തലശേരിയില്‍ ബോംബ് സ്ഫോടനം; ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൈപത്തി അറ്റു
തലശേരി: തലശേരി നഗരസഭാ പരിധിയിലെ എരഞ്ഞോളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ യുവാവിന് ഗുരുതരമായി പരുക്കേറ്റു. ബുധനാഴ്ച്ച പുലര്‍ച്ചെയാണ് സംഭവം. എരഞ്ഞോളി സ്വദേശി കച്ചമ്പ്രത്ത് വിഷ്ണുവിനാണ് (28) പരുക്കേറ്റത്. ഉഗ്രസ്ഫോടനത്തില്‍ ഇയാളുടെ കൈപ്പത്തിയും വിരലുകളും അറ്റിട്ടുണ്ട്. പൊലിസെത്തി ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവസ്ഥലമായ എരഞ്ഞോളിപാലം കച്ചുമ്പുറം താഴെ നിന്നും പൊട്ടാത്ത ഒരു നാടന്‍ ബോംബും കണ്ടെത്തിയിട്ടുണ്ട്. ബോംബു നിര്‍മാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പരുക്കേറ്റ വിഷ്ണു ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്നു സിപിഎം ആരോപിച്ചു. സംഭവത്തെ തുടര്‍ന്ന് എരഞ്ഞോളി മേഖലയില്‍ പൊലിസ് തെരച്ചില്‍ നടത്തുകയാണ്.

കണ്ണൂരില്‍ നിന്നു ബോംബ് സ്‌ക്വാഡും ഫോറന്‍സിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. കണ്ണൂര്‍സിറ്റി പൊലിസ് കമ്മിഷണര്‍ അജിത്ത് കുമാര്‍ ഉള്‍പ്പെടെയുളള ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. സ്ഥലത്ത് വന്‍ പൊലിസ് സന്നാഹം ക്യാംപ് ചെയ്യുന്നുണ്ട്. ബോംബു സ്ഫോടനത്തില്‍ പരുക്കേറ്റ വിഷ്ണുവിന്റെ കൂടെ മറ്റാരെങ്കിലുമുണ്ടായിരുന്നോയെന്ന കാര്യം പൊലിസ് അന്വേഷിച്ചുവരികയാണ്.
സംഭവത്തില്‍ പ്രതിഷേധവുമായി സിപിഎമ്മും കോണ്‍ഗ്രസും രംഗത്തു വന്നു. ഉത്സവാഘോഷ വേളകളില്‍ തലശേരി താലൂക്കില്‍ മന:പൂര്‍വം സംഘര്‍ഷമുണ്ടാക്കാനുളള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. കഴിഞ്ഞ മാസമാണ് ഇരിട്ടി മേഖലയിലെ വീട്ടില്‍ ബോംബുനിര്‍മാണത്തിനിടെ പൊട്ടിത്തെറിച്ചു ആര്‍എസ്എസ് പ്രവര്‍ത്തകനും ഭാര്യയ്ക്കും പരുക്കേറ്റത്.
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇയാളുടെ കൈപ്പത്തി നഷ്ടമായിട്ടുണ്ട്. പ്രതിയായ യുവാവിനെ പിന്നീട് ആശുപത്രിയില്‍ നിന്നും മടങ്ങും വഴി പൊലിസ് അറസ്റ്റു ചെയ്തിരുന്നു. പുതിയ സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. വിഷ്ണുവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. സ്‌ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തുവെന്നാണ് കേസ്.












Click it and Unblock the Notifications