കണ്ണൂരിൽ നിന്ന് മൂന്നാറിലേയ്ക്ക് കെ.എസ്.ആര്‍.ടിസിയുടെ വിനോദ യാത്ര; കാഴ്ചകളോ അതി മനോഹരം
കണ്ണൂര്‍: കെ.എസ്.ആര്‍.ടിസി കണ്ണൂർ ഡിപ്പോയില്‍ നിന്നും മൂന്നാറിലേക്ക് വിനോദ യാത്ര നടത്തി. കെഎസ്ആര്‍ടിസി കണ്ണൂര്‍ ഡിപ്പോയിലെ ബജറ്റഡ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിലാണ് യാത്ര. ഞായറാഴ്ച്ച രാവിലെ നാല്‍പത് യാത്രക്കാരുമായാണ് വിനോദയാത്ര പോയത്. അതേസമയം, രണ്ടാം സംഘം മാര്‍ച്ച് ആറിന് പുറപ്പെടും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ യാത്രയുടെ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യന്‍, കെ.എസ്.ആര്‍.ടി.സി ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ ഷാജി വര്‍ഗീസ്, കോഡിനേറ്റര്‍ പ്രകാശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

എന്നാൽ, കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്കും കെ.എസ്. ആര്‍.ടി.സി യാത്രക്കാരെയും കൊണ്ടു വിനോദയാത്ര നടത്തി. ഇത് മൂന്നാം തവണയാണ് കണ്ണൂരില്‍ നിന്ന് വയനാട്ടിലേക്ക് വിനോദയാത്ര പോവുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ടിക്കറ്റേതിര വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സീസണുകളില്‍ സഞ്ചാര പ്രീയര്‍ക്കായി വിനോദയാത്രകള്‍ നടത്തിയത്.
മൂന്നാറിലെ തേയില ഫാക്ടറി, ടീ മ്യൂസിയം, ടോപ് സ്റ്റേഷന്‍, കുണ്ടള തടാകം, ഇക്കോ പോയിന്റ്, മാട്ടുപ്പെട്ടി അണക്കെട്ട്, ഫ്ളവര്‍ ഗാര്‍ഡന്‍ എന്നിവയാണ് കെ. എസ്. ആര്‍.ടി.സിയിലൂടെ കാണാനാവൂക. മൂന്നാറില്‍ എ.സി സ്ലീപ്പര്‍ ബസില്‍ താമസവും കാഴ്ചകള്‍ കാണുന്നതും ഉള്‍പ്പെടെ 1850 രൂപയാണ് ടിക്കറ്റ് നിരക്ക്. ഭക്ഷണ ചെലവും എന്‍ട്രി ഫീസും യാത്രക്കാര്‍ തന്നെ വഹിക്കണമെന്ന് കെ. എസ്. ആര്‍.ടി.സി ബുക്കിങ് ഓഫീസര്‍ അറിയിച്ചു.












Click it and Unblock the Notifications