പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് കോഴിക്കോട് മോഡലാകുന്നു
പരിയാരം: പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പൂർണ്ണമായും ആരോഗ്യ വകുപ്പ് വിഭാവനം ചെയ്ത സംവിധാനത്തിലേക്ക് മാറുന്നു. കോഴിക്കോട് മോഡൽ
മെഡിക്കൽ കോളേജ് സംവിധാനത്തിലേക്കാണ് പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജും പൂർണമായും മാറുന്നത്.
നേരത്തെയുണ്ടായിരുന്ന സഹകരണ ഹൃദയാലയുടെ പേര് മാറ്റി ഡിപ്പാർട്ട്മെൻ്റ് ഓഫ് കാർഡിയോളജിയെന്നാക്കിയിട്ടുണ്ട്.നേരത്തെ വൻതുക ഫീസ് ഈടാക്കിയിരുന്ന സഹകരണ ഹൃദയാലയയിൽ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിന് സമാനമായ ചികിത്സാ നിരക്ക് മാത്രമാണുള്ളത്. ഇതിൽ ബി.പി.എൽ വിഭാഗക്കാർക്ക് പരിപൂർണമായും സൗജന്യമായാണ് ചികിത്സ 'എട്ടു മണി മുതൽ മൂന്നു മണി വരെ ആറു ഡോക്ടർമാരുടെ സേവനവും ഒ.പി യിൽ ലഭ്യമാണ്.

സർക്കാർ മെഡിക്കൽ കോളേജായി മാറിയതിനു ശേഷം നേരത്തെയുണ്ടായിരുന്ന 250 രൂപ ഫീസ് നിരക്ക് പൂർണമായും ഒഴിവാക്കിയിട്ടുണ്ട്. 2019 മാർച്ച് 18 മുതലാണ് പരിയാരം സഹകരണാശുപത്രി സർക്കാർ ഏറ്റെടുത്തത് പ്രാബല്യത്തിൽ വന്നത്. ഇതിനു ശേഷം സഹകരണ മാനേജ്മെൻ്റിനു കീഴിലുണ്ടായിരുന്ന ഓരോ വിഭാഗവും സർക്കാർ സംവിധാനത്തിലേക്ക് മാറുകയായിരുന്നു ഏറ്റവും ഒടുവിലാണ് മികച്ച ഹൃദയ ചികിത്സാ കേന്ദ്രമായി പേരെടുത്ത ഹൃദയാലയവും സർക്കാർ മെഡിക്കൽ കോളേജ് സംവിധാനത്തിലേക്ക് മാറാൻ തുടങ്ങിയത്.പരിയാരം സഹകരണ മെഡിക്കൽ കോളേജിൻ്റെ പേര് കണ്ണൂർ ഗവ.മെഡിക്കൽ കോളേജെന്നാക്കിയതുപോലെ ഹൃദയാലയയും ഇപ്പോൾ ഡിപ്പാർട്ട്മെൻ്റ് ഓഫ് കാർഡിയോളജിയെന്ന പേരിലാണ് അറിയപ്പെടുന്നത് ഇതോടെ മറ്റു മെഡിക്കൽ കോളേജിലേതിനു സമാനമായി നഴ്സുമാരെയും മറ്റു ജീവനക്കാരെയും ആശുപത്രി മാനേജ്മെൻ്റ് ഡിപ്പാർട്ട്മെൻ്റ് ഓഫ് കാർഡിയോളജിയിലേക്കും മാറ്റി തുടങ്ങിയിട്ടുണ്ട്.മെഡിക്കൽ കോളേജിലെ നഴ്സുമാർ ഇനി ഒരൊറ്റ നഴ്സിങ്ങ് സുപ്രണ്ടിൻ്റെ കീഴിലാണ് ഒപ്പിടേണ്ടത്.
ഇതു നാലാം നിലയിലാണെന്ന വിമർശനം ഉയരുന്നുണ്ടെങ്കിൽ കേന്ദ്രീകൃതമായ സംവിധാനം നടപ്പിലാക്കുന്നതിന് ഗുണം ചെയ്യുമെന്നാണ് ആശുപത്രി മാനേജ്മെൻ്റിൻ്റെ നിലപാട്. എന്നാൽ ഇതിൽ ജീവനക്കാർക്കു പലർക്കും എതിർപ്പുണ്ടെങ്കിലും അതു പുതിയ സംവിധാനത്തിലേക്ക് മാറുമ്പോഴുണ്ടാകുന്ന സ്വഭാവികമായ പ്രതികരണം മാത്രമായേ മാനേജ്മെൻ്റ് കാണുന്നുള്ളു. കണ്ണുർ ഗവ.മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്തതിനു ശേഷം ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം ഗണ്യമായി കൂടിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.ഇതിൽ ഏറിയ പേരും സാധാരണക്കാരാണ്. സ്വകാര്യ ആശുപത്രികളുടെ കഴുത്തറപ്പൻ ചികിത്സാ ചെലവ് താങ്ങാനാവാൻ കഴിയാത്തവരാണ് കണ്ണുർ ഗവ.മെഡിക്കൽ കോളേജിനെ കൂടുതൽ ആശ്രയിക്കുന്നത് അതുകൊണ്ടുതന്നെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് മെച്ചപ്പെട്ട ചികിത്സാ സംവിധാനമൊരുക്കുകയെന്നതാണ് ഇപ്പോൾ നേരിടുന്ന വെല്ലുവിളി.
അഞ്ചരകോടി ചെലവിൽ കാത്ത് ലാബ് ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ജീവനക്കാരുടെ ക്ഷാമം പരിഗണിക്കുന്നതിനായി നടപടികൾ നടന്നുവരികയാണെന്നും ഇതിൻ്റെ ഭാഗമായി പതിനഞ്ചോളം സെക്യുരിറ്റി ജീവനക്കാരെ നിയമിച്ചതായും മാനേജ്മെൻ്റ് അറിയിച്ചു.ഇപ്പോൾ നിലവിലുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്താനും ശമ്പള വേതന വ്യവസ്ഥകൾ മറ്റു മെഡിക്കൽ കോളേജുകളേ തിന് സമാനമായി ഏകീകരിക്കാനും ധാരണയായിട്ടുണ്ടെങ്കിലും സർക്കാർ അനുമതിയായിട്ടില്ല. ഇതു ലഭിച്ചു കഴിഞ്ഞാൽ 2019 മുതൽ മുൻകാല പ്രാബല്യത്തോടെ ശമ്പള പരിഷ്കരണം ഏർപ്പെടുത്തുമെന്നാണ് ആരോഗ്യ വകുപ്പ് വ്യത്തങ്ങൾ നൽകുന്ന വിവരം












Click it and Unblock the Notifications