മുക്കുപണ്ടം പൊതുമേഖലാ ബാങ്കില്‍ പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ യുവാവിനെതിരെ പോലീസ് കേസ്
പഴയങ്ങാടി: ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍കഴിയാത്ത മുക്കുപണ്ടം പൊതുമേഖലാ ബാങ്കില്‍ പണയം വെച്ചു ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവാവിനെതിരെ പഴയങ്ങാടി പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു. പരിയാരം ചന്തപ്പുര സുഹറാസിലെ മുഹമ്മദ്‌റിഫാസിനെ(31)തിരെയാണ് പഴയങ്ങാടി പൊലിസ് കേസെടുത്തത്.
ഫെഡറല്‍ ബാങ്ക്പഴയങ്ങാടി ശാഖിയില്‍ മുക്കുപണ്ടം പണയം വെച്ചു 13,82,000 രൂപ ഇയാള്‍ തട്ടിയെടുത്തുവെന്നാണ് കേസ്. ഫെഡറല്‍ ബാങ്ക് പഴയങ്ങാടി ശാഖാ സീനിയര്‍ മാനേജര്‍ വി.ഹരിയുടെ പരാതിയിലാണ് പൊലിസ് കേസെടുത്തത്.

കാലാവധി കഴിഞ്ഞിട്ടും സ്വര്‍ണം തിരിച്ചെടുക്കാത്തതിനെ തുടര്‍ന്ന് ബാങ്ക്അധികൃതര്‍ നോട്ടീസ് അയച്ചിട്ടും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. തിരിച്ചെടുക്കാത്ത പണയപണ്ടങ്ങള്‍ലേലം ചെയ്തു വില്‍ക്കാറാണ് ബാങ്കിന്റെ നിയമാനുസൃതമായ നടപടി. ഇതിനുമുന്നോടിയായ റിഫാസ് പണയം വെച്ച സ്വര്‍ണാഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് സംശയം തോന്നിയത്.
തുടര്‍ന്ന് ആഭരണം മുറിച്ചെടുത്ത് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ ഹെഡ് ഓഫീസിന്റെ അനുമതി തേടി. കഴിഞ്ഞ ജൂണ്‍ മാസമാണ് ഇതിനായുളള അനുമതി ലഭിച്ചത്. ഇതേ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് വ്യാജസ്വര്‍ണമാണെന്ന് കണ്ടെത്തിയത്. മൂന്ന് ഗ്രാം സ്വര്‍ണം പൂശിയ പൈപ്പ് ആഭരണമായിരുന്നു റിഫാസ് പണയം വെച്ചത്.
റിഫാസിനെ കൊണ്ടു ആഭരണം തിരിച്ചെടുക്കാനും ബാങ്കിന്‌ലഭിക്കേണ്ട പണം അടപ്പിക്കാനും വണ്‍ ടൈം സെറ്റില്‍ മെന്റിന് അധികൃതര്‍ ശ്രമിച്ചുവെങ്കിലും റിഫാസിനെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. ഇതേ തുടര്‍ന്നാണ് പൊലിസില്‍ പരാതി നല്‍കിയത്.
ചന്തപ്പുര സ്വദേശിയാണെങ്കിലും മുഹമ്മദ്‌റിഫാസിന്റെ പ്രവര്‍ത്തന കേന്ദ്രം മലപ്പുറമാണ്. അവിടെ റിയല്‍ എസ്‌റ്റേറ്റ്, വാഹന ഇടപാട് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘങ്ങളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
പയ്യന്നൂര്‍ ഡി.വൈ. എസ്. പി കെ. ഇ പ്രേമചന്ദ്രന്‍, പഴയങ്ങാടി സി. ഐ ടി. എന്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ റിഫാസിനായി തെരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്ന് പൊലിസ് അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ ബാങ്കുകളില്‍ മുക്കുപണ്ടം പണയം വെച്ചു പണംതട്ടിയെടുക്കുന്ന സംഘത്തെ നേരത്തെ പൊലിസ് പിടികൂടിയിരുന്നു. സഹകരണബാങ്കുകള്‍ കേന്ദ്രീകരിച്ചാണ് ഇവര്‍ മുക്കുപണ്ടം പണയം വെച്ചു പണം തട്ടിയെടുത്തത്.












Click it and Unblock the Notifications