ടൂറിസ വികസനം തേടി നേരംപോക്ക്; സര്‍ക്കാര്‍ ഇക്കോ-ടൂറിസം പദ്ധതി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു
ഇരിട്ടി: ഇരിട്ടി നഗരത്തിനടുത്തെ നേരംപോക്കിലെ പ്രകൃതിരമണീയമായ സ്ഥലത്ത് ഇക്കോ പാര്‍ക്ക് വേണമെന്ന ആവശ്യം ശക്തമാകുന്നു. ഇരിട്ടി-എടക്കാനം-പഴശ്ശി പദ്ധതി റോഡും കീഴൂര്‍-എടക്കാനം റോഡും സംഗമിക്കുന്ന സ്ഥലം കൂടിയാണ് ഇവിടം. ഇരിട്ടിയിലെ പ്രധാന ക്ഷേത്രങ്ങളായ കീഴൂര്‍ മഹാദേവക്ഷേത്രം, മഹാവിഷ്ണു ക്ഷേത്രം എന്നിവയും ഇതിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്നു.
ഇവിടെ പ്രകൃതി സൗഹൃദ പാര്‍ക്ക് വരുന്നതോടെ വള്ള്യാട് സഞ്ജീവനി വനം, തൊട്ടു പുഴക്കക്കരെ കിടക്കുന്ന പെരുമ്പറമ്പ് ഇരിട്ടി ഇക്കോ പാര്‍ക്ക് എന്നിവയുമായി ബന്ധിപ്പിക്കുന്ന സോളാര്‍ ബോട്ടുകള്‍ പോലുള്ളവ വരികയാണെങ്കില്‍ വിശാലമായ പഴശ്ശി ജലാശയത്തിലൂടെയുള്ള യാത്രകളും സംഘടിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. അഗ്നിശമനസേന സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ക്ക് സംസ്ഥാനതലത്തിലുള്ള ഡിങ്കി പരിശീലനം കൊടുത്തുവരുന്നതും ഈ ജലാശയത്തിലാണ്.

ഇതോടൊപ്പം ഈ ഭൂപ്രദേശത്തിനും എടക്കാനം റോഡിനും ഇടയിലുള്ള നേരംപോക്ക് വയലിനെ ഉള്‍പ്പെടുത്തി ഒരു ദേശീയ നിലവാരത്തിലുള്ള നീന്തല്‍ കുളവും കൂടി നിര്‍മ്മിക്കുവാന്‍ കഴിയും. ഇത് ജില്ലയിലെയും മലയോര മേഖലയിലെയും നീന്തല്‍ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനും കായികമേഖലക്കും കുതിപ്പേകും. കൂടാതെ ഈ പച്ചപ്പിന്റെ തീരത്ത് കലാപരിപാടികള്‍, സൗഹൃദ കൂട്ടായ്മകള്‍, വിവിധ സെമിനാറുകള്‍ എന്നിവക്കുള്ള പ്രകൃതിദത്തമായ തുറന്ന വേദിയും ഇതോടൊപ്പം ഇവിടെ ഒരുക്കാന്‍ കഴിയും.
നിരവധി സിനിമകള്‍ക്കും ഹ്രസ്വ ചിത്രങ്ങള്‍ക്കും വിവാഹ വീഡിയോ ചിത്രീകരണങ്ങള്‍ക്കും വേദിയാണ് ഈ പ്രദേശങ്ങള്‍. സോഷ്യല്‍മീഡിയയിലൂടെ ഇരിട്ടിയിലെ പ്രകൃതിരമണീയ ചിത്രങ്ങള്‍ വൈറലായി പ്രചരിച്ചിരുന്നു. ഒരുപാട് ചരിത്രങ്ങള്‍ നിറഞ്ഞ പ്രദേശമാണ് നേരംപോക്ക്. മുപ്പതു വര്‍ഷം മുന്‍പ് തന്നെ ഇവിടെ നാട്ടുകാരുടെ പരിശ്രമത്തില്‍ ഒരു പാര്‍ക്ക് നിര്‍മ്മിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പ്രദേശവാസിയായ ഹരീന്ദ്രന്‍ പുതുശ്ശേരി പറഞ്ഞു.
വലിയ ചിലവുകളൊന്നുമില്ലാതെ ഇവിടെ ഒരു പ്രകൃതി സൗഹൃദ പാര്‍ക്ക് നിര്‍മ്മിക്കുവാന്‍ സാധിക്കും. അതിന് ആവശ്യമായ നടപടികള്‍ നഗരസഭാ അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും അതിനു എല്ലാ സഹായ സഹകരണങ്ങളും നാട്ടുകാരുടെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും ഹരീന്ദ്രന്‍ പറഞ്ഞു. കിഫ്ബി ടൂറിസം ഫണ്ടുപയോഗിച്ചു നേരംപോക്കിനെ വിനോദസര്‍ക്യൂട്ടുകളിലൊന്നായി മാറ്റിയാല്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ ലഭിക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
പഴശ്ശിയില്‍ ഷട്ടര്‍ അടക്കുന്നതോടെ മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന അതിമനോഹരമായ ഒരു പ്രദേശമാണ് ഇത്. ഏതു വേനലിലെ ചുട്ടുപൊള്ളലിലും ശരീരത്തിന് കുളിരും മനസ്സിനും കണ്ണിനും ഹരിതകാന്തിയും സമ്മാനിക്കുന്ന ആറ് ഏക്കറോളം വരുന്ന ഭൂപ്രദേശമാണ് ഇത്. പഴശിയില്‍ ഫുള്‍ റിസര്‍വോയര്‍ ലെവലില്‍ വെള്ളമുയര്‍ത്തിയാല്‍പോലും ഇവിടെ വെള്ളം കയറാറില്ല.
പഴശ്ശി അധികൃതരുടെ പിടിപ്പുകേടുമൂലം ഷട്ടര്‍ തുറക്കാന്‍ കഴിയാതെ ഉണ്ടായ 2012 ലെ പ്രളയം മാത്രമാണ് അതിനു അപവാദമായി മാറിയത്. ഇവിടം പ്രകൃതി സൗഹൃദ പാര്‍ക്കാക്കി മാറ്റുന്നതിലൂടെ മേഖലയുടെ വികസനത്തിന്റെ കുതിച്ചു ചാട്ടത്തിനും നിരവധി പേര്‍ക്ക് തൊഴിലും നല്‍കുന്ന പദ്ധതിയായി ഇതിനെ മാറ്റാന്‍ കഴിയുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.


Click it and Unblock the Notifications