കെഎസ്ആര്‍ടിസി ബസിടിച്ച ബൈക്ക് യാത്രക്കാരില്‍ രണ്ടാമത്തെയാളും മരിച്ചു; എക്സൈസിനെതിരെ ബന്ധുക്കള്‍
തളിപ്പറമ്പ്: ആലക്കോട് പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കരുവഞ്ചാലിലെ വായാട്ടുപറമ്പില്‍ കെഎസ്ആര്‍ടിസി ബസിടിച്ചു പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലായിരുന്ന രണ്ടാമത്തയാളും മരണമടഞ്ഞു. മോസ്‌കോ കവലയിലെ തെക്കെ വീട്ടില്‍ സുകുമാരനാണ് (48) വ്യാഴാഴ്ച്ച പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ മരണമടഞ്ഞത്. പരിക്കേറ്റ് ചികില്‍സയിലായിരുന്ന ബാലപുരത്തെ നടുവിലെ വീട്ടില്‍ ടോംസണ്‍ (48) കഴിഞ്ഞ ഒമ്പതിന് മരിച്ചിരുന്നു.
ഒക്ടോബര്‍ ഏഴിന് വൈകുന്നേരമായിരുന്നു അപകടം. ആലക്കോട്ടെ കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലയില്‍ നിന്നും മദ്യം വാങ്ങി ബൈക്കില്‍ വരുന്ന ഇവരെ എക്സൈസ് സംഘം ജീപ്പില്‍ പിന്തുടര്‍ന്നപ്പോല്‍ മീന്‍പറ്റി റോഡില്‍ നിന്നും മലയോര ഹൈവേയിലേക്ക് കടക്കുന്നതിനിടെ എതിരെ വന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. എക്സൈസ് സംഘത്തിന്റെ വാഹനത്തില്‍ തന്നെയാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്.

ഇരുവരും അവിവാഹിതരാണ്. ഇരുവരുടെയും മരണത്തിന് കാരണം എക്സൈസ് പിന്തുടര്‍ന്നാതെന്നണ ആരോപണം ഉയര്‍ന്നിട്ടുണ്ട്. അപകടമരണത്തെക്കുറിച്ച് നിഷ്പക്ഷമായി അന്വേഷിക്കണമെന്ന്് സജീവ് ജോസഫ് എംഎല്‍എയും, തോംസന്റെ മാതാപിതാക്കളും കണ്ണൂര്‍ റൂറല്‍ പൊലിസ് മേധാവിയോട് ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ആശ്രയമായിരുന്ന രണ്ടു പേരുടെ ജീവനാണ് എക്സൈസിന്റെ നടപടിയില്‍ പൊലിഞ്ഞതെന്നു നാട്ടുകാരും ആരോപിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ മദ്യഷാപ്പില്‍ നിന്നും നിയമപ്രകാരം മദ്യം വാങ്ങിവരുന്നവരെ എക്സൈസ് അന്യായമായി മദ്യക്കടത്തുകാരെ വേട്ടയാടുന്നതു പോലെ പിന്തുടരുകയായിരുന്നുവെന്നാണ് ആരോപണം. സംഭവത്തില്‍ ജനകീയ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് എക്സൈസ് വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
അബ്കാരി കേസുകളുടെ ടാര്‍ജറ്റ് തികയ്ക്കുന്നതിന് എക്സൈസ് ബീവേറജ്സ് ഔട്ട്ലൈറ്റില്‍ നിന്നും മദ്യം വാങ്ങി പോകുന്നവരെ ജീപ്പില്‍ പിന്തുടര്‍ന്ന് പിടികൂടുകയും ബില്ലില്ലാത്തതു ചൂണ്ടിക്കാട്ടി അവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നു നേരത്തെ വ്യാപക പരാതിയുയര്‍ന്നിരുന്നു.
അനധികൃത മദ്യക്കടത്തെന്ന പേരിലാണ് ഇത്തരം വേട്ടയാടലുകള്‍ നടത്തുന്നത്. പൊലിസും ഈ രീതിയില്‍ റെയ്ഡുകള്‍ നടത്തി ആളുകളെ പിടികൂടാറുണ്ട്. പരസ്യ മദ്യപാനം ചുമത്തിയാണ് പൊലിസ് ഇങ്ങനെ പിടിയിലാകുന്നവര്‍ക്കെതിരെ പെറ്റി കേസെടുക്കുന്നത്.












Click it and Unblock the Notifications