കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ വിമാനത്താവളത്തിന് തുല്യമായി വികസിപ്പിക്കും: പികെ കൃഷ്ണദാസ്
കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിമാനത്താവളത്തിന് തുല്യമായ സൗകര്യങ്ങളോട് കൂടി വികസിപ്പിക്കാന്‍ ആവശ്യമായ രൂപരേഖ റെയില്‍വേ മന്ത്രലയത്തിന് സമര്‍പ്പിക്കുമെന്ന് റെയില്‍വേ പാസഞ്ചര്‍ അമിനിറ്റീസ് കമ്മറ്റി ചെയര്‍മാന്‍ പി.കെ. കൃഷ്ണദാസ്. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പരിശോധിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
250 കോടി മുതല്‍ 460 കോടി രൂപ വരെ മുടക്കുന്ന പദ്ധതിയാണ് പരിഗണനയിലുള്ളത്. ഇത്തരത്തില്‍ കേരളത്തിലെ അഞ്ച് റെയില്‍വേ സ്റ്റേഷനുകളില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ കണ്ണൂരിനെ പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂരില്‍ നിന്ന് പുതിയ ട്രെയിന്‍ സര്‍വ്വീസുകള്‍ ആരംഭിക്കാന്‍ നടപടി സ്വീകരിക്കും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വികസനം സാധ്യമാക്കുന്നതോടൊപ്പം കണ്ണൂര്‍ സൗത്ത് സ്റ്റേഷനെ ടെര്‍മിനലായി ഉയര്‍ത്തുന്നതിനാവശ്യായ നടപടികള്‍ സ്വീകരിക്കും.

ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ റെയില്‍വേ മന്ത്രിയുടെ മുന്നില്‍ അവതരിപ്പിക്കും. ദീര്‍ഘകാല പദ്ധതികള്‍ നടപ്പിലാക്കുന്നതോടൊപ്പം തന്നെ യാത്രക്കാരുടെ ഇപ്പോഴുള്ള ബുദ്ധിമുട്ടുകള്‍ പരിഹരക്കുന്നതിനാവശ്യായ നടപടികളും സ്വീകരിക്കും. സ്റ്റേഷന്റെ കിഴക്കേ കവാടത്തില്‍ എത്തിച്ചേരുന്നവര്‍ക്കായി കൂടുതല്‍ സമയം കാത്തു നില്‍ക്കാതെ ടിക്കറ്റുകള്‍ ലഭ്യമാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
ഇതിനായി കൂടുതല്‍ എടിവിഎം സ്ഥാപിക്കാനാവശ്യമായ നടപടി സ്വീകരിക്കും. ഇതു വന്നാല്‍ സ്വാഭാവികമയും കിഴക്കെ കവാടത്തിലെത്തുന്ന യാത്രക്കാരുടെ ടിക്കറ്റ് എടുക്കാനുള്ള ബുദ്ധിമുട്ടിന് പരിഹാരമാകും. പഴയ ഉപയോഗശൂന്യമായ ക്വാര്‍ട്ടേഴ്സുകള്‍ കേന്ദ്രീകരിച്ച് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന വ്യാപകമായ പരാതി പരിഗണിച്ച് അവ ഒരു മാസത്തിനകം പൊളിച്ച് നീക്കും.
തുടര്‍ന്ന് ഈ സ്ഥലത്ത് പാര്‍ക്കിങ് ഏരിയയാക്കി മാറ്റാന്‍ നടപടി സ്വകരിക്കും. പ്രധാന കവാടത്തിന് സമീപമുള്ളതുപോലെ കിഴിക്ക് ഭാഗത്തും ആവശ്യമായ പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്താന്‍ ഇതുകൊണ്ട് സാധിക്കും. ഇത് എത്രയും വേഗത്തില്‍ നടപ്പാക്കും. കണ്ണൂരില്‍ ട്രെയിന്‍ തീവെപ്പ് നടന്നതിന് ശേഷം സുരക്ഷാ സംവിധാനം സംബന്ധിച്ച് ഡിവിഷന്‍ തലത്തില്‍ ഗൗരവതരമായ ചര്‍ച്ച നടത്തിയിട്ടുണ്ട്.
പരിശോധനയുടെ സമാപനമെന്ന നിലയില്‍ 20 ന് ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ചേരുന്ന യോഗത്തില്‍ വിഷയം ഗൗരവമായി പരിഗണിക്കും. നേരത്തെ നടന്ന തീവെപ്പ് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ യോഗത്തില്‍ സ്വീകരിക്കും. വെളിച്ചക്കുറവ് പരിഹരിക്കാന്‍ രണ്ട് ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കുന്നതോടൊപ്പം ആവശ്യമായ സിസി ടിവി ക്യാമറകളും സ്ഥാപിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
സീനിയര്‍ ഡിസിഎം ഡോ. അരുണ്‍ തോമസ് കളത്തിക്കല്‍, സ്റ്റേഷന്‍ മാനേര്‍ എസ്. സജിത്ത് കുമാര്‍, ഡെപ്യൂട്ടി സ്റ്റേഷന്‍ മാനേജര്‍ പി.വി. രാജീവ് കുമാര്‍, ബിജെപി സംസ്ഥാന സെക്രട്ടറി കെ. രഞ്ജിത്ത്, ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ്, അഡ്വക്കറ്റ് അര്‍ച്ചന വണ്ടിച്ചാല്‍ എന്നിവരും കൃഷ്ണദാസിനോടൊപ്പമുണ്ടായിരുന്നു.












Click it and Unblock the Notifications