മാവിലായിൽ ഭാര്യയെ ഭർത്താവ് വെട്ടികൊന്നു; കുടുംബ പ്രശ്നം, വെട്ടേറ്റത് കഴുത്തിന്, ക്രൂരത കണ്ണൂരിൽ...
കണ്ണൂർ: മാവിലായി കുഴിക്കലായിയിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കുഴിക്കലായി യുപി സ്കൂളിന് സമീപത്ത് താമസിക്കുന്ന പനത്തറ ഹൗസിൽ പ്രദീപന്റെ ഭാര്യ ശ്രീലത (42)യാണ് വെട്ടേറ്റ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ 3 മണിയോടെയാണ് സംഭവം.
പ്രദീപനെ എടക്കാട് പോലീസ് അറസ്റ്റുചെയ്തു. നാളുകളായി കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ഇതേചൊല്ലി പൊലീസ് സാനിദ്ധ്യത്തിൽ കഴിഞ്ഞ ദിവസം മദ്ധ്യസ്ഥ ചർച്ച നടത്തിയതായും സമീപവാസികൾ പറയുന്നു. ഇന്ന് പുലർച്ചെയും തർക്കത്തെ തുടർന്നാണ് കൊലപാതകം നടന്നതെന്നാണ് കരുതുന്നത്. വീട്ടിലുപയോഗിച്ചിരുന്ന കത്തിവാൾ കൊണ്ടാണ് ശ്രീലതയ്ക്ക് വെട്ടേറ്റത്.

ആയുധം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രദീപനും ശ്രീലതയ്ക്കും പുറമെ പ്ലസ് വണിലും എട്ടിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. ബഹളംകേട്ട് മക്കൾ ഞെട്ടിയുണരുമ്പോഴേക്കും അമ്മ കഴുത്തിന് വെട്ടേറ്റ് ചോര വാർന്ന് വീട്ടിനകത്തെ തറയിൽ കിടക്കുന്നതാണ് കണ്ടത്. പ്രദീപൻ തന്നെയാണ് അടുത്തവീട്ടിൽ വിവരം അറിയിച്ചത്. ഇയാൾ ഈ വീട്ടിൽ ചെന്നിരിക്കുകയായിരുന്നു പിന്നീട്. കുട്ടികളാണ് എടക്കാട് പോലീസിൽ വിവരം അറിയിച്ചത്.
പൊലീസ് വീട്ടിലെത്തിയപ്പോഴും പ്രദീപൻ അടുത്തവീട്ടിലുണ്ടായിരുന്നു. കൂലിപ്പണിക്കാരനാണ് പ്രദീപൻ. എടക്കാട് എസ്ഐ മഹേഷ് കണ്ടമ്പേത്തിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications