സ്വപ്നപാത വേഗം തുറക്കും: മാഹി-മുഴപ്പിലങ്ങാട് ബൈപ്പാസ് റോഡ് 18 കിലോമീറ്റര്‍ പൂര്‍ത്തിയായി
ടോള്‍ പ്ലാസയോട് കൂടി നടക്കുന്ന യാണ് ബൈപാസ് നിര്‍മാണം 1300 കോടി രൂപ ചെലവിലാണ് പൂര്‍ത്തീകരിക്കുക. അഴിയൂര്‍-മാഹി- മുഴപ്പിലങ്ങാട് ബൈപാസ് 18.6 കിലോമീറ്റര്‍ ദൂരത്തിലാണ് നിര്‍മിക്കുന്നത്.

തലശേരി: മാഹി-മുഴപ്പിലങ്ങാട് ബൈപാസ് റോഡ് നിര്‍മാണം 18 കിലോമീറ്റര്‍ പൂര്‍ത്തിയായതായി പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ തലശേരി പൊതുമരാമത്ത് വകുപ്പ് ഓഫീസില്‍ അറിയിച്ചു. രണ്ട് മേല്‍പാലങ്ങളുടെ പ്രവൃത്തിയാണ് ഇനി ബാക്കിയുളളത്.
അഴിയൂര്‍ റെയില്‍വേ മേല്‍പാലം, ബാലംപാലം തുടങ്ങിയവയുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ബൈപാസ് ഉദ്ഘാടനത്തിന് സജ്ജമാവുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. ചില സര്‍വിസ് റോഡുകളുടെ ഭൂമി ഏറ്റെടുക്കല്‍ നടപടികളും ഇതോടൊപ്പം പൂര്‍ത്തീകരിക്കേണ്ടതുണ്ട്.
ബാലം പാലത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് പരിഹാരമായതോടെ നിര്‍മാണപ്രവൃത്തിയും വേഗത്തിലായിട്ടുണ്ട്. ഇന്ത്യന്‍ റെയില്‍വേയാണ് പാലങ്ങളുടെ പണി പൂര്‍ത്തീകരിക്കേണ്ടത്. നിര്‍മാണത്തിന്റെ ഭാഗമായുള്ള പരിശോധനകളും ട്രെയിനുകളുടെ ഓട്ടം ക്രമീകരിച്ചുള്ള പ്രവൃത്തിയുമാണ് നടക്കുന്നത്.
ജില്ല അതിര്‍ത്തിയില്‍ അഴിയൂര്‍ മേല്‍പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി. അഴിയൂര്‍-മാഹി- മുഴപ്പിലങ്ങാട് ബൈപാസ് 18.6 കിലോമീറ്റര്‍ ദൂരത്തിലാണ് നിര്‍മിക്കുന്നത്. ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുന്ന പ്രധാന ടൗണുകളായ മാഹി, തലശേരി ടൗണുകളെ ഒഴിവാക്കിയാണ് പുതിയ പാതയുടെ നിര്‍മാണം.
ടോള്‍ പ്ലാസയോട് കൂടിയാണ് ബൈപാസ് നിര്‍മാണം നടക്കുന്നത്. 1300 കോടി രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. അഴിയൂര്‍, മാഹി, ചൊക്ലി, ധര്‍മടം, തലശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നുപോകുന്നത്.
റെയില്‍വേയുടെ മെല്ലെപ്പോക്കാണ് നിര്‍മാണത്തിന് തടസമായതെന്ന ആരോപണം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുയര്‍ത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നിയമപ്രശ്നങ്ങള്‍ നീങ്ങിയതും റെയില്‍വേ പച്ചക്കൊടി വീശിയതും പാത നേരത്തെ തുറക്കാനുള്ള സാധ്യത തെളിഞ്ഞിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുളള സംഘം മാഹി ബൈപ്പാസ് റോഡിന്റെ പ്രവൃത്തി വിലയിരുത്തിയിരുന്നു.












Click it and Unblock the Notifications