മാവോവാദി ഭീഷണി, ഇരിട്ടി ബാരാ പോള്‍ ജല വൈദ്യുതപദ്ധതിക്ക് സുരക്ഷ ശക്തമാക്കി
ഇരിട്ടി: ഇരിട്ടിയിലെ ബാരാപോള്‍ മിനിജലവൈദ്യുതപദ്ധതിക്ക് മാവോവാദി ഭീഷണിയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പദ്ധതി പ്രദേശത്ത് സുരക്ഷ ശക്തമാക്കാന്‍ പൊലിസ് നടപടി തുടങ്ങി. ഇതുസംബന്ധിച്ചുളള പരിശോധന റിപ്പോര്‍ട്ടുകള്‍ ഉന്നത കേന്ദ്രങ്ങള്‍ക്ക് സമര്‍പ്പിച്ചു. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി പദ്ധതി പ്രദേശത്ത് മറ്റുളളവര്‍ പ്രവേശിക്കുന്നതിന് കര്‍ശനവിലക്ക് ഏര്‍പ്പെടുത്താനും ജാഗ്രതപാലിക്കാനും ജീവനക്കാര്‍ക്കും ഉന്നത കേന്ദ്രങ്ങളില്‍ നിന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പദ്ധതി പ്രദേശത്ത് നിലവിലുളള പതിമൂന്ന് എണ്ണത്തിന് പുറമേ എട്ടുനിരീക്ഷണ ക്യാമറകള്‍ കൂടി സ്ഥാപിക്കാന്‍ നിര്‍ദേശമുണ്ട്. വിയര്‍ സൈറ്റില്‍(മൂന്ന്) ഫോര്‍ബേ ടാങ്ക് പരിസരത്ത്(രണ്ട്) സോളാര്‍ പ്‌ളാന്റ് മേഖലയില്‍(മൂന്ന്) എന്നിങ്ങനെയാണ് പുതിയ ക്യാമറകള്‍ സ്ഥാപിക്കുക. അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കേണ്ടതിനാല്‍ ഇതിനാവശ്യമായ എസ്‌റ്റേറ്റ്അതിവേഗം തന്നെ തയ്യാറാക്കിയിട്ടുണ്ട്.

ഇപ്പോള്‍ പദ്ധതി പ്രദേശത്ത് പ്രവര്‍ത്തനക്ഷമമല്ലാത്ത മുഴുവന്‍ ലൈറ്റുകളും മാറ്റുന്ന പ്രവൃത്തി നടക്കുകയാണ്. പദ്ധതിയുടെ പവര്‍ഹൗസിലേക്ക് കടക്കുന്ന ഭാഗത്തുളള ഗേറ്റ് മാറ്റി അടച്ചുറപ്പുളള ഗേറ്റ് സ്ഥാപിക്കും. കൂടാതെ വിയര്‍ സൈറ്റിലേക്ക് കടക്കാന്‍ കഴിയുന്ന വഴികളെല്ലാം അടക്കും.കൂടുതല്‍ കാവല്‍ക്കാരെ ഏര്‍പ്പെടുത്താനും സുരക്ഷാ വേലി സ്ഥാപിക്കാനുമുളള ശുപാര്‍ശകളും ബോര്‍ഡ് മുന്‍പാകെ സമര്‍പ്പിച്ചു. മുന്‍കൂട്ടി അനുമതിയില്ലാതെ ആര്‍ക്കും പവര്‍ ഹൗസ്, വിയര്‍സൈറ്റ്, ഫോബേ ടാങ്ക് എന്നിവടങ്ങളില്‍ പ്രവേശിക്കുന്നത് കര്‍ശനമായി തടയാനാണ് ഉന്നത അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുളളത്.
കഴിഞ്ഞ 15-ന് വിഷുദിവസം രാത്രിയാണ് ആറളം വിയറ്റ്‌നാമിലെ ഒരു വീട്ടില്‍ അഞ്ചംഗ മാവോവാദി സംഘം എത്തിയത്. ഈ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കുകയും ഇതിനു ശേഷം അരിയും മറ്റു സാധനങ്ങളും ശേഖരിച്ചതിനു ശേഷമാണ് ബാരാപോള്‍ വൈദ്യുത ജലപദ്ധതി തകര്‍ക്കുമെന്ന വിവരം ഇവര്‍ അറിയിച്ചത്. ഈ വിവരം പൊലിസില്‍ വീട്ടുടമ അറിയിച്ചതിനെ തുടര്‍ന്നാണ് പദ്ധതി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കിയത്. നേരത്തെ മാവോവാദികളുടെ സാന്നിധ്യമുളള പ്രദേശങ്ങളിലൊന്നാണ് ആറളം വനമേഖല.












Click it and Unblock the Notifications