മാതമംഗലത്തെ കട പൂട്ടാന്‍ കാരണം സിഐടിയു സമരമല്ല; കടയ്ക്ക് ലൈസന്‍സ് ഇല്ലെന്ന് തൊഴില്‍ മന്ത്രി
കണ്ണൂര്‍: മാതമംഗലത്തെ എസ് ആര്‍ അസോസിയേറ്റ് എന്ന ഹാര്‍ഡ് വെയര്‍ കട സി ഐ ടി യു നേതൃത്വത്തില്‍ നടന്ന തൊഴില്‍ സമരം കാരണമല്ലെന്ന് തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാത്തതാണ് കട പൂട്ടാന്‍ കാരണമെന്ന് മന്ത്രി പറഞ്ഞു. ഒരു സ്ഥാപനത്തിന് ലൈസന്‍സ് എടുക്കുകയും മൂന്ന് സ്ഥാപനങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. വിഷയത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ലൈസന്‍സ് ഇല്ലാത്ത സ്ഥാപനം അടച്ചുപൂട്ടാന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ശിവന്‍കുട്ടി വ്യക്തമാക്കി. ഇവിടെ തൊഴില്‍ വിഷയത്തില്‍ കഴിഞ്ഞ ആറു മാസമായി സി ഐ ടി യു സമരം നടത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ പരാതിയുണ്ടെങ്കില്‍ വകുപ്പ് തലത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി അറിയിച്ചു.
ഇക്കാര്യത്തില്‍ കൂടുതല്‍ വിശദാംശങ്ങള്‍ ലേബര്‍ കമീഷണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രശ്‌ന പരിഹാരത്തിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രി ഉറപ്പ് നല്‍കി. അതേസമയം സി ഐ ടി യു സമരം കാരണമാണ് കട പൂട്ടിയതെന്നാണ് ഉടമ റബീഅ് പറയുന്നത്. സാധനം വാങ്ങാന്‍ എത്തുന്നവരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും കട മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത സാഹചര്യമാണെന്നുമാണ് റബീഅ് പറയുന്നത്.

എഴുപത് ലക്ഷം മുതല്‍ മുടക്കി തുടങ്ങിയ സ്ഥാപനമാണ് മാസങ്ങള്‍ക്കകം പൂട്ടേണ്ടി വന്നതെന്നായിരുന്നു റിപ്പോര്‍ട്ട്. 2021 ആഗസ്റ്റ് രണ്ടാം തീയതിയാണ് മാതമംഗലത്ത് എസ് ആര്‍ അസോസിയേറ്റ്‌സ് എന്ന ഹാര്‍ഡ്‌വെയര്‍ ഷോപ്പ് തുടങ്ങിയത്. തൃശൂര്‍ ആസ്ഥാനമായി സിമന്റ് വ്യാപാരം നടത്തുന്ന സ്റ്റാര്‍ എന്റര്‍പ്രൈസസ് ഉടമ കെ എ സബീലുമായി പാര്‍ട്ണര്‍ഷിപ്പിലാണ് സ്ഥാപനം തുടങ്ങിയത്.
കടയിലേക്ക് ആവശ്യമായ സാധനങ്ങള്‍ ഇറക്കാന്‍ സ്വന്തം തൊഴിലാളികള്‍ക്ക് ഹൈക്കോടതി മുഖാന്തിരം ലേബര്‍ കാര്‍ഡും വാങ്ങിയിരുന്നു. എന്നാല്‍ അന്ന് തന്നെ സി ഐ ടി യുക്കാര്‍ ലോഡ് ഇറക്കുന്നത് തടയുകയും ഉടമയെ മര്‍ദിക്കുകയും ചെയ്തുവെന്നാണ് പരാതി. പൊലീസ് ഇടപെട്ട് കേസെടുത്തതോടെ തൊഴില്‍ നിഷേധം എന്നാരോപിച്ച് കടയ്ക്ക് മുന്നില്‍ സി ഐ ടി യു പന്തല്‍ കെട്ടി സമരം ആരംഭിക്കുകയായിരുന്നു. തൊഴില്‍ നിഷേധത്തിനെതിരാണ് സമരമെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് സി ഐ ടി യു നല്‍കുന്ന വിശദീകരണം.












Click it and Unblock the Notifications