കേരളത്തിലെ ആദ്യ സമ്പൂര്‍ണ ഇ-ഓഫീസ് ജില്ലയായി കണ്ണൂരിനെ പ്രഖ്യാപിച്ചു
കണ്ണൂര്‍: അടുത്ത നാല് വര്‍ഷം കൊണ്ട് കേരളത്തില്‍ ഡിജിറ്റല്‍ റീസര്‍വ്വേ പൂര്‍ത്തിയാക്കുമെന്ന് റവന്യുമന്ത്രി അഡ്വ. കെ. രാജന്. ജില്ലയിലെ റവന്യൂ ഓഫീസുകളില്‍ സമ്പൂര്‍ണ ഇ ഓഫീസ് നടപ്പാക്കിയതിന്റെ പ്രഖ്യാപനവും കലക്ടറേറ്റിലെ നിരീക്ഷണ ക്യാമറ പ്രവര്‍ത്തന പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
1966 - ലാണ് ഐക്യ കേരളത്തിലെ ആദ്യത്തെ റീസര്‍വ്വേ നടപടികള്‍ ആരംഭിച്ചത്.സംസ്ഥാനത്തെ 1666 വില്ലേജുകളിലെ 911 വില്ലേജുകളിലാണ് റീസര്‍വ്വേ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത്.

അതില്‍ 89 വില്ലേജുകളിലാണ് ഇലക്ട്രോണിക് ടോട്ടല്‍ സ്റ്റേഷന്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റീസര്‍വ്വേ നടത്താന്‍ സാധിച്ചത്. 27 വില്ലേജുകളില്‍ ഡിജിറ്റല്‍ സര്‍വേ പുരോഗമിക്കുന്നു. ഈ 116 വില്ലേജുകള്‍ മാറ്റി നിര്‍ത്തിയാല്‍, ശേഷിച്ച 1550 വില്ലേജുകളിലും നാല് വര്‍ഷം കൊണ്ട് ഡിജിറ്റല്‍ റീസര്‍വേ നടപടി പൂര്‍ത്തീകരിക്കണം.
55 വര്‍ഷക്കാലം കൊണ്ട് നടത്തി പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത റീസര്‍വ്വേ നാല് വര്‍ഷക്കാലം കൊണ്ട് നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പൂര്‍ത്തീകരിക്കാന്‍ പോവുകയാണ്. സുതാര്യവും വേഗതയുള്ളതുമായ കണ്ടിന്വസ്ലി ഓപ്പറേറ്റിംഗ് റഫറന്‍സ് സ്റ്റേഷന്‍ എന്ന കോര്‍സ് ആണ് ഇതിന് ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യ. ഇതിനായി കേരളത്തില്‍ 28 കോര്‍സ് സ്റ്റേഷനുകള്‍ നിര്‍മ്മിച്ചു. ഇതില്‍നിന്ന് ലഭ്യമാവുന്ന സിഗ്നലുകള്‍ക്കനുസരിച്ച് ഒരു സര്‍വേയര്‍ക്കും സഹായിക്കും ഉപയോഗിക്കാന്‍ കഴിയുന്ന ആര്‍ടികെ റോബോട്ടിക് മെഷീനുകള്‍ ഉപയോഗിച്ചായിരിക്കും 70 ശതമാനം കേരളത്തെയും ഡിജിറ്റലായി അളക്കുക. ശേഷിക്കുന്നതില്‍ 20 ശതമാനം റോബോട്ടിക്് ടോട്ടല്‍ സ്റ്റേഷന്‍ ഉപയോഗിച്ച് അളക്കും. 10 ശതമാനം തുറസ്സായ സ്ഥലങ്ങളില്‍ ലഡാര്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കും.
ഇതിന് 1000 ആര്‍ടികെ റോബോട്ട് മെഷീനുകളും 700 ആര്‍ടിഎസ് മെഷീനുകളും 1700 ടാബുകളും വാങ്ങാനുള്ള ടെന്‍ഡര്‍ നടപടികള്‍ മുന്നോട്ടുപോവുകയാണ്. 1500 സര്‍വേയര്‍മാരേയും 3200 സഹായികളേയും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന മെയ് മാസം നിയമിക്കും. ഡിജിറ്റല്‍ റീസര്‍വേക്ക് വേണ്ട 807 കോടി രൂപ റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി അനുവദിച്ചിട്ടുണ്ട്.
ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തീകരിക്കുന്നതോടെ റവന്യു വകുപ്പിന്റെ റെലിസ്, രജിസ്‌ട്രേഷന്‍ വകുപ്പിന്റെ പേള്‍, സര്‍വ്വേ വകുപ്പിന്റെ ഇ-മാപ്‌സ് എന്നീ സോഫ്റ്റ്വെയറുകള്‍ കൂടിച്ചേര്‍ന്നുള്ള സംയോജിത പോര്‍ട്ടലിലൂടെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കും. ഇതോടെ ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങള്‍ തടസ്സമില്ലാതെ നടത്താനാവും. അനധികൃതമായി ഭൂമി കൈവശം വച്ചവരില്‍ നിന്നും അവ തിരിച്ച് പിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഇടപെടലാകും ഇതെന്നും മന്ത്രി പറഞ്ഞു.
ആദ്യമായാണ് സംസ്ഥാനത്ത് കലക്ടറേറ്റ്, റവന്യൂ ഡിവിഷന്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, റവന്യൂ വകുപ്പിന് കീഴില്‍ വരുന്ന സ്‌പെഷ്യല്‍ ഓഫീസുകള്‍ അടക്കം മുഴുവനായി ഇ ഓഫീസ് സംവിധാനം നടപ്പാക്കുന്നത്. സര്‍ക്കാരിന്റെ 100 ദിന പദ്ധതിയുടെ ഭാഗമായാണ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഐ ടി മിഷനും എന്‍ ഐ സിയും ചേര്‍ന്ന് കേവലം 60 ദിവസത്തെ പരിശ്രമം കൊണ്ട് പദ്ധതി നടപ്പിലാക്കിയത്
2022 ഫെബ്രുവരിയിലാണ് ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖറുടെ നേതൃത്വത്തില്‍ സമ്പൂര്‍ണ ഇ-ഓഫീസ് പദ്ധതി നടപ്പാക്കാന്‍ ജില്ലയില്‍ കര്‍മ്മപദ്ധതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയത്. ഇ ഓഫീസിലുടെ തപാല്‍ സൃഷ്ടിക്കല്‍, ഫയല്‍ സൃഷ്ടിക്കല്‍, ഫയല്‍ പ്രോസസിംഗ്, ഫയലില്‍ നിന്ന് ഓര്‍ഡറുകള്‍ നല്‍കല്‍ എന്നിവയില്‍ തുടങ്ങി ഫയല്‍ നീക്കത്തിന്റെ എല്ലാ ഘട്ടവും ഇ-ഓഫീസിന്റെ ഭാഗമാവും. പ്രസിദ്ധീകരിച്ച സര്‍ക്കാര്‍ ഉത്തരവുകള്‍, ഫയല്‍ സ്റ്റാറ്റസ്, എന്നിവ സംബന്ധിച്ച വിവരങ്ങള്‍ അനായാസം ഇ-ഓഫീസിന്റെ വെബ്‌പോര്‍ട്ടല്‍ മുഖനെ പൊതുജങ്ങള്‍ക്ക് ലഭ്യമാകും.
കലക്ടറേറ്റുകളിലേക്ക് സംസ്ഥാനത്ത് ആദ്യമായി ഇ-ഓഫീസ് വ്യാപിപ്പിച്ചത് കണ്ണൂര്‍ ജില്ലയിലാണ്. തുടര്‍ന്ന് 2016 ല്‍ തലശ്ശേരി റവന്യൂ ഡിവിഷണല്‍ ഓഫീസിലും ഇ-ഓഫീസ് നടപ്പാക്കി. റവന്യൂ വകുപ്പില്‍ നിരവധി ഡിജിറ്റല്‍ സേവനങ്ങളാണ് പുതുതായി ആരംഭിക്കുന്നത്. ഭൂനികുതി അടക്കാനുള്ള മൊബൈല്‍ ആപ്പ്, വില്ലേജ് ഓഫീസുകളില്‍ ഔദ്യോഗിക വെബ്‌സൈറ്റുകള്‍, പൊതുജനങ്ങള്‍ക്കായി ഇ-സര്‍വ്വീസസ് പോര്‍ട്ടല്‍ തുടങ്ങിയവയാണ് സേവനങ്ങള്‍. ജനങ്ങള്‍ക്ക് വിവിധ ഭൂരേഖകള്‍ക്കായി ഓഫീസുകള്‍ കയറിയിറങ്ങേണ്ട ബുദ്ധിമുട്ട് ഇതിലൂടെ കുറയ്ക്കാനും ആവശ്യങ്ങള്‍ സാധിക്കാനും കഴിയും.
ജില്ലാ ഐടി മിഷന്‍ പ്രൊജക്ട് മാനേജര്‍ മിഥുന്‍ കൃഷ്ണ, എഞ്ചിനീയര്‍മാര്‍ എന്നിവരെ റവന്യൂ വകുപ്പ് മന്ത്രി ആദരിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എംഎല്‍എ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എംഎല്‍എ ആശംസ നേര്‍ന്നു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ സ്വാഗതവും എഡിഎം കെ കെ ദിവാകരന്‍ നന്ദിയും പറഞ്ഞു. അസി. കലക്ടര്‍ മുഹമ്മദ് ഷഫീഖ്, തളിപ്പറമ്പ് ആര്‍ഡിഒ ഇപി മേഴ്സി പങ്കെടുത്തു.












Click it and Unblock the Notifications