പപ്പാഞ്ഞി മോഡലില്‍ ഗവര്‍ണറുടെ കോലം പയ്യാമ്പലത്ത് കത്തിച്ച് എസ് എഫ് ഐ പ്രതിഷേധം
കണ്ണൂര്‍: ഫോര്‍ട്ട് കൊച്ചിയിലെ പപ്പാഞ്ഞിയുടെ മാതൃകയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് കണ്ണൂരില്‍ എസ്എഫ്ഐ പ്രതിഷേധം. കണ്ണൂര്‍ പയ്യാമ്ബലം ബീച്ചില്‍ 30 അടി ഉയരമുള്ള കോലമാണ് എസ്എഫ്ഐ കത്തിച്ചത്.എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലാണ് പ്രതിഷേധപരിപാടി നടത്തിയത്.
ഗവര്‍ണര്‍ക്കെതിരെയുളള സമരത്തിന്റെ തുടര്‍ച്ചയായാണ് കോലം കത്തിക്കലെന്നാണ് എസ്എഫ്ഐ നേതൃത്വം പറയുന്നത്. പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കിയത്. സര്‍വകലാശാലകളെ കാവിവത്ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ് എസ് ഐ ഉയര്‍ത്തുന്നത്.

ഗവര്‍ണര്‍ക്കെതിരെ കോളജുകളിലുടനീളം എസ് എഫ് ഐ ബാനറുകളുയര്‍ത്തിയിരുന്നു. ഗവര്‍ണര്‍ സഞ്ചരിക്കുന്ന വഴിയില്‍ ഉടനീളവും പ്രതിഷേധം ശക്തമാക്കുകയാണ് എസ്എഫ്ഐ വ്യാഴാഴ്ച ഡല്‍ഹിയില്‍നിന്നും കേരളത്തിലെത്തിയ ഗവര്‍ണര്‍ക്കുനേരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുളള കിടമത്‌സരം മുറുകുന്നതിനിടെ മന്ത്രിസഭാ പുന: സംഘടനയുടെ ഭാഗമായി രണ്ടു മന്ത്രിമാരുടെ സത്യപ്രതിഞ്ജാ ചടങ്ങില്‍ ഗവര്‍ണര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിനിടെയിലും എസ്. എഫ്. ഐ പ്രതിഷേധം തുടരുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് കണ്ണൂരിലും ഗവര്‍ണറുടെ കോലം കത്തിച്ചത്. മൂന്നാഴ്ച്ചകള്‍ക്കു മുന്‍പ് കണ്ണൂര്‍ പഴയബസ്‌സ്റ്റാന്‍ഡില്‍ ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകരും ഗവര്‍ണറുടെ കോലം കത്തിച്ചിരുന്നു.
സംഘി ഗവര്‍ണര്‍ഗോബാക്കെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ഗവര്‍ണര്‍ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ചത്. ഇതിനുശേഷവും ഇടതു യുവജനസംഘടനകള്‍ പ്രതിഷേധം തുടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കണ്ണൂരിലെ കോലം കത്തിക്കലെന്നാണ് വിലയിരുത്തല്‍. ഗവര്‍ണര്‍ക്കെതിരെ വരുംദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കുമെന്ന് എസ്. എഫ്. ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പരിപാടി ഉദ്ഘാടനം ചെയ്തു കൊണ്ടു പറഞ്ഞു.












Click it and Unblock the Notifications