റോളര്‍ നെറ്റഡ് ബോളില്‍ ഇന്ത്യക്ക് അഭിമാനമായി കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി
കണ്ണൂര്‍: കണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥി ലോക കായിക രംഗത്ത് ശ്രദ്ധേയനാകുന്നു. ശ്രീലങ്കയിലെ കൊളംബോയിലെ എയര്‍പോയര്‍ട്ട് സ്പോര്‍ട്സ് കോംപ്ലക്സ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഇന്റര്‍നാഷനല്‍ റോളര്‍ നെറ്റഡ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം നേടിയാണ് കണ്ണൂര്‍ താണ സ്വദേശിയായ വിദ്യാര്‍ത്ഥി ഇന്ത്യയുടെ അഭിമാനമായത്. കണ്ണൂര്‍ സ്വദേശി സാഹില്‍ അഷ്‌കര്‍ വളരെ ചെറുപ്പം മുതലെ ഈ കായിക പരിശീലനം നടത്തിവരികയാണ്.
സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മത്സരിച്ച സാഹിലും സംഘവും മുന്നാം സ്ഥാനമാണ് നേടിയത്. ഇതിലൂടെ ഇന്ത്യക്ക് സെക്കന്‍ഡ് റണ്ണറപ്പ് പദവി നേടാന്‍ സാധിച്ചു. അന്താരാഷ്ട്ര ചാംപ്യന്‍ഷിപ്പില്‍ രണ്ടാം തവണയാണ് സാഹില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചത്. 2022ല്‍ മലേഷ്യയില്‍ നടന്ന മുന്‍ ഇന്റര്‍നാഷനല്‍ റോളര്‍ നെറ്റഡ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ മത്സരിച്ച് സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയിരുന്നു.

ഇന്ത്യ ഓവറോള്‍ ചാംപ്യന്‍ഷിപ്പും നേടി. അഞ്ചുവയസ് മുതല്‍ സ്‌കേറ്റിങ് പഠിക്കുന്ന സാഹില്‍ സംസ്ഥാന ദേശിയ തലങ്ങളില്‍ വിവധ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. 2022 ഫെബ്രുവരിയില്‍ ഗോവയില്‍ നടന്ന ദേശിയ റോളര്‍നെറ്റഡ്ബോള്‍ ചാംപ്യന്‍ഷിപ്പിലെ സ്വര്‍ണനേട്ടമാണ് ഇന്ത്യന്‍ ടീമിലേക്ക് വഴി തുറന്നത്. 2019ല്‍ പോണ്ടിചേരിയില്‍ നടന്ന ദേശിയ ചാംപ്യന്‍ഷിപ്പിലും പങ്കെടുത്തിരുന്നു. തായലന്റില്‍ നടക്കുന്ന അടുത്ത ലോക ചാംപ്യന്‍ഷിപ്പിലും സാഹില്‍ ഇടം നേടിയിട്ടുണ്ട്.
സാഹില്‍ ചിന്മയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. താണയിലെ എം.വി അഷ്‌കറിന്റെയും ഷെഹ്ലയുടെയും മകനാണ് ഈ കായിക താരം. കണ്ണൂരില്‍ റോളര്‍ നെറ്റ്ഡ് ബാള്‍ ചാംപ്യന്‍ഷിപ്പില്‍ പരിശീലന സൗകര്യമില്ലാത്തതിനാല്‍ തിരുവനന്തപുരത്ത് നിന്നാണ് അഷ്‌കര്‍ പരിശീലനം നടത്തിവരുന്നത്. ജൂണ്‍ ആദ്യവാരം എര്‍ണാകുളത്ത് നടക്കുന്ന സംസ്ഥാന മീറ്റില്‍ ഈ വിദ്യാര്‍ത്ഥി പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications