മലബാറിൻ്റെ മലയാറ്റൂരായ കൊട്ടത്തലച്ചി അധ്യാത്മിക - വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള റോഡ് തകർന്നു
ആലക്കോട്: കണ്ണുർ ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കൊട്ടത്തലച്ചി മലയിലേക്കുള്ള പ്രധാന പാതയായ പുളിങ്ങോം വാഴക്കുണ്ടം - ചൂരപ്പടവ് റോഡ് തകര്‍ന്ന് തരിപ്പണമായി ഗതാഗതയോഗ്യമല്ലാതായി.ഇതോടെ മലയോരത്തെ ഏറ്റവും പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ കൊട്ടത്തലച്ചി മലയിലേക്ക് സഞ്ചാരികൾ വരാൻ മടിക്കുകയാണ്. ഈ റോഡ് അറ്റകുറ്റപ്പണി നടത്തി ശരിയാക്കണമെന്ന് അധികൃതരോട് പ്രദേശവാസികൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും അവഗണിക്കുകയാണെന്നു പരാതിയുണ്ട്.
കാലാകാലങ്ങളായി അറ്റകുറ്റപണിയോ റീടാറിങോ ചെയ്യാത്തത് മൂലമാണ് റോഡ് ഇത്തരത്തില്‍ പൂർണമായും തകർന്നു കിടക്കുന്ന അവസ്ഥയിലായതെന്ന് പ്രദേശവാസികള്‍ പറയുന്നു. റോഡ് കടന്നു പോകുന്ന ചെറുപുഴ പഞ്ചായത്തിലെ ആറാം വാര്‍ഡ് കോൺഗ്രസും കേരള കോൺഗ്രസും മാറി മാറി ഭരിച്ചുവെങ്കിലും റോഡിന്റെ അവസ്ഥയ്ക്ക് പരിഹാരം കാണുവാൻ വര്‍ഷങ്ങളായി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പ്രദേശവാസികള്‍ രാഷ്ട്രീയ ആരോപണമായി ചൂണ്ടിക്കാട്ടുന്നുണ്ട്. ചെറുപുഴ പഞ്ചായത്തിലെ ഭരണമാറ്റവും രാഷ്ട്രീയ കളികളും റോഡിൻ്റെ പുനർനിർമ്മാണത്തിന് ഫണ്ട് അനുവദിക്കുന്നതിന് തിരിച്ചടിയായിട്ടുണ്ട്.

ഇതു കാരണം കഷ്ടത അനുഭവിക്കുന്നത് ആയിരത്തിലധികം ജനങ്ങളാണ്.
അഞ്ഞൂറിൽ പരം വീട്ടുകാരുടെ ഏക യാത്രമാർഗ്ഗമായ ഈ റോഡ് ഇപ്പോൾ കാൽനട യാത്രയ്ക്ക് പോലും പറ്റാത്ത അവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. വിഷയം പലകുറി പഞ്ചായത്ത് വികസന സമിതി യോഗത്തിൽ ചർച്ചയായിരുന്നുവെങ്കിലും പരിഹരിക്കാനാവശ്യമായ നടപടികൾ ആരുടെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ല. ടൂറിസ്റ്റ് കേന്ദ്രം മാത്രമല്ല മലബാറിലെ പ്രധാന അധ്യാത്മിക തീർത്ഥാടന കേന്ദ്രം കൂടിയാണ് കൊട്ടത്തലച്ചി മലബാറിന്റെ മലയാറ്റൂർ എന്നറിയപ്പെടുന്ന കൊട്ടത്തലച്ചി മലയിലേക്കുള്ള ഈ റോഡ് ഇത്തരത്തിൽ ഉപയോഗശൂന്യമായി പോകുന്നത് മൂലം പ്രതിസന്ധിയിലാകുന്നത് പൊതുജനങ്ങൾ മാത്രമല്ല വിശ്വാസികൾ കൂടിയാണ്.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു ബൈക്കോ ഓട്ടോയോ പോലും ഓടിക്കുവാനാവാത്ത അവസ്ഥയിലാണ് റോഡുള്ളത്. 1963 ൽ പണി തുടങ്ങി പെരിങ്ങോം വയക്കര പഞ്ചായത്തിൽ ഉൾപ്പെട്ടിരുന്ന വാഴക്കുണ്ടം- ചൂരപ്പടവ് റോഡ്, 1968 ൽ പഞ്ചായത്ത് ഏറ്റെടുക്കുകയും. 1985 ല്‍ 22 അടി വീതിയിൽ നാട്ടുകാരുടെ ശ്രമം ഫലമായി പണി കഴിപ്പിക്കുകയും ചെയ്തതാണ്. 1990 മുതൽ 200 മീറ്റർ വീതം ടാറിങ് നടത്തി, 1999 ആയപ്പോഴേക്കും ചൂരപ്പടവ് വരെ പണി തീർത്തു.പക്ഷെ പിന്നീടുളള റീ ടാറിംഗ് കൃത്യമായി നടക്കാത്തതിനാൽ, റോഡ് പൂർണ്ണമായും തകരുകയായിരുന്നു
പല ഘട്ടങ്ങളായി നാട്ടുകാർ മുൻകൈ എടുത്തു വെട്ടുകല്ല് റോഡിൽ പാകി കുഴികൾ അടച്ചു യാത്ര സജ്ജമാക്കിയെങ്കിലും, തുടർച്ചയായുള്ള മഴയും മറ്റും മൂലം അവ ഫലം കാണാതെ പോയി. എംഎൽഎയോ, എംപിയോ, പഞ്ചായത്തോ ഈ റോഡിന്റെ ശോചനീയാവസ്ഥ കണ്ട് നടപടികൾ എടുക്കാമെന്നു പറയുന്നതല്ലാതെ , മറ്റൊന്നും ചെയ്യുന്നില്ലെന്നാണ് പ്രദേശവാസികൾ പരാതിപ്പെടുന്നത്.












Click it and Unblock the Notifications