ജോസിനെ കൊന്നത് വഴിതെറ്റി വന്ന കാട്ടാന തന്നെ; നടുങ്ങി ഗ്രാമം
ഇരിട്ടി: കാട്ടാനപ്പകയില്‍ കണ്ണൂര്‍ ജില്ലയിലെ കുടിയേറ്റ മലയോരഗ്രാമമായ ഉളിക്കല്‍ നടുങ്ങിയിരിക്കുകയാണ്. ഉളിക്കല്‍ ടൗണിനെ ഒരു പകല്‍ മുഴുവന്‍ വിറപ്പിച്ചാണ് ജനവാസകേന്ദ്രത്തില്‍ തമ്പടിച്ച കാട്ടാന ഒരു ജീവന്‍ കൂടി അപഹരിച്ച് കര്‍ണാടക വനാതിര്‍ത്തിയിലേക്ക് മടങ്ങിയത്. ഉളിക്കലില്‍ ഒരാള്‍ കൂടി കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ടതോടെ മലയോര കര്‍ഷകര്‍ അരക്ഷിതാവസ്ഥയിലാണ്.
ഇക്കാര്യം ജോസ് മരിച്ച് കിടക്കുന്ന സ്ഥലത്തെത്തിയ പലരുടെയും മുഖത്ത് ദൃശ്യമായിരുന്നു. ആന്തരികവയവങ്ങള്‍ പുറത്തായി അതിദാരുണമായി മരിച്ചു കിടന്ന ജോസേട്ടന്‍ എന്നു നാട്ടുകാര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ആര്‍ത്രശേരി ജോസിന്റെ ചേതനയറ്റ ശരീരത്തിലേക്ക് പലര്‍ക്കും നോക്കാന്‍ പോലുമായില്ല. അത്രയേറെ ഭീകരമായിരുന്നു ആ ദൃശ്യം. ഉളിക്കല്‍ ടൗണിലിറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റാണ് പ്രദേശവാസിയായ ആര്‍ത്രശേരി ജോസ് (65) കൊല്ലപ്പെട്ടതെന്ന് ഇരിക്കൂര്‍ മണ്ഡലം എംഎല്‍എ സജീവ് ജോസഫ് പറഞ്ഞു.

കാട്ടാന ചവിട്ടിയ പാടുകള്‍ ജോസിന്റെ ദേഹമാസകലമുണ്ട്. ആന്തരികാവയവങ്ങള്‍ പുറത്തായ നിലയിലാണ്. കാട്ടാന കടന്നുപോയ കാല്‍പാടുകള്‍ ജോസിന്റെ മൃതദേഹം കിടന്ന സ്ഥലത്ത് കാണുന്നുണ്ടെന്നും എംഎല്‍എ അറിയിച്ചു. ഇക്കാര്യം വനം വകുപ്പ് ഉദ്യോഗസ്ഥരും വ്യാഴാഴ്ച്ച ഉച്ചയോടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഉളിക്കലില്‍ ഇറങ്ങിയ കാട്ടാനയുടെ ചവിട്ടേറ്റാണ് പ്രദേശവാസിയായ ജോസ് മരിച്ചതെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.
പ്രദേശവാസികള്‍ തടിച്ചു കൂടിയതാണ് കാട്ടാനയെ പ്രകോപിക്കുകയും വിരണ്ടോടുകയും ചെയ്തത്. നേരത്തെ തന്നെ വനംവകുപ്പും പൊലിസും എല്ലാവരോടും സ്ഥലത്ത് നിന്ന് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എല്ലാവരും മാറിയെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. ഇയാള്‍ ഏങ്ങനെ വന്നുപെട്ടു എന്നറിയില്ല. ആന ചവിട്ടിയാണ് മരിച്ചതെന്നാണ് മനസിലാക്കുന്നതെന്നും റെയ്ഞ്ച് ഓഫീസര്‍ പറഞ്ഞു.
ബസ് സ്റ്റാന്‍ഡിന് സമീപം മത്സ്യമാര്‍ക്കറ്റിനടുത്ത് കുറ്റിക്കാട്ടില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബുധനാഴ്ച്ച കാട്ടാന ഇതുവഴി പോകുന്നതിനിടെയില്‍ മുന്‍പില്‍പ്പെട്ടു പോയ ജോസിനെ ചവുട്ടിക്കൊന്നതയാണ് സൂചന. ബുധനാഴ്ച്ച പകല്‍ മുഴുവന്‍ ഉളിക്കല്‍ പ്രദേശത്തെ മുള്‍മനയില്‍നിത്തിയ കാട്ടാനയെ സന്ധ്യയോടെ മാട്ടറ വഴി വനാതിര്‍ത്തി കടത്തുവിട്ടുവെന്നാണ് വനം വകുപ്പ് അറിയിച്ചിരുന്നത്.
ജോസിന്റെ മൃതദേഹം വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചുമണിയോടെ നെല്ലിക്കാംപൊയില്‍ സെന്റ് സെബാസ്റ്റിയന്‍ ഫെറോന പളളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷമാണ് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അന്തിമോപചാര ചടങ്ങുകള്‍ നടത്തിയത്. ഭാര്യ: ആലീസ്, മക്കള്‍: മിനി, സിനി, സോണി, സോജന്‍. മരുമക്കള്‍: സജി, ഷിജി, മനോജ്, ടീന. സഹോദരങ്ങള്‍: വര്‍ഗീസ്, സെബാസ്റ്റിയന്‍, ബെന്നി, ഇമ്മാനുവല്‍,സാലി, പരേതനായ വിന്‍സെന്റ്.












Click it and Unblock the Notifications