വീണ്ടും പ്രണയപ്പക? കണ്ണൂരില്‍ വീട്ടിനുള്ളില്‍ യുവതിയുടെ മൃതദേഹം കഴുത്തറുത്ത നിലയില്‍
കണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ യുവതി കഴുത്തറുത്ത് മരിച്ച നിലയില്‍. കണ്ണച്ചാന്‍കണ്ടി ഹൗസില്‍ വിനോദിന്റെ മകള്‍ വിഷ്ണു പ്രിയയെ ആണ് കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.

23 കാരിയായ വിഷ്ണുപ്രിയയുടെ മൃതദേഹം വീട്ടിനുള്ളിലാണ് കണ്ടെത്തിയത്. മുഖംമൂടി ധരിച്ചയാളെ സമീപത്ത് കണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പ്രണയനൈരാശ്യമാണ് കൊലപാതകത്തിന് പിന്നില്‍ എന്നാണ് പ്രാഥമിക നിഗമനം
ഇന്ന് രാവിലെ 10 മണിയോടെ ആണ് സംഭവം നടന്നത് എന്നാണ് പൊലീസ് കരുതുന്നത്. കൊലപാതകിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. പെണ്‍കുട്ടിയുടെ ബന്ധുവിന്റെ മരണാനന്തരചടങ്ങിനായി എല്ലാവരും പോയ സമയത്തായിരുന്നു സംഭവം. പെണ്‍കുട്ടിയും ബന്ധുവീട്ടിലായിരുന്നു.
വസ്ത്രം മാറാനായാണ് വീട്ടിലേക്ക് വന്നത്. എന്നാല്‍ ഏറെ നേരം കഴിഞ്ഞിട്ടും മകള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്ന് അമ്മ വീട്ടിലേക്ക് പോയി നോക്കിയപ്പോഴാണ് മരണവിവരം അറിഞ്ഞത്.
സമീപത്ത് വീടുകളുണ്ടായിരുന്നെങ്കിലും അടുത്ത വീട്ടില്‍ ഒരു മരണം നടന്നിരുന്നതിനാല്‍ വീട്ടുകാരെല്ലാം അവിടേക്ക് പോയിരിക്കുകയായിരുന്നു. കൊലപാതകമാണ് എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അത് കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിച്ച് കൊണ്ടിരിക്കുന്നത്.
സി സി ടി വി ദൃശ്യങ്ങള്‍ അടക്കം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് നടക്കുന്നത്. സംഭവസമയത്ത് പെണ്‍കുട്ടിയുടെ വീട്ടിലും സമീപത്തെ വീട്ടിലും ആരുമുണ്ടായിരുന്നില്ല. സമീപത്തെ മരണവീട്ടിലെ ബഹളം കാരണമായിരിക്കാം പെണ്‍കുട്ടിയുടെ കരച്ചിലൊന്നും കേള്‍ക്കാതെ പോയത് എന്ന നിഗമനത്തിലാണ് പൊലീസ്.
സംഭവത്തിന് ശേഷം അയല്‍ക്കാരനാണ് മുഖംമൂടി ധാരിച്ച ഒരാള്‍ ഇവിടെ നിന്ന് ഓടിപ്പോകുന്നത് കണ്ടു എന്ന് മൊഴി നല്‍കിയിരിക്കുന്നത്. ആ മൊഴി കൂടി കണക്കിലെടുത്താണ് പൊലീസ് പരിശോധന നടത്തിക്കൊണ്ടിരിക്കുന്നത്.
മുഖം മൂടി ധരിച്ചയാളെ അപ്പോള്‍ കണ്ടപ്പോള്‍ ഒന്നും ചോദിക്കാന്‍ കഴിഞ്ഞില്ല എന്നും ഇയാള്‍ പറയുന്നു. ആ സമയത്ത് മരണവിവരം അറിഞ്ഞിരുന്നില്ല. സംഭവം അറിഞ്ഞ ശേഷമാണ് മുഖംമൂടി ധാരിയെ കുറിച്ച് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.
പ്രാഥമികമായി പെണ്‍കുട്ടിയോടുള്ള വൈരാഗ്യമാണോ കൊലയ്ക്ക് പിന്നില്‍ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാല്‍ പെണ്‍കുട്ടിക്ക് ആരുമായും വൈരാഗ്യമില്ല എന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്. മോഷണശ്രമമാണോ എന്നും പരിശോധിക്കുന്നുണ്ട്.
വീട്ടിലെ വസ്തുക്കള്‍ മോഷണം പോയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കുന്നുണ്ട്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. പിടിവലി നടന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ട് എന്ന് പൊലീസ് പറയുന്നു. സ്വകാര്യലാബിലെ ജീവനക്കാരിയാണ് വിഷ്ണുപ്രിയ.
വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് ഖത്തറിലാണ്. അവധിക്ക് നാട്ടില്‍ വന്ന ഇദ്ദേഹം ഖത്തറിലേക്ക് പോയിട്ട് അധികനാളായിട്ടില്ല.












Click it and Unblock the Notifications