രാജ്യത്ത് നിലനില്‍ക്കുന്നത് വൈദേശികാധിപത്യത്തിന്റെ അടയാളങ്ങള്‍: ജേക്കബ് തോമസ്
കണ്ണൂര്‍: 1947 ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്ന് രാജ്യം സ്വാതന്ത്ര്യം നേടിയെങ്കിലും ഇന്നും പല കാര്യങ്ങളിലും വൈദേശിക ആധിപത്യത്തിന്റെ അടയാളകള്‍ നിലനില്‍ക്കുകയാണെന്ന് റിട്ട. ഡിജിപി ജേക്കബ് തോമസ്. കേളപ്പജി ഉപ്പുസത്യഗ്രഹ സ്മൃതി യാത്രയുടെ കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണ്ണറില്‍ നടന്ന സമാപന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇത്തരം അടയാളങ്ങളെ ഇല്ലാതാക്കേണ്ടത് നാടിന്റെ പുരോഗതിക്ക് അത്യാവശ്യമാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ രൂപപ്പെട്ട സ്വദേശി ആശയം ഇന്നും സാക്ഷാത്ക്കരിക്കാന്‍ സാധിക്കാത്തതാണ് ഇവ നിലനില്‍ക്കാന്‍ കാരണം.

സ്വദേശി ആശയം എത്രമാത്രം ലക്ഷ്യത്തിലെത്തിയെന്ന് ഒരോ പൗരനും ചിന്തിക്കണം. അസമത്വത്തിനും അനീതിക്കുമെതിരെ പോരാടിയ കെ. കേളപ്പനെപ്പോലുള്ളവരെക്കുറിച്ച് പുതുതലമുറയ്ക്ക് ഇന്നും അവബോധം ഇല്ല. ഇതിനെല്ലാം കാരണം ഇന്നും രാജ്യത്തെ വിദ്യാഭ്യാസ മേഖലയിലടക്കം പിന്തുടരുന്ന വൈദേശിക ആധിപത്യത്തിന്റെ കാലത്തെ നയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
നാം ഉപയോഗിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഒട്ടുമിക്കതും വിദേശ നിര്‍മ്മിതങ്ങളാണ്. ഭാഷ, വേഷം, നീതിന്യായം എന്നീ മേഖലകളിലും വൈദേശിക ചിഹ്നങ്ങള്‍ അവശേഷിക്കുകയാണ്. ബ്രിട്ടീഷുകാരന്റെ ഭാഷയ്ക്ക് വേണ്ടി പലരും നിര്‍ബന്ധം പിടിക്കുകയാണ്. ഉദാത്തമായ സനാതന സംസ്‌ക്കാരത്തിന്റെ പാരമ്പര്യം ഉള്‍ക്കൊളളുന്ന നമ്മുടെമേല്‍ മറ്റ് രാജ്യങ്ങളെ ആശയങ്ങള്‍പോലും അടിച്ചേല്‍പ്പിക്കാന്‍ ചില ശക്തികള്‍ സദാ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സാങ്കേതികരംഗത്ത് സ്വാതന്ത്ര്യം ഇന്നും അന്യം നില്‍ക്കുകയാണ്.
ഇതെല്ലാം, കഴിഞ്ഞകാലങ്ങളില്‍ രാജ്യ ഭരിച്ചവര്‍ പുതുതലമുറയ്ക്ക് ഭാരതത്തിന്റെ പാരമ്പര്യത്തേക്കുറിച്ച് അവബോധം നല്‍കാത്തതിന്റെ ദുരന്തഫലമാണ്. താജ്മഹലിനെ ഇന്നും പ്രണയത്തിന്റെ മഹത്തായ സ്മാരകമായി കാണുന്നുവര്‍ എന്തുകൊണ്ട് രാമസേതു നല്ലൊരു സ്മാരകമാണെന്ന് പറയുന്നില്ലെന്ന് നാം ചിന്തിക്കണം.
കേളപ്പജി നയിച്ച ഉപ്പ് സത്യാഗ്രഹം പോലുളള ചരിത്ര നിമിഷങ്ങളെ സ്മരിക്കുന്നതിലൂടെ ഇത്തരം സാഹചര്യങ്ങള്‍ക്ക് മാറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്നും ജേക്കബ് തോമസ് പറഞ്ഞു.പി.കെ. ശ്രീധരന്‍ അധ്യക്ഷനായി. കാ ഭാ സുരേന്ദ്രന്‍, വത്സന്‍ തില്ലങ്കേരി എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ.കെ.കെ. ബാലറാം, അഡ്വ.എം.എ. നിസാര്‍, കേണല്‍ രാംദാസ്, ഡോ.ഷേണായി പങ്കെടുത്തു.












Click it and Unblock the Notifications