ബാറിലെ കൊലപാതകം; പ്രതി നിഷാം അറസ്റ്റില്‍, കീഴടങ്ങിയതെന്ന് സൂചന
കണ്ണൂര്‍: കണ്ണൂരിനെ ഞെട്ടിച്ച കൊലപാതക കേസിലെ പ്രതി അറസ്റ്റില്‍. കാട്ടാമ്പളളി കൈരളി ബാറില്‍ നിന്നും ചിറക്കല്‍ കീരിയാട് സ്വദേശി ടിപി റിയാസിനെ കുത്തിക്കൊന്ന കേസിലെ പ്രതി നിഷാമിനെ പൊലീസ് അറസ്റ്റു ചെയ്തു. അഴീക്കോടു നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് സൂചന. കൊലപാതകത്തിന് ശേഷം അഴീക്കോട് മൂന്നുനിരത്ത് സ്വദേശിയായ നിഷാം ഒളിവിലായിരുന്നു.
കണ്ണൂര്‍ അസി.സിറ്റി പൊലിസ് കമ്മിഷണര്‍ ടികെ രത്നകുമാറിന്റെ നേതൃത്വത്തില്‍ മയ്യില്‍ സിഐ ടിപി സുമേഷും സംഘവുമാണ് പ്രതിയെ കൂടിയത്. നിഷാമിനെ ചേമഞ്ചേരിയിലെ ഒരു ലോഡ്ജില്‍ താമസിക്കാന്‍ സഹായിച്ചതിന് ഇയാളുടെ കൂട്ടാളിയായ കൊയിലാണ്ടി സ്വദേശി നജീബിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളില്‍ നിന്നാണ് നിഷാം അഴീക്കോട്ടേക്ക് മടങ്ങിയെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.

ദിവസങ്ങള്‍ക്കു മുന്‍പാണ് കണ്ണൂര്‍ ജില്ലയെ ഞെട്ടിച്ച അതിദാരുണമായ കൊലപാതകം നടന്നത്. ബാറിലുണ്ടായ തര്‍ക്കത്തിനിടെയാണ് വളപട്ടണത്തെ ഖലാസിയായ റിയാസിനെ അരയില്‍ സൂക്ഷിച്ച കത്തി ഉപയോഗിച്ചു നിഷാം കുത്തിയത്. നെഞ്ചിന് കുത്തേറ്റ റിയാസിനെ ആദ്യം കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും നില ഗുരുതരമായതിനെ തുടര്‍ന്ന് ചാല മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു.
ജൂലൈ പതിമൂന്നിന് രാത്രി പത്തുമണിയോടെയാണ് സംഭവം. റിയാസിന്റെ സൃഹൃത്ത് സന്ദീപുമായി നിഷാം വാക്കേറ്റമുണ്ടാവുകയും ഇതു തടയാന്‍ ചെന്ന റിയാസിനെ അരയില്‍ സൂക്ഷിച്ച കത്തി ഉപയോഗിച്ചു കുത്തിവീഴ്ത്തുകയുമായിരുന്നു. ഇതിനു ശേഷം ഇയാള്‍ തന്റെ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു. കോഴിക്കോട് വഴി കൊല്ലം വരെ നിഷാമെത്തിയിരുന്നുവെന്ന് പൊലീസിന് വ്യക്തമായിരുന്നുവെങ്കിലും ഇയാളെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.
അഴീക്കോട് മൂന്നുനിരത്തില്‍ ദിനേശ് ഭവനുസമീപം ജിംനേഷ്യം നടത്തി വരികയായിരുന്നു നിഷാം. ഒളിവില്‍ പോയ ഇയാളെ പിടികൂടുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. വിമാനത്താവളം വഴി രാജ്യത്തിന് പുറത്തു കടക്കാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിപ്പിച്ചിരുന്നു. നിഷാമിന്റെ കോഴിക്കോട്ടെയും കണ്ണൂരിലെയും ബന്ധുവീടുകളിലും പൊലീസ് തെരച്ചില്‍ നടത്തിയിരുന്നു.
ഇതിനിടെയാണ് ഇയാളെ അഴീക്കോടു നിന്നും തന്നെ പിടികൂടിയത്്. ഒളിവില്‍ പോയ സമയത്ത് ഇയാള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. ഒളിത്താവളങ്ങള്‍ മാറിമാറി കഴിഞ്ഞിരുന്ന നിഷാം പൊലീസിനെ കുഴക്കിയിരുന്നു. സ്വിച്ച് ഓണ്‍ ചെയ്തപ്പോഴെക്കെ ഇയാള്‍ കോഴിക്കോടും കൊല്ലത്തുമുണ്ടായിരുന്നുവെന്ന് പൊലിസ് തിരിച്ചറിഞ്ഞിരുന്നു. എടിഎം കാര്‍ഡു ഉപയോഗിക്കുകയോ പണമെടുക്കുകയോചെയ്തിട്ടില്ല.
അതുകൊണ്ടുതന്നെ നിഷാം എവിടെയാണ് കൃത്യമായി ഉള്ളതെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ്നിഷാമിനെതിരെയുളള നടപടികള്‍ പൊലീസ് കടുപ്പിച്ചത്. നിഷാമിന്റെ സുഹൃത്തായിരുന്ന കൊയിലാണ്ടി സ്വദേശി നജീബിനെ പിടികൂടി ചോദ്യം ചെയ്തതോടെ നിഷാം കോഴിക്കോട്ടെത്തിയെന്നും ഒരു ലോഡ്ജില്‍ മുറിയെടുത്തെന്നും വ്യക്തമായത്. ഇതോടെ നിഷാം അവിടെ നിന്നും കൊല്ലത്തേക്ക് പോയെന്നും വ്യക്തമായി. ബന്ധുക്കള്‍ക്കു ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതോടെയാണ് നിഷാം കണ്ണൂരിലെത്തിയതെന്നാണ് സൂചന.












Click it and Unblock the Notifications