കണ്ണന്റെ ഊരില്‍ രാജസ്ഥാന്‍ കലാകാരന്‍മാരുടെ കരിവിരുത്; വഴിനീളെ കാര്‍മുകില്‍വര്‍ണന്‍
കണ്ണൂര്‍: കണ്ണന്റെ ഊരായാണ് കണ്ണൂര്‍ അറിയപ്പെടുന്നത്. ഈ പേര് അന്വര്‍ത്ഥമാക്കി കൊണ്ടു ഓടക്കുഴലേന്തിനില്‍ക്കുന്ന, കേശഭാരത്തില്‍ മയില്‍പീലിചൂടിയ കൃഷ്ണവിഗ്രഹങ്ങള്‍ കണ്ണൂര്‍ നഗരത്തിലെ റോഡരികിലെ അതിമനോഹരമായ കാഴ്ച്ചകളിലൊന്നായി മാറുകയാണ്. നാടും നഗരവും വിഷുവിനായി ഒരുങ്ങുമ്പോള്‍ കണിയൊരുക്കാനുളള കൃഷ്ണവിഗ്രഹങ്ങളുമായി രാജസ്ഥാനില്‍ നിന്നത്തെുന്ന കലാകാരന്‍മാരും ഇവിടെ തയ്യാറായിട്ടുണ്ട്.
കണ്ണൂരിലെ റോഡരികില്‍ കണിക്കൊന്നകള്‍ പൂക്കുന്നതും മേടപ്പുലരിയുമെല്ലാം രാജസ്ഥാന്‍ നാടോടി കലാകാരന്‍മാക്ക് ഹൃദിസ്ഥമാണ്. മാര്‍ച്ച് പകുതിയാകുമ്പോഴെക്കും വൈവിധ്യമുളള വലുതും ചെറുതുമായി കൃഷ്ണവിഗ്രഹമുണ്ടാക്കുന്നതിനായി റോഡരികില്‍ ടെന്‍ഡ് കെട്ടി ഇവര്‍ പണിതുടങ്ങും. കണ്ണൂര്‍-തലശേരി ദേശീയ പാതയിലെ മേലെചൊവ്വ ഇറക്കത്തിലെ റോഡരികിലാണ് ഇവര്‍ സ്ഥിരമായി ക്യാംപ് ചെയ്യുന്നത്.

സ്ത്രീകളും കുട്ടികളും യുവാക്കളുമടങ്ങുന്ന ഇരുപതോളം സംഘമാണ് എത്തുന്നത്. മയില്‍പീലി ചൂടി നില്‍ക്കുന്ന രാധാകൃഷ്ണ വിഗ്രഹങ്ങള്‍ മുതല്‍ കൃഷ്ണനും രാധയും ഗോപികമാരും വരെ ഇതിലുണ്ടാകും. പരമാവധി തെര്‍മ്മോകോളും പ്ലാസ്റ്റര്‍ ഓഫ് പാരീസിലും നിര്‍മിച്ച ശേഷം ചായങ്ങള്‍ പൂശുകയാണ് ചെയ്യുന്നത്. കാര്‍മുകിലിനെ ഓര്‍മ്മിപ്പിക്കുന്ന നീലയിലും തൂവെളളയിലും സ്വര്‍ണ നിറത്തിലും അണിഞ്ഞൊരുങ്ങിയ വിഗ്രഹങ്ങള്‍ ആരുടെയും മനം കവരുന്നതാണ്.
റോഡരികില്‍ വില്‍ക്കുന്ന കൃഷ്ണ വിഗ്രഹങ്ങള്‍ക്ക് 200 മുതല്‍ 2000 രൂപവരെ വിലയുണ്ടെന്ന് രാജസ്ഥാന്‍ കലാകാരന്‍മാര്‍ പറഞ്ഞു. മൊത്തം ഇരുപതുപേരാണ് ഇക്കുറി കണ്ണൂരിലെത്തിയത്. പണ്ടത്തെപ്പോലെ ഇപ്പോള്‍ കച്ചവടം കുറവാണെന്നും ഇവര്‍ പറയുന്നു. ഓരോ വിഷുവിനും ഏറെ പ്രതീക്ഷകളോടെയാണ് ഇവര്‍ റോഡരികില്‍ കൃഷ്ണവിഗ്രഹം നിര്‍മിക്കുന്നത്. മലയാളിയുടെ വീടുകളിലെ നടുത്തളങ്ങളിലും പൂജാമുറികളിലുമുളള കൃഷ്ണ വിഗ്രഹങ്ങള്‍ക്ക് ചൈതന്യമേകുന്നത് രാജസ്ഥാന്‍ കലാകാരന്‍മാരാണ്.
ഏപ്രില്‍ മാസത്തിലെ കൊടുംചൂടും റോഡിലൂടെ ചീറിപായുന്ന വാഹനങ്ങളുടെ പുകയുമേറ്റ് ഇവര്‍ ഏകാഗ്രമായി കൃഷ്ണവിഗ്രഹം സൃഷ്ടിക്കുന്നത് വിശപ്പടക്കാന്‍ കൂടിയാണ്. എന്നാല്‍ ഇവരുടെ ഉപജീവന മാര്‍ഗത്തെ തടസപ്പെടുത്തി കൊണ്ടു മുന്‍ വര്‍ഷങ്ങളില്‍ സമൂഹവിരുദ്ധരുടെ ശല്യം രാത്രികാലങ്ങളില്‍ വ്യാപകമായിരുന്നു. എന്നാല്‍ ഇക്കുറി തിരഞ്ഞെടുപ്പ് കാലമായതു കൊണ്ടു രാത്രികാലങ്ങളില്‍ പൊലിസ് പട്രോളിങ് ശക്തമായത് തങ്ങള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്.












Click it and Unblock the Notifications