ഒന്നാം സര്‍ക്കാരിന്റെ കാലത്ത് കടക്ക് പുറത്ത്, രണ്ടാം സര്‍ക്കാരായപ്പോള്‍ കടക്ക് അകത്ത്; വിമര്‍ശിച്ച് മുരളീധരന്‍
പാനൂര്‍: ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്തെന്നാണ് പറഞ്ഞിരുന്നതെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ജയില്‍ കാണിച്ച് കടക്ക് അകത്ത് എന്നാണ് പറയുന്നതെന്ന് കെ മുരളീധരന്‍ എം പി. പൊയിലൂരിലെ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന അന്തരിച്ച പെരിയാറമ്പത്ത് പള്ളിക്കണ്ടി കുഞ്ഞിക്കണ്ണന്റെ കുടുംബത്തിന് പൊയിലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നിര്‍മ്മിച്ച് നല്‍കിയ സബര്‍മതി സ്നേഹ വീടിന്റെ താക്കോല്‍ കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം,
കെ പി സി സി പ്രസിഡന്റിനെ പോലും കള്ളക്കേസില്‍ കുടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. എന്നാല്‍ പിടിക്കേണ്ടവരെ പിടിക്കുന്നില്ല. വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കിയ മുന്‍ എസ് എഫ് ഐ നേതാവിനെ 13 ദിവസമായിട്ടും പിടികൂടാനായിട്ടില്ല. വീരപ്പനെ പിടിക്കാന്‍ പോലും ഇത്ര പ്രയാസമുണ്ടായിട്ടില്ല. എസ് എഫ് ഐ യില്‍ ചേര്‍ന്നാല്‍ പരീക്ഷയെഴുതാതെ പാസാകാം. ബികോം തോറ്റയാള്‍ക്ക് എംകോമിന് പഠിക്കാം. അതൊരു ഭാഗ്യമാണ്.

പരീക്ഷ എഴുതാനോ, ടെന്‍ഷനടിക്കാനോയില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് മാധ്യമ പ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നാണ് പറഞ്ഞത്. രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ജയില്‍ കാണിച്ച് കടക്ക് അകത്ത് എന്നാണ് പറയുന്നത്. ഘടകകക്ഷിയായ ശ്രേയാംസ് കുമാറിന്റെ പത്രത്തിന് പോലും രക്ഷയില്ലെന്നും കെ മുരളിധരന്‍ പറഞ്ഞു. കുഞ്ഞിക്കണ്ണന്റെ ഭാര്യ കോമള സബര്‍മതി സ്നേഹ വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി.
10 ലക്ഷം രൂപ ഉപയോഗിച്ചാണ് വീട് പണി പൂര്‍ത്തിയാക്കിയത്. പൊയിലൂര്‍ മണ്ഡലം പ്രസിഡണ്ട് വി വിപിന്‍ അധ്യക്ഷനായി. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ കെപി സാജു, സന്തോഷ് കണ്ണം വള്ളി, യുഡിഎഫ് കണ്‍വീനര്‍ വി സുരേന്ദ്രന്‍, പി കൃഷ്ണന്‍ മാസ്റ്റര്‍, തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ തങ്കമണി, ബാലന്‍ കൊള്ളുമ്മല്‍, അത്തോളില്‍ വാസു, പി വി കുഞ്ഞിക്കണ്ണന്‍, കെ സുരേഷ് ബാബു, വി പി സാവിത്രി, ടി. സായന്ത് എന്നിവര്‍ സംസാരിച്ചു. കെ.കെ ദിനേശന്‍ സ്വാഗതവും, എം കെ രാജന്‍ നന്ദിയും പറഞ്ഞു. എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരവും എംപി കൈമാറി.












Click it and Unblock the Notifications