മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; സമീപത്തെ തെങ്ങോല പോലും കരിഞ്ഞു, സംഭവം കണ്ണൂരില്‍
കണ്ണൂര്‍: മൊബൈല്‍ ചാര്‍ജര്‍ പൊട്ടിത്തെറിട്ട് വീടിന് തീപിടിച്ചു. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി ആറാം മൈലിലെ എം എ മന്‍സിലില്‍ മസൂദിന്റെ വീട്ടില്‍ ആണ് ഞെട്ടിപ്പിക്കുന്ന സംഭവം. അപകടസമയത്ത് വീട്ടില്‍ ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ ദുൂരന്തമാണ് ഒഴിവായത്.
കഴിഞ്ഞ ദിവസം വൈകീട്ട് മസൂദിന്റെ അളിയന്റെ മകന്‍ പള്ളിയില്‍ പോയി തിരിച്ച് വരുമ്പോള്‍ ആയിരുന്നു വീടിന്റെ മുകള്‍ നിലയിലെ മുറിയില്‍ നിന്നും പുക ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ വീട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. എന്നാല്‍ വീട്ടുകാരും ബന്ധുക്കളും എത്തിയെങ്കിലും ചൂട് കാരണം വീട്ടിനുള്ളിലേക്ക് കടക്കാനായില്ല.

പിന്നീട് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കൂത്തുപറമ്പില്‍ നിന്ന് എത്തിയ ഫയര്‍ ഫോഴ്‌സ് ആണ് തീ അണച്ചത്. മുറിയിലെ ഫര്‍ണീച്ചറുകള്‍ മുഴുവന്‍ കത്തി നശിച്ചിട്ടുണ്ട്. മുറിയിലെ ചുവരും കത്തിക്കരിഞ്ഞ നിലയില്‍ ആണ്. മുറിക്ക് സമീപത്തെ തെങ്ങിലെ ഓല പോലും കരിഞ്ഞ് ഉണങ്ങിയ നിലയിലാണ് എന്നുള്ളത് തീപിടുത്തത്തിന്റെ വ്യാപ്തി വെളിവാക്കുന്നതാണ്.
മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം പ്ലഗ് ഓഫാക്കാതിരുന്നതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം. മൊബൈല്‍ ഫോണിന്റെ ചാര്‍ജര്‍ ചൂടുപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. മസൂദിന്റെ മകന്‍ ഉപയോഗിക്കുന്ന മുറിയിലാണ് അപകടം സംഭവിച്ചിരിക്കുന്നത്.
രാത്രിയിലാണ് അപകടമെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമായിരുന്നു എന്ന് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ പറയുന്നു. ചെറിയ അശ്രദ്ധ വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും വിലകുറഞ്ഞ ചൈന നിര്‍മ്മിത ചാര്‍ജറുകള്‍ ഒഴിവാക്കണമെന്നും കെ എസ് ഇ ബി അധികൃതരും പറഞ്ഞു.
ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ ചാര്‍ജര്‍ പ്ലഗില്‍ നിന്ന് ഊരി വെക്കണം എന്നും കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടികളുള്ള വീട്ടില്‍ ഇത്തരം വിഷയങ്ങള്‍ക്ക് കാര്യമായ പ്രാധാന്യം നല്‍കണം. അപകടം ഒഴിവാക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണം എന്നുംകെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.












Click it and Unblock the Notifications