വോട്ടിന് നന്ദി; സിപിഎം പാര്‍ട്ടിഗ്രാമങ്ങളില്‍ പര്യടനം നടത്താന്‍ സുധാകരന്‍
കണ്ണൂര്‍: കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ സിപിഎം കോട്ടകളില്‍ തന്നെ ഒരുലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിപ്പിച്ചതിന്റെ നന്ദി പറയുന്നതിനായി യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ പര്യടനം നടത്തും. ജൂണ്‍ എട്ടിനും ഒന്‍പതിനും ഡല്‍ഹിയിലും തിരുവനന്തപുരത്തും പാര്‍ട്ടിയോഗങ്ങളില്‍ പങ്കെടുക്കും. അതിന് ശേഷം ജൂണ്‍ പത്തിനാണ് ധര്‍മടത്ത് നിന്നും രാവിലെ പത്തുമണിക്ക് സുധാകരന്‍ പര്യടനം തുടങ്ങുക.
തുടര്‍ന്ന് 11 ന് മട്ടന്നൂര്‍, 12 ന് തളിപറമ്പ്, 13ന് പേരാവൂര്‍, 14 ന് ഇരിക്കൂര്‍, 15ന് കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലും പര്യടനം നടത്തും. ഏകാധിപത്യ ഭരണാധികാരികള്‍ക്കും വര്‍ഗീയ ശക്തികള്‍ക്കും കേരളത്തിന്റെ മതേതര മനസ്സില്‍ സ്ഥാനമില്ലെന്ന് പ്രഖ്യാപിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് സുധാകരന്‍ പറഞ്ഞു. സാധാരണക്കാരെ മറന്ന് കോര്‍പ്പറേറ്റുകളെയും മാഫിയ സംഘങ്ങളെയും വഴിവിട്ട് സഹായിച്ച മോദിക്കും പിണറായിക്കും ജനം നല്‍കിയ ശക്തമായ താക്കീത് കൂടിയാണ് ജനവിധി.

പാര്‍ട്ടിയും യുഡിഎഫും ഒറ്റക്കെട്ടായി ഐക്യത്തോടെ പൊരുതി നേടിയ രാഷ്ട്രീയ വിജയമാണിത്. യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ച കോണ്‍ഗ്രസിന്റേയും യുഡിഎഫിന്റേയും പ്രവര്‍ത്തകര്‍ക്കും എല്ലാ ജനാധിപത്യ മതേതര വിശ്വാസികള്‍ക്കും നന്ദി രേഖപ്പെടുത്തുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. തൃശ്ശൂരിലെയും ആലത്തൂരിലെയും പരാജയം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യും.
സിപിഎം - ബിജെപി അന്തര്‍ധാര കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുവെന്നതിന് തെളിവാണ് തൃശൂരിലെ ബിജെപി യുടെ വിജയമെന്നും സുധാകരന്‍ പറഞ്ഞു. ലോക്സഭ മണ്ഡലത്തിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ യുഡിഎഫ് റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിടത്തും യുഡിഎഫ് ഭൂരിപക്ഷം നേടിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന് അരലക്ഷം വോട്ടുകളുടെ ഭൂരിപക്ഷം സമ്മാനിച്ച ധര്‍മടത്തും സംസ്ഥാനത്തെ ഏറ്റവും വലിയ ഭൂരിപക്ഷം കെകെ ശൈലജയ്ക്കു സമ്മാനിച്ച മട്ടന്നൂരിലും നേരിയ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംവി ജയരാജന് ലഭിച്ചത്. ധര്‍മടം മണ്ഡലത്തിന്റെ ആദ്യരൂപമായ എടക്കാട് രണ്ടുവട്ടം എംഎല്‍എയായിരുന്നു ജയരാജന്‍.
ഇതുകൂടാതെ അദ്ദേഹത്തിന്റെ ജന്മനാടായ പെരളശേരി ഉള്‍പ്പെടെ ധര്‍മടം മണ്ഡലത്തിലാണ്. മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ ബിജെപിയും വോട്ടുവര്‍ധിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബൂത്തിലടക്കം ഇരട്ടി വോട്ടുകളാണ് ബിജെപി നേടിയത്. എന്നാല്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ എംഎല്‍എയായ തളിപറമ്പ് മണ്ഡലത്തില്‍ ഇതിനെക്കാള്‍ ദയനീയമായാണ് സിപിഎമ്മിന്റെ പരാജയം.
തളിപറമ്പില്‍ എട്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫിന് ലഭിച്ചത്. ധര്‍മടത്ത് 2016, മട്ടന്നൂരില്‍ 3034, എന്നിങ്ങനെയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം. കണ്ണൂര്‍, അഴീക്കോട് മണ്ഡലങ്ങളിലും യുഡിഎഫ് ഭൂരിപക്ഷം നേടിയിട്ടുണ്ട്.












Click it and Unblock the Notifications