൗകര്യവുമില്ലാത്ത 3400 വിദ്യാര്‍ഥികളാണുള്ളത്. ഇവര്‍ക്കും അടുത്ത ദിവസങ്ങളില്‍ പഠന സൗകര്യം ഒരുക്കാനാണ് ശ്രമം. തദ്ദേശസ്ഥാപനങ്ങളുടെ തലത്തിലും ഇതിനായി വിപുലമായ പരിശ്രമങ്ങള്‍ നടന്നുവരികയാണ്. ഒരു കുട്ടിയും ആശങ്കപ്പെടേണ്ടതില്ലെന്നും എല്ലാവര്‍ക്കും ഓണ്‍ലൈന്‍ പഠനസൗകര്യം ഒരുക്കുമെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ ജില്ലാതല സമിതി യോഗം അറിയിച്ചു.

English summary
Kannur get 400 Television sets as part of E- Class challenge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X