പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കി; പെരിങ്ങോത്തെ നടപടിയില്‍ എംവി ജയരാജന്‍
കണ്ണൂര്‍: പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന വിധത്തില്‍ തെറ്റായ സാമ്പത്തിക ഇടപാടുകളില്‍ പങ്കാളിയാണെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് പെരിങ്ങോത്തെ നാല് പാര്‍ടി അംഗങ്ങളെ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതെന്ന് ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സിപിഎം അംഗങ്ങള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് പാര്‍ടി ഭരണഘടനയില്‍ വിവരിക്കുന്നുണ്ട്.
അതിലെ 19-ാം വകുപ്പ് പ്രകാരം ഇത്തരം തെറ്റുകള്‍ ഗുരുതരമായ കുറ്റമാണ്. അതാണ് പുറത്താക്കല്‍ നടപടിയെടുത്തത്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എംവി ജയരാജന്‍. ബൂര്‍ഷ്വാ പാര്‍ടികള്‍ സാമ്പത്തിക കുറ്റം ചെയ്തവരെ പൂമാലയിട്ട് സ്വീകരിക്കുകയാണ്. സാമ്പത്തിക ക്രമക്കേടും തട്ടിപ്പും നടത്തിയ കെപിപിസി ജനറല്‍ സെക്രട്ടറിക്കും പഞ്ചായത്ത് പ്രസിഡന്റിനും പഞ്ചായത്ത് മെംബര്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയും റിമാന്‍ഡിലാവുകയും ചെയ്തിട്ടും കോണ്‍ഗ്രസ് ഒരു നടപടിയുമെടുത്തില്ല.

എന്നാല്‍ സിപിഎം അങ്ങനെയല്ല ചെയ്യുന്നത്. തെറ്റ് ചെയ്‌തെന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്നും ജയരാജന്‍ ചൂണ്ടിക്കാട്ടി.പുറത്താക്കപ്പെട്ടവര്‍ അവര്‍ ജോലി ചെയ്ത ബാങ്കുകളിലോ, സഹകരണ സ്ഥാപനങ്ങളിലോ ഒരു സാമ്പത്തിക ക്രമക്കേടും നടത്തിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മാധ്യമ സ്വാതന്ത്ര്യത്തെ കുറിച്ച് ഊറ്റം കൊള്ളുന്നവര്‍ കമ്യൂണിസ്റ്റുകാരെ ശിക്ഷിക്കുന്നതിന് സാക്ഷി പറഞ്ഞവരാണെന്ന കാര്യം വിസ്മരിക്കരുത്.
2011ല്‍ കോടതിയലക്ഷ്യം ആരോപിച്ച് തനിക്കെതിരെ ചുമത്തിയ കേസില്‍ മാധ്യമപ്രവര്‍ത്തകരുടെ സാക്ഷിമൊഴി മുഖവിലക്കെടുത്താണ് ശിക്ഷിച്ചതെന്ന് ജയരാജന്‍ പറഞ്ഞു. ഇതിനിടെ കണ്ണൂരിലെ സിപിഎം പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെട്ട കള്ളപ്പണ ഇടപാടില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് രംഗത്തുവന്നു.
കള്ളപ്പണ മാഫിയാ ബന്ധത്തില്‍ മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളേയും, ബ്രാഞ്ച് അംഗത്തേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നാണ് വ്യക്തമായിരിക്കുന്നത്. ഇത് പാര്‍ട്ടിക്കകത്ത് ഒതുക്കിത്തീര്‍ക്കാന്‍ മാത്രം ലഘുവായ കാര്യമല്ല. കോടികളുടെ കളളപ്പണം വെളുപ്പിക്കാന്‍ സിപിഎം നേതാക്കള്‍ ഇടപാടു നടത്തിയെന്നാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ എല്‍ഡിഎഫിലെ ഒരു ഘടകകക്ഷി നേതാവിന്റെ മകനെ ക്വട്ടേഷന്‍ സംഘം വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു.
ഇതിനെ കേവലമായ അപകടമാക്കി ഒതുക്കുകയാണ് പോലീസ് ചെയ്തത്. വധശ്രമത്തിനിരയായ യുവാവിന്റെ പിതാവ് സിപിഎം സംസ്ഥാന സെക്രട്ടറിക്ക് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് നാല് പേര്‍ക്കെതിരെ നടപടി ഉണ്ടായത്. സിപിഎമ്മിന്റെ പാര്‍ട്ടി കോടതിയില്‍ ഒത്തുതീര്‍പ്പാക്കേണ്ട വിഷയമല്ല ഇത്. രാജ്യത്തിന്റെ സമ്പദ്ഘടനയെ ബാധിക്കുന്ന രാജ്യദ്രോഹപ്രവര്‍ത്തനങ്ങളാണ് ഭരണത്തിന്റെ പിന്‍ബലത്തില്‍ സിപിഎം മാഫിയാ സംഘങ്ങള്‍ നടത്തുന്നത്.
അതുകൊണ്ടു തന്നെ പാര്‍ട്ടി കോടതിയുടെ തീര്‍പ്പിനു വിടാതെ ഇക്കാര്യം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത്, കള്ളപ്പണ മാഫിയാ പ്രവര്‍ത്തനങ്ങളില്‍ സിപിഎം ,ഡിവൈഎഫ്‌ഐ നേതാക്കളുടെ പങ്കാളിത്തം ആവര്‍ത്തിച്ച് പുറത്ത് വരികയാണ്. കൊടി സുനി മുതല്‍ ആകാശ് തില്ലങ്കേരി, അര്‍ജുന്‍ ആയങ്കി തുടങ്ങിയ സിപിഎമ്മിന്റെ ക്വട്ടേഷന്‍ സംഘങ്ങള്‍ ഭരണത്തിന്റെ തണലില്‍ സമാന്തര നിയമ സംവിധാനം തന്നെ സൃഷ്ടിച്ച് പ്രവര്‍ത്തിക്കുന്നത് വ്യക്തമായിട്ട് അധികനാളായിട്ടില്ല.
ജയിലിലിരുന്നും ഇവര്‍ അധോലോക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ടിപി വധക്കേസിലെ പ്രതിയായ രജീഷിനെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്ത സംഭവത്തില്‍ നിന്ന് വ്യക്തമാകുന്നത്. ജീര്‍ണതയുടെ പടുകുഴിയിലായ സിപിഎമ്മിന്റെ അവസ്ഥയാണ് മുഖ്യമന്ത്രിയുടെയും പാര്‍ട്ടി സെക്രട്ടറിയുടെയും ജില്ലയില്‍ തെളിഞ്ഞു വരുന്നതെന്നും അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് പറഞ്ഞു












Click it and Unblock the Notifications