അക്രമകാരികളായ തെരുവ് നായകളെ പിടികൂടുന്നതിന് നടപടി സ്വീകരിക്കുമെന്ന് കണ്ണൂർ മേയർ
കണ്ണൂർ: അക്രമകാരികളായ തെരുവ് നായകളെ പിടികൂടുന്നതിനു കോർപ്പറേഷൻ നേതൃത്വത്തിൽ പട്ടി പിടുത്തക്കാരുടെ പാനൽ തയാറാക്കുമെന്ന് കണ്ണൂർ മേയർ. പട്ടികളെ പിടികൂടി പ്രത്യേക സ്ഥലത്ത് താമസിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. തെരുവ് നായ ശല്യം നിയന്ത്രണ വിധേയമാക്കുന്നത് സംബന്ധിച്ച് കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് കൗൺസിൽ ഹാളിൽ വിളിച്ച് ചേർത്ത യോഗത്തിലായിരുന്നു തീരുമാനം.

ജില്ലാ പഞ്ചായത്ത് എബിസി പദ്ധതിക്ക് കോർപ്പറേഷൻ്റെ വിഹിതം നൽകുന്നുണ്ട്. വന്ധ്യംകരിച്ച നായകളെ വീണ്ടും യഥാസ്ഥലത്ത് തന്നെ തുറന്ന് വിടുന്നതിനാൽ എണ്ണം കുറയുന്നില്ല എന്ന് മാത്രമല്ല ക്രമേണ അക്രമണ സ്വഭാവമുള്ളതായി മാറുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ഇങ്ങനെയുള്ള തെരുവ്നായകളെ സംരക്ഷിക്കുന്നതിന് ഷെൽട്ടർ ഹോം സ്ഥാപിക്കുന്നതിനും പദ്ധതി രൂപീകരിക്കുന്നതാണ്. യോഗത്തിൽ മേയർ മുസ്ലിഹ് മഠത്തിൽ ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്റ്റാൻ്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻമാരായ എംപി രാജേഷ്, വികെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ സുരേഷ്ബാബു എളയാവൂർ, കൗൺസിലർമാരായ കെ പി അബ്ദുൽ റസാഖ്, പിവി ജയസൂര്യൻ, സാബിറ ടീച്ചർ, റാഷിദ്, കെ പി സുനിഷ, ബീബി, ആ സിമ സി എച്ച്,കോർപ്പറേഷൻ സെക്രട്ടറി ടി. ജി അജേഷ്, അഡി സെക്രട്ടറി ജയകുമാർ മൃഗസംരക്ഷണ വകുപ്പ് സീനിയർ വെറ്റിറിനറി സർജൻ പദ്മരാജൻ പികെ, ഷൈനി കെ, റെയിൽവെ ആരോഗ്യ വിഭാഗം ഡോ. വത്സല, കോർപ്പറേഷൻ കൗൺസിലർമാർ, ആരോഗ്യ വിഭാഗം ജീവനക്കാർ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ ദിവസമാണ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 24 പേർക്ക് പേപ്പട്ടിയുടെ കടിയേറ്റത്. കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. കോർപറേഷൻ തെരുവുനായകളെ പിടികൂടാൻ നടപടി സ്വീകരിക്കുന്നില്ലെന്ന ആരോപണം ശക്തമായതിനെ തുടർന്നാണ് അടിയന്തിര യോഗം മേയർ വിളിച്ചു ചേർത്തത്. കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ അതിരൂക്ഷമായ തെരുവുനായശല്യം പരിഹരിക്കുന്നതിന്റെ ഭാഗമായി മോണിറ്ററിംഗ് കമ്മിറ്റി രൂപികരിക്കാൻ കണ്ണൂർ റെയിൽവേ ലോഞ്ചിൽ വിളിച്ച് ചേർത്ത ജനപ്രതിനിധികളുടെയും വകുപ്പ് മേധാവികളുടെയും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. പേവിഷബാധയേറ്റെന്ന് സംശയിക്കുന്ന പട്ടികൾക്ക് വാക്സിനേഷനുള്ള നടപടികൾ എത്രയും പെട്ടെന്ന് കൈക്കൊള്ളാനും യോഗത്തിൽ തീരുമാനമെടുത്തു.












Click it and Unblock the Notifications