കണ്ണൂര്‍ കലക്ടറേറ്റിൻ്‍റെ മുന്‍വശത്തെ ലോഡ്ജില്‍ നിന്നും കുപ്രസിദ്ധ മോഷ്ടാവിനെ പൊലീസ് പിടികൂടി
കണ്ണൂര്‍: കണ്ണൂര്‍ കലക്ടറേറ്റിൻ്‍റെ മുന്‍വശത്തെ ലോഡ്ജില്‍ നിന്നും കുപ്രസിദ്ധ മോഷ്ടാവിനെ ഏറെക്കാലത്തെ അന്വേഷണത്തിനൊടുവില്‍ പൊലിസ് പിടികൂടി. നിരവധി വീടുകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയ കേസില്‍ കുപ്രസിദ്ധനായ മോഷ്ടാവിനെയാണ് എടക്കാട് പൊലിസ് രഹസ്യവിവരം ലഭിച്ചതനുസരിച്ചു റെയ്ഡ് നടത്തി പിടികൂടിയത്. ചിറക്കല്‍ അമ്പലം റോഡിലെ ഗിരീഷെന്ന അട്ട ഗിരീഷിനെയാ(49)ണ് എടക്കാട് സി. ഐസുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തിലുളള പൊലിസ് സംഘം അറസ്റ്റു ചെയ്തത്.
2006-മുതല്‍ കണ്ണപുരം, വളപട്ടണം, കണ്ണൂര്‍ ടൗണ്‍, കണ്ണൂര്‍ സിറ്റി, എടക്കാട് തുടങ്ങിയ സ്‌റ്റേഷനുകളിലെ നിരവധി ഭവനഭേദന മോഷണകേസിലെ പ്രതിയാണ് ഗിരീഷ്. വീടുകളുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി കവര്‍ച്ച നടത്തുകയാണ് ഇയാളുടെ പതിവെന്ന് പൊലിസ് പറഞ്ഞു. മോഷണത്തിന് ശേഷം പണവുമായി തമിഴ്‌നാട്ടിലേക്ക് കടക്കുകയാണ് സാധാരണയായി ചെയ്യാറുളളത്. കഴിഞ്ഞ കുറെക്കാലമായി പൊലിസ് ഗിരീഷിനെനിരീക്ഷിച്ചുവരികയായിരുന്നു.

മൊബൈല്‍ ഫോണ്‍ ഇയാള്‍ ഉപയോഗിച്ചിരുന്നില്ല. പൊലിസ് പിടികൂടുമെന്നതിനാല്‍ വീട്ടിലേക്ക് ഫോണ്‍ വിളിക്കാറില്ലായിരുന്നു. എന്നാല്‍ വീട്ടിലെ വിശേഷങ്ങളും അറിയുകയും ചെയ്തിരുന്നു. ഇതിനിടെയില്‍ ഭാര്യയുമായി പ്രതി ഫോണിലൂടെ ബന്ധപ്പെടാറുണ്ടെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാളുടെ ഭാര്യയുടെ ഫോണ്‍ നിരീക്ഷിച്ചുവരികയായിരുന്നു.
ഇതിനിടെ വെളളിയാഴ്ച്ച രാത്രി പത്തുമണിയോടെ ഗിരീഷ് കണ്ണൂര്‍ കാല്‍ടെക്‌സിലെത്തിയതായി എടക്കാട് പൊലിസിന് വിവരം ലഭിച്ചു. തുടര്‍ന്ന് എടക്കാട് സി. ഐ സുരേന്ദ്രന്‍ കല്യാടന്റെ നേതൃത്വത്തില്‍ പ്രതിയെ തപ്പിയിറങ്ങുകയായിരുന്നു.
കാള്‍ ടെക്‌സിനു സമീപത്തെ ഒരു ലോഡ്ജില്‍ പ്രതിയുളളതായി വിവരം ലഭിക്കുകയും പരിശോധന നടത്തുകയും ചെയ്തു. ലോഡ്ജില്‍ നിന്ന ഭാര്യയോടൊപ്പം ഇയാളെ പിടികൂടുകയായിരുന്നു.പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ്. ഐ ബോസ്, സിവില്‍ പൊലിസ് ഓഫീസര്‍മാരായ സിസില്‍, ലെവന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.












Click it and Unblock the Notifications