ചരിത്രത്തിലേക്ക് വെളിച്ചം വീശി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ചരിത്ര പ്രദര്‍ശനം സമാപിച്ചു
പളളിക്കുന്ന്: പിറന്ന മണ്ണിനെ ബ്രിട്ടീഷ് വൈദേശികാധിപത്യത്തില്‍നിന്ന് മോചിപ്പിക്കാന്‍ പോരാടിയ സ്വാതന്ത്ര്യസമര സേനാനികളുടെ ജ്വലിക്കുന്ന ഓര്‍മകളിലേക്ക് വഴിതുറന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മൂന്നുദിവസമായി നടന്നുവരുന്ന ചരിത്ര പ്രദര്‍ശനം സമാപിച്ചു. ജയില്‍ കോമ്പൗണ്ടിന് പുറത്തുള്ള ക്വാറന്റൈന്‍ ബ്ലോക്കിലാണ് സ്വാതന്ത്ര്യസമര ചരിത്രം അടയാളപ്പെടുത്തുന്ന പ്രദര്‍ശനം സംഘടിപ്പിച്ചത്.
കയ്യൂര്‍ രക്തസാക്ഷികളായ അപ്പു, ചിരുകണ്ടന്‍, കുഞ്ഞമ്പു നായര്‍, അബൂബക്കര്‍ എന്നിവരെ തൂക്കിലേറ്റിയപ്പോഴുള്ള ജയില്‍രേഖകള്‍, സ്വാതന്ത്ര്യസമര പോരാളികളുടെ ജയില്‍ പ്രവേശന രേഖകള്‍, എകെജി, മുന്‍മുഖ്യമന്ത്രിമാരായ ഇഎംഎസ്, സി അച്യുതമേനോന്‍, സാഹിത്യകാരന്‍ എസ് കെ പൊറ്റെക്കാട് എന്നിവരുടെ ജയില്‍ സന്ദര്‍ശന രജിസ്റ്ററിലെ കുറിപ്പുകള്‍ എന്നിവ പ്രദര്‍ശനത്തിലുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ തടവുകാരനായിരിക്കെ പരോള്‍ ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിക്ക് എഴുതിയ കത്ത് ഏറെ കൗതുകത്തോടെയാണ് പ്രദര്‍ശനത്തിലെത്തുന്നവര്‍ വായിക്കുന്നത്. കയ്യൂര്‍ രക്തസാക്ഷികളെ തൂക്കിക്കൊന്നതും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ്. 1991-ല്‍ സീരിയല്‍ കില്ലറായ മുതുകുറ്റി ചന്ദ്രനെന്ന റിപ്പര്‍ ചന്ദ്രനാണ് അവസാനമായി ഇവിടെ നിന്നും തൂക്കിലേറ്റപ്പെട്ടയാള്‍.
ജയില്‍ അന്തേവാസികള്‍ വരച്ച ചിത്രങ്ങളും കരകൗശല വസ്തുക്കളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. മൂന്ന് ദിവസങ്ങളിലായി നടന്ന പ്രദര്‍ശനം കാണാന്‍ നൂറുകണക്കിന് വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും പൊതുജനങ്ങളുമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. വസൂരി, ചിക്കന്‍പോക്സ് രോഗങ്ങള്‍ വ്യാപകമായ കാലത്ത് സ്വാതന്ത്ര്യസമര സേനാനികളെ മറ്റ് ജയിലുകളില്‍നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമ്പോള്‍ ക്വാറന്റൈന്‍ ചെയ്തിരുന്നതാണ് ഈ സെല്ലുകള്‍.
ഇവിടെ തടവുകാരെ പാര്‍പ്പിക്കുന്നില്ലെങ്കിലും അക്കാലത്തെ തടവുകാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന രേഖകള്‍ ഇവിടെ സൂക്ഷിക്കുന്നുണ്ട്. കാലപ്പഴക്കത്തില്‍ ചിലത് നശിച്ചു. പൊതുജനങ്ങള്‍ക്ക് അറിവ് പകരാനാണ് ഇത്തരത്തിലൊരു പ്രദര്‍ശനം സംഘടിപ്പിച്ചതെന്ന് ജയില്‍ സൂപ്രണ്ട് ഡോ. വിജയന്‍ പറഞ്ഞു. ജയിലിലെ പഴക്കം ചെന്ന രജിസ്റ്ററുകളും മറ്റ് രേഖകളും ഡിജിറ്റലൈസ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ കണ്ണൂര്‍ സര്‍വകലാശാലയിലെ ലൈബ്രറി സയന്‍സ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ബലക്ഷയം വന്ന ഈ കെട്ടിടം ചരിത്രസ്മാരകമായി സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശം ജയില്‍ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിന് ഉടന്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന ജയിലാണ് കണ്ണൂരിലെത്. പളളിക്കുന്നില്‍ മുപ്പത്തിയാറ് ഏക്കറോളം വിശാലമായി പരന്ന് കിടക്കുന്ന ഈസെന്‍ട്രല്‍ ജയിലില്‍ ആയിരത്തോളം അന്തേവാസികള്‍ പാര്‍ക്കുന്നുണ്ട്.
ഫ്രീഡം ഫുഡെന്ന പേരില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുണ്ടാക്കി പുറത്ത് വിതരണം ചെയ്യുന്ന ചിക്കന്‍ബിരിയാണി, ചപ്പാത്തി, മുട്ടക്കറി, വെജിറ്റബിള്‍ കറി, ചിപ്സ് എന്നിവയ്ക്കു നല്ല ഡിമാന്‍ഡുണ്ട്. ഇതുകൂടാതെ കുറഞ്ഞ നിരക്കില്‍ മുടിവെട്ടാനായി ഫ്രീഡം സലൂണും പെട്രോള്‍ പമ്പും പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications