ഭക്ഷ്യ വിഷബാധ വ്യാപകമാകുന്നതിന് കാരണം ഭക്ഷ്യവകുപ്പിന്റെ അനാസ്ഥ: ലിയനാര്‍ഡോ ജോണ്‍
കണ്ണൂര്‍: ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാവുന്നതിന് ഉത്തരവാദി ഫുഡ് സേഫ്റ്റി വകുപ്പും സംസ്ഥാന സര്‍ക്കാരുമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയനാര്‍ഡോ ജോണ്‍ കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പോലും വര്‍ഷങ്ങളായി കടലാസില്‍ ഒതുങ്ങുകയാണ്.
2018 ലെ സുപ്രീം കോടതി ഉത്തരവ് പ്രകാരം ഭക്ഷ്യവിഷബാധ കാരണം ആളുകള്‍ മരിച്ചാല്‍ പോലീസ് ആക്ട് 188 വകുപ്പ് പ്രകാരം ക്രിമിനല്‍ കേസ് എടുക്കുവാന്‍ ഫുഡ് സേഫ്റ്റിക്ക് പോലീസിനോട് ആവശ്യപ്പെടാം. എന്നാല്‍ സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് നിരവധി പേര്‍ മരിച്ചിട്ടും ഫുഡ് സേഫ്റ്റി വകുപ്പ് ഇതുവരെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല.

മരണം സംഭവിച്ചാല്‍ ഉത്തരവാദിക്ക് ഏഴ് വര്‍ഷം മുതല്‍ ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും ചുമത്താന്‍ എഫ്എസ്എസ്‌ഐയുടെ 2006 ലെ ആക്ട് പ്രകാരം വ്യവസ്ഥയുണ്ട്. ഇതൊന്നും പക്ഷേ സംസ്ഥാനത്ത് നടപ്പിലാകുന്നില്ല എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുകയാണ്.
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ് അതോറിറ്റി ഓഫ് ഇന്‍ഡ്യ 2006 ലെ നിയമപ്രകാരം സാമ്പിള്‍ എടുക്കുന്ന ഭക്ഷണപദാര്‍ത്ഥം മൂന്ന് വിഭാഗമായി എടുക്കണമെന്നാണ്. ഒന്ന് ഉടന്‍ ലാബിലേക്ക് അയക്കണം. രണ്ടെണ്ണം ഉദ്യോഗസ്ഥന്റെ കസ്റ്റഡിയില്‍ ഓഫീസില്‍ സൂക്ഷിക്കണം. പക്ഷെ ഇതൊന്നും സംസ്ഥാനത്തെ ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പാലിക്കാറില്ലെന്നതാണ് സ്ഥിതി.
2019 മെയ് 16 ന് കേരളത്തിലെ ഭക്ഷ്യസുരക്ഷാ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ ജനരക്ഷ റെയ്ഡ് റിപ്പോര്‍ട്ടിന്മേല്‍ ഇപ്പോഴും ആരോഗ്യമന്ത്രിയും സര്‍ക്കാരും അടയിരിക്കുകയാണ്. സാമ്പിള്‍ എടുത്ത ഭക്ഷണ പദാര്‍ത്ഥങ്ങള്‍ (ഹോട്ടല്‍ ഫുഡ്, കുപ്പിവെള്ളം, കറിമസാലകള്‍ തുടങ്ങിയവ) ഉദ്യോഗസ്ഥര്‍ അലമാരയില്‍ പൂട്ടിവെച്ച് ലാബ് പരിശോധനയ്ക്ക് അയക്കാതെ ഒത്തുകളിക്കുകയായിരുന്നുവെന്ന് അന്ന് വിജിലന്‍സ് കണ്ടെത്തിയിരുന്നു.
മേശവലിപ്പില്‍ നിന്ന് കൈകൂലി പണവും കണ്ടെത്തിയിരുന്നു. അഞ്ചു ലക്ഷം രൂപ ഫൈന്‍ ചുമത്തേണ്ടുന്ന കേസുകള്‍ ആയിരം രൂപയ്ക്ക് ഒതുക്കിത്തീര്‍ത്തതായും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു. സംഭവത്തില്‍ കോടതി സര്‍ക്കാരിനോട് നടപടി എടുക്കാന്‍ ആവശ്യപ്പെട്ടിട്ടും തുടര്‍ നടപടികള്‍ ഉണ്ടായില്ല. കോടതി അലക്ഷ്യത്തിന് ഹരജി കോടതിയിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥരെ അവര്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലം മാറ്റുക മാത്രമായിരുന്നു.
മറ്റൊരു നടപടിയും വിജിലന്‍സ് റെയ്ഡ് റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ സംസ്ഥാനത്ത് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഭക്ഷ്യവിഷ ബാധയ്ക്ക് കാരണം ഹോട്ടലുകാരുടെ നിരുത്തരവാദിത്തം മാത്രമാണെന്ന പ്രചാരണമാണ് നടക്കുന്നത്. ഇതുവഴി ഒരു വിഭാഗം ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരുടെ കൃത്യവിലോപങ്ങളും അഴിമതിയും മറച്ചുവെയ്ക്കപ്പെടുകയാണ്.
വൃത്തിഹീനമായ രീതിയിലുള്ള ലൈസന്‍സ് ഇല്ലാത്ത ഹോട്ടലുകളും തട്ടുകടകളും ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. ആവശ്യത്തിന് ജീവനക്കാരില്ലെന്നും ലാബില്ലെന്നും പറഞ്ഞ് പലപ്പോഴും ഉദ്യോഗസ്ഥര്‍ ഒഴിഞ്ഞുമാറുന്ന സ്ഥിതിയാണ്.
കഴിഞ്ഞ വര്‍ഷം മെയ് രണ്ടിന് കാസര്‍കോട്ട് പതിനാറ് വയസ്സുകാരി ഷവര്‍മ്മ കഴിച്ച് മരണപ്പെട്ട കേസില്‍ 2022 ജൂണ്‍ ഏഴിന് ഹൈക്കോടതി അഫിഡവിറ്റ് ഹാജരാക്കാന്‍ ഉത്തരവ് ഇറക്കിയിട്ടും ഫുഡ് സേഫ്റ്റി വിഭാഗം ഒരു നടപടിയും സ്വീകരിച്ചില്ലെന്ന വസ്തുതകളും നിലനില്‍ക്കുകയാണ്.
സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വന്തമായും ഭക്ഷ്യ സുരക്ഷാ വകുപ്പിന് പ്രത്യേകമായും പരിശോധനാ ഉദ്യോഗസ്ഥരുണ്ടെങ്കിലും യഥാസമയം പരിശോധനകള്‍ നടത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാവാത്തത് ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ വഴിയൊരുക്കുകയാണെന്നും ലിയാനാര്‍ഡോ ജോണ്‍ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications