മധ്യവയസ്‌കനെ വീട്ടില്‍ കയറി വെട്ടിക്കൊന്ന സഹോദര പുത്രന്‍ അറസ്റ്റില്‍
മട്ടന്നൂര്‍: മട്ടന്നൂര്‍ നഗരസഭയിലെ കൊതേരിയില്‍ മധ്യവയസ്‌കനെ ജ്യേഷ്ഠന്റെ മകന്‍ വീട്ടില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ പൊലിസ് കേസെടുത്തു അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊതെരി വണ്ണാത്തിക്കുന്നിലെ കുന്നുമ്മല്‍ വീട്ടില്‍ ഗിരീശനാണ് (54) കൊല്ലപ്പെട്ടത്. ഗിരീശന്റെ സഹോദര പുത്രന്‍ ഷിഖിലിനെ പൊലിസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റു രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം.
ബുളളറ്റിലെത്തിയ യുവാവ് വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറി ഗിരീശനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൈയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ചുള്ള വെട്ടേറ്റ് ഗിരിശന്റെ ദേഹത്ത് ആഴത്തിലുള്ള മുറിവുകളുണ്ട്. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ ചോരയൊലിപ്പിച്ചു കിടന്ന ഗിരീശനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോള്‍ ഗിരീശന്റെ പ്രായമായ അമ്മ മാത്രമേ വീട്ടിലുണ്ടായിരുള്ളു.

മദ്യ ലഹരിയില്‍ ഇരുവരും തമ്മില്‍ നടത്തിയ വാക്കുതര്‍ക്കത്തെ തുടര്‍ന്നുള്ള പകയാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലിസ് നല്‍കുന്ന വിവരം. ആക്രമണത്തിന് മുന്‍പേ ഇരുവരും മട്ടന്നൂര്‍ ടൗണില്‍ നിന്നും മദ്യലഹരിയില്‍ വാക്ക് തര്‍ക്കമുണ്ടായെന്ന് പൊലിസ് പറയുന്നു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാര ചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു.
പ്രതിയെ ചോദ്യം ചെയ്തതിനു ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൊലപാതകവിവരമറിഞ്ഞ് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ആര്‍. അജിത്ത്കുമാര്‍ , കൂത്തുപറമ്പ് എ.സി.പി വിനോദ്, മട്ടന്നൂര്‍ സി.ഐ കെ.വി പ്രമോദ്, എസ്.ഐ ആര്‍.എന്‍. പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രതിക്കായി വ്യാപാകമായ തെരച്ചില്‍ നടത്തുന്നതിനിടെയില്‍ ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് കസ്റ്റഡിയിലെടുത്തത്. കണ്ണൂരില്‍ നിന്നും ഫോറന്‍സിക് വിഭാഗവും പരിശോധന നടത്തി. പരേതനായ ശ്രീധരന്റെയും രാധയുടെയും മകനാണ് മരിച്ച ഗിരീശന്‍. സഹോദരങ്ങള്‍: രമണി രാജേഷ് പരേതനായ സതീശന്‍.












Click it and Unblock the Notifications